കട്ടപ്പന: ഭാര്യ ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിനിരയായത് നേരിട്ടുകണ്ടതിന്റെ ഞെട്ടലിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷ്. ഭർത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ സന്തോഷ് (32) റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇസ്രായേൽ അഷ്കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാണ് അഷ്കെലോൺ.
ആക്രമണത്തിന് ഏതാനും നിമിഷം മുൻപാണ് സൗമ്യ സന്തോഷിനെ വാട്സാപ് കോളിൽ വിളിച്ചത്. റോക്കറ്റ് ആക്രമണം നടക്കുന്നുണ്ടെന്നും ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്നറിയില്ലെന്നും പറഞ്ഞ് കരഞ്ഞുകൊണ്ടാണ് സൗമ്യ സംസാരിച്ചത്. എന്തോ ഒന്ന് വലിയ സ്ഫോടന ശബ്ദത്തോടെ സൗമ്യയ്ക്കു സമീപിക്കുന്നതു സന്തോഷ് കണ്ടു. പിന്നെ പുക മാത്രമാണ് ഫോണിൽ കണ്ടത്. പിന്നാലെ കോൾ നിലച്ചു. തിരിച്ചു വിളിച്ചെങ്കിലും കിട്ടിയില്ല.
സന്തോഷിന്റെ സഹോദരി ഷേർളിയും അഷ്കെലോണിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സംഭവം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞ് ഇവർ വീട്ടിലേക്കു വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 10 വർഷമായി അഷ്കെലോണിലെ വീട്ടിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്ന രണ്ടു വർഷം മുൻപാണ് വീട്ടിൽ വന്ന് തിരിച്ചുപോയത്. ഈ വർഷം വരാൻ കരുതിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ യാത്ര നീളുകയായിരുന്നു.
ജെറുസലേമിൽ ആഴ്ചകളോളം നീണ്ട പ്രശ്നങ്ങൾക്കൊടുലിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. ഗാസയിൽ ഇസ്രയേൽ പുതുതായി വ്യോമാക്രമണം അഴിച്ചുവിട്ടു, നിരവധി സായുധരും സാധാരണക്കാരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹമാസ് തെക്കൻ ഇസ്രായേലിനെ ലക്ഷ്യമാക്കി നൂറുകണക്കിന് റോക്കറ്റുകൾ വർഷിച്ചു.
തിങ്കളാഴ്ച സൂര്യോദയം മുതൽ ഇതുവരെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 26 ഫലസ്തീനികൾ ഗാസയിൽ കൊല്ലപ്പെട്ടു. വ്യോമാക്രമണങ്ങളിലാണ് ഭൂരിഭാഗവും കൊല്ലപ്പെട്ടത്. മരിച്ചവരിൽ 16 പേരെങ്കിലും സായുധരാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ഗാസയിൽ നിന്ന് വർഷിച്ച റോക്കറ്റുകളിലൊന്ന് തെക്കൻ നഗരമായ അഷ്‌കെലോണിലെ വീടുകളിൽ പതിച്ചാണ് സ്ത്രീകൾ കൊല്ലപ്പെട്ടത്. ഇപ്പോഴത്തെ സംഘർഷങ്ങളിൽ ഇസ്രയേലിലെ ആദ്യ മരണമാണിത്. മറ്റ് 10 ഇസ്രായേലികൾക്ക് പരുക്കേറ്റിട്ടുമുണ്ട്.