ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ലെജിസ്ലേച്ചർ പാർട്ടി (സിഎല്‍പി) യോഗം ഇന്ന് ചേരും. അശോക് ഗെലോട്ടിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഗെലോട്ട് പക്ഷത്തുള്ള ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതിന് പിന്തുണ നല്‍കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേരുന്നത്. സംസ്ഥാന ഗ്രാമവികസന മന്ത്രി രാജേന്ദ്ര സിംഗ് ഗുധ എംഎൽഎ വാജിബ് അലി എന്നിവരും സച്ചിനെ പിന്തുണയ്ക്കുന്നവരില്‍ ഉള്‍പ്പെടുന്നു.
ലോക്സഭാ എംപി കൂടിയായ ശശി തരൂര്‍ നാമനിര്‍ദേശ പത്രിക ശനിയാഴ്ച ഔദ്യോഗികമായി വാങ്ങിച്ചു. ഓക്ടോബര്‍ 17-നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വോട്ടെടുപ്പ് നടക്കും.
വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഗെലോട്ട് ഔദ്യോഗിമായി സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചങ്കിലും എന്നായിരിക്കുമെന്ന് വ്യക്തമാക്കിയില്ല. സിഎല്‍പി യോഗം വിളിക്കാനുള്ള പാര്‍ട്ടി തീരുമാനം ഗെലോട്ടിന്റെ രാജി മുന്‍നിര്‍ത്തിക്കൂടിയാണ്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായിരിക്കും യോഗത്തിന് മേല്‍നോട്ടം വഹിക്കുക. ഇന്ന് രാത്രി ഏഴ് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് യോഗം.
രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കനും ഖാര്‍ഗെയെ അനുഗമിക്കും. അടുത്ത മുഖ്യമന്ത്രിയാരായിരിക്കുമെന്നത് ഹൈ കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഗെലോട്ട് പറഞ്ഞത്.
ഗെലോട്ട് മുഖ്യമന്ത്രിയകണമെന്നാണ് ഗാന്ധി കുടുംബത്തിന്റെ താത്പര്യവും. മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ഗെലോട്ട് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. അതിനാല്‍ സ്വഭാവികമായും ഗെലോട്ട് രാജി വയ്ക്കേണ്ടതായി വന്നേക്കും.