ബെംഗളൂരു: 23 കാരിയായ മലയാളി യുവതിയെ റാപ്പിഡൊ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (നവംബര്‍ 25) സംഭവം.
അടുത്ത ദിവസം ശരീരവേദനയെ തുടർന്ന് യുവതി ക്ലിനിക്കിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളുടെയും ഇവരെ സഹായിക്കുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സ്ത്രീകളുടെയും പേരുകള്‍ പുറത്ത് വിട്ടിട്ടില്ല. അന്വേഷണത്തെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് വിശദീകരണം.
യുവതിയൊരു ഫ്രീലാന്‍സ് ഡിസൈനറാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സുഹൃത്തിന്റെ അടുത്ത് നിന്ന് മടങ്ങുന്നതിനായി ബൈക്ക് ടാക്സി വിളിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ ഡ്രൈവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് പ്രതാപ് റെഡ്ഡി അറിയിച്ചു.
അടുത്ത ദിവസം, പ്രതികളിലൊരാൾ യുവതിയുടെ സുഹൃത്തിനെ വിളിച്ച് യാത്രിക്കിടെ യുവതി ബോധരഹിതയായിരുന്നെന്നും ശേഷം അഭയം നൽകിയതായും പറഞ്ഞതായി പോലീസ് കൂട്ടിച്ചേർത്തു. സുഹൃത്ത് പ്രതിയുടെ വാക്കുകള്‍ വിശ്വസിക്കുകയും യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
പിന്നീടാണ് യുവതിക്ക് ശരീര വേദന അനുഭവപ്പെട്ടത്. ശരീരത്തില്‍ നിന്ന് ചതവുകള്‍ കണ്ടെത്തുകയും ചെയ്തു. ക്ലിനിക്കിലെ ഡോക്ടറാണ് ബലാത്സംഗം നടന്ന കാര്യം സ്ഥിരീകരിച്ചത്. പരാതി നല്കാന് യുവതി മടിച്ചിരുന്നെങ്കിലും ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പരാതിക്ക് പിന്നാലെ തന്നെ പൊലീസ് പ്രതികളെ പിടികൂടി. പ്രതികളിലൊരാള്‍ സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.