ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ചരക്ക് സേവന നികുതി കൗൺസിൽ കോവിഡ് മരുന്നുകളുടെയും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. കോവിഡ് -19 മരുന്നുകളായ റെംഡെസിവിറിന്റെ നിരക്ക് 12 ൽനിന്ന് അഞ്ചാക്കി കുറച്ചു. കോവിഡ് പരിശോധന കിറ്റിന്റെ നികുതിയും 12 ൽനിന്നും അഞ്ചു ശതമാനമാക്കി കുറച്ചിട്ടുണ്ട്.
44-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ ഇവയാണ്:
- വാക്സിനുകൾക്ക് അഞ്ച് ശതമാനം നികുതി നിരക്ക് ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു
- കോവിഡ് -19 മരുന്നുകളായ റെംഡെസിവിർ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ തുടങ്ങിയ ഉപകരണങ്ങളുടെ നികുതി നിരക്ക് കുറച്ചു.
- ടോസിലിസുമാബ്, ആംഫോട്ടെറിസിൻ ബി എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് കുറച്ചിട്ടുണ്ട്. റെംഡെസിവിർ, ഹെപ്പാരിൻ പോലുള്ള ആന്റി കോഗുലന്റുകൾ എന്നിവയുടെ നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.
- മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ബൈപാപ്പ് മെഷീനുകൾ, ഹൈ ഫ്ലോ നാസൽ കാനൂല (എച്ച്എഫ്എൻസി) ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.
- കോവിഡ് ടെസ്റ്റിങ് കിറ്റുകൾക്കുള്ള നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്
- പൾസ് ഓക്സിമീറ്ററുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, താപനില പരിശോധന ഉപകരണങ്ങൾ എന്നിവയുടെ നികുതിയും 5 ശതമാനമാക്കി കുറച്ചു
യോഗത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനകാര്യ മന്ത്രിമാർ, യുടിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.