റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കുടുംബത്തിന് സൗദി ഭരണകൂടത്തിന്റെ സഹായം. ഖഷോഗിയുടെ കുട്ടികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വീടുകളും ദയാധനവും നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി ഉദ്യോഗസ്ഥരേയും ഖഷോഗിയുടെ കുടുംബത്തേയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

കൂടാതെ കുട്ടികള്‍ക്ക് പ്രതിമാസം ധനസഹായം ലഭിക്കും. എന്നാല്‍ എത്രയാണ് തുകയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. വരും മാസങ്ങളില്‍ ഖഷോഗിയുടെ ഘാതകര്‍ കുറ്റക്കാരാണെന്ന് വിധിക്കുന്ന വേളയില്‍ മാത്രമായിരിക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. നേരത്തേയും ഖഷോഗിയുടെ കുടുംബത്തിന് സൗദി സഹായധനം നല്‍കിയിട്ടുണ്ട്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഖഷോഗിക്ക് ഉളളത്.

ഖഷോഗിയുടെ കൊലപാതകത്തില്‍ ലോകത്താകമാനം പ്രതിഷേധം ഉയര്‍ന്നെങ്കിലും കുടുംബം പ്രതികരണം നടത്തിയിരുന്നില്ല. ഇത് ലക്ഷ്യമിട്ടാണ് സൗദി നേരത്തേ സഹായം നല്‍കിയതെന്നാണ് നിഗമനം. തങ്ങളുടെ സംസ്കാരത്തിനും ആചാരത്തിനും അനുസരിച്ചാണ് സഹായം നല്‍കുന്നതെന്നും മറ്റൊരു ഉദ്ദേശ്യത്തോടെയല്ല സഹായമെന്നും സൗദി ഭരണകൂടത്തിന് കീഴിലുളള ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷോഗിയെ ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി എംബസിയില്‍വച്ച് 15 അംഗ സൗദി കൊലയാളി സംഘം കൊലപ്പെടുത്തി മൃതദേം തുണ്ടംതുണ്ടമാക്കി നശിപ്പിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡില്‍ ഇട്ട് നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊലപാതകം ആദ്യം നിഷേധിച്ച സൗദി അറേബ്യ രാജ്യാന്തര സമ്മര്‍ദ്ദം വന്നതോടെ പതിനൊന്ന് പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. വധത്തിനു പിന്നില്‍ സൗദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന സിഐഎയുടെ കണ്ടെത്തല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയിരുന്നു. തങ്ങളുടെ അറിവില്ലാതെയാണ് സൗദി ഉദ്യോഗസ്ഥര്‍ ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് സൗദി അവകാശപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ