scorecardresearch
Latest News

നിതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്, കേന്ദ്രഭരണപ്രദേശങ്ങളിൽ ഏറ്റവും പിന്നിൽ ഡൽഹി

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ മേഖലയിലെ പ്രകടനം അളക്കുന്ന വാർഷിക ആരോഗ്യ സൂചിക 2017 മുതലാണ് നിതി ആയോഗ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്

covid, covid cases, ie malayalam
Representative Image

ന്യൂഡൽഹി: ആരോഗ്യമേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നിതി ആയോഗിന്റെ ഹെൽത്ത് ഇൻഡെക്സിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നിലെത്തിയതായി ഇന്ത്യൻ എക്സ്പ്രസിനു വിവരം ലഭിച്ചു. 2020-21 വർഷത്തെ പരിഗണിച്ച് തയ്യാറാക്കിയ ഹെൽത്ത് ഇൻഡെക്സിലാണ് കേരളം മികച്ച പ്രകടനം കാഴ്ച വച്ചത്. ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുരയാണ് മികച്ച പ്രകടനം നടത്തിയത്. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹി ഏറ്റവും അവസാന സ്ഥാനത്താണ്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ മേഖലയിലെ പ്രകടനം അളക്കുന്ന വാർഷിക ആരോഗ്യ സൂചിക 2017 മുതലാണ് നിതി ആയോഗ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 24 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സ്‌കോർ നിശ്ചയിക്കുന്നത്. കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.

2020-21 (അഞ്ചാമത്തെ) വർഷത്തെ ആരോഗ്യ സൂചിക റിപ്പോർട്ട് 2022 ഡിസംബറോടെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നുവെങ്കിലും ഇതുവരെ പരസ്യമാക്കിയിട്ടില്ല. അതേസമയം, റിപ്പോർട്ട് നിതി ആയോഗ് ആരോഗ്യ മന്ത്രാലയവുമായി പങ്കിട്ടതായി അറിയുന്നു. റിപ്പോർട്ട് യഥാസമയം പുറത്തുവിടുമെന്നാണ് നിതി ആയോഗ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്.

ഓരോ വർഷത്തെയും പുരോഗതി, മൊത്തത്തിലുള്ള പ്രകടനം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആരോഗ്യ സൂചികയിൽ ഉൾപ്പെടുത്തുന്നത്. വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ എന്നിങ്ങനെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രത്യേകം തരംതിരിച്ചിരിക്കുന്നു. തുടർന്ന് അവയുടെ സ്കോറുകൾ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്നു.

ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള പ്രകടനം കണക്കാക്കി തയ്യാറാക്കിയ 19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമാണ് ഒന്നാം സ്ഥാനത്ത്. തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബിഹാർ (19), ഉത്തർപ്രദേശ് (18), മധ്യപ്രദേശ് (17) എന്നീ മൂന്നു സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്. 2019-20 ലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020-21 ലെ മികച്ച മൂന്ന് പ്രകടനക്കാരായി രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ മുന്നിലെത്തി.

എട്ടു ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ത്രിപുരയാണ് മികച്ച പ്രകടനം നടത്തിയത്. സിക്കിമും ഗോവയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അരുണാചൽപ്രദേശ് (6), നാഗാലൻഡ് (7), മണിപ്പൂർ (8) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ പിന്നിലുള്ളത്. എട്ടു കേന്ദ്രഭരണപ്രദേശങ്ങളിൽ ലക്ഷദ്വീപ് ഒന്നാം സ്ഥാനം നേടി. ഡൽഹിയാണ് ഏറ്റവും പിന്നിൽ.

2021 ഡിസംബർ 27 ന് പ്രസിദ്ധീകരിച്ച 2019-20 ലെ ആരോഗ്യസൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും തമിഴ്നാടുമാണ് മുന്നിലെത്തിയത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മിസോറാം, ത്രിപുര, സിക്കിം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. മണിപ്പൂർ (6), അരുണാചൽപ്രദേശ് (7), നാഗാലൻഡ് (8) എന്നിവയായിരുന്നു ഏറ്റവും പിന്നിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ദാദ്ര നഗർ ഹവേലിയായിരുന്നു മുന്നിൽ. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളായിരുന്നു പിന്നിൽ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kerala tamil nadu telangana top states in covid year delhi worst ut health index