കൊച്ചി: കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി യുടെ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചത് അശാസ്ത്രീയമായി. ഇലക്ട്രിക് ലൈനുകൾ വൈദ്യുതി പോസ്റ്റിൽ നിന്ന് ഭൂമിക്കടിയിലേക്ക് നീളുന്ന ഭാഗം നടപ്പാതയ്ക്ക് മുകളിൽ കൂടിയാണ് പോകുന്നത്. യാത്രക്കാർ ഇത് കടന്ന് വച്ച് വേണം മുന്നോട്ട് പോകാൻ.
മെട്രോപൊളിറ്റൻ മുഖച്ഛായ കൈവരിക്കുന്ന കൊച്ചിയ്ക്ക് പൂർണ്ണമായ നാഗരിക കാഴ്ചയൊരുക്കുമെന്നാണ് കെ.എം.ആർ.എല്ലും, ഡി.എം.ആർ.സി യും ഉറപ്പുനൽകിയത്. ഇതിനായാണ് ഭൂമിക്ക് മുകളിലായിരുന്ന വൈദ്യുതി കന്പികൾ ഭൂമിക്ക് അടിയിലേക്ക് മാറ്റിയത്. ഏറ്റവും സുരക്ഷിതമായ വഴിയാണ് ഇത്.
തീർത്തും അശാസ്ത്രീയമായ നിലയിൽ വൈദ്യുതി ലൈനുകൾ സ്ഥാപിച്ചതോടെ മുൻപത്തേതിനേക്കാൾ അപകടകരമാണ് ഇപ്പോഴത്തെ നില. നടപ്പാതയ്ക്ക് മുകളിൽ കൂടിയല്ലാതെ ടെർമിനലിൽ നിന്ന് താഴേക്ക് വൈദ്യുതി ലൈനുകൾ സ്ഥാപിച്ച ഇടങ്ങളുണ്ട്.
“ഇത് അണ്ടർ ഗ്രൗണ്ട് കേബിൾ എന്ന് പറഞ്ഞിട്ട് ഇങ്ങിനെയാണ് ഇവർ ചെയ്ത് വച്ചിരക്കുന്നത്. വൈദ്യുതി പ്രവഹിക്കുന്ന കേബിൾ ചവിട്ടി നടന്നുപോകുന്നത് എത്രത്തോളം സുരക്ഷിതമാണ്?” ആൽബിൻ ചോദിക്കുന്നു.

ആൽബിൻ
കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് മുന്നിൽ പാതയോരത്ത് കച്ചവടം നടത്തുന്ന ഷേർലിയ്ക്ക് ഇത് വൈദ്യുതി ലൈനുകളാണെന്ന് അറിയില്ലായിരുന്നു. “ഇതിൽ നിന്ന് ഷോക്കേൽക്കില്ലേ മോനേ? , അയ്യോ, എങ്ങിനെയാ ഇതിലൂടെ നടക്കുക” ഭയം വ്യക്തമാക്കി അവർ പറഞ്ഞു.
ഈ വൈദ്യുതിലൈനുകൾ മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് കെ.എസ്.ഇ.ബി സെൻട്രൽ റീജിയൻ ചീഫ് എഞ്ചിനീയർ സി.വി നന്ദൻ പറഞ്ഞു. “75 ശതമാനം ജോലികൾ പൂർത്തീകരിച്ചു. ഇതിൽ 250 മീറ്റർ ഇടവിട്ടാണ് വൈദ്യുതി തൂണുകൾ ഉള്ളത്. സാധാരണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ തൂണുകളിലാണ്.കേബിളിൽ പ്രശ്നം ഉണ്ടാകാറില്ല. പിന്നെ, എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ഒരു കാര്യം ചെയ്യാനൊത്തെന്ന് വരില്ല. നമ്മളിപ്പോൾ വികസ്വര രാജ്യമല്ലേ. വികസിത രാജ്യമാകുന്പോൾ വികസിത രാജ്യങ്ങളിലേത് പോലെ കാര്യങ്ങൾ നടക്കണമെന്ന് വാശിപിടിക്കുന്നതിൽ അർത്ഥമില്ല” -അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണിൽ നിന്ന് ടെർമിനലിലേക്കുള്ള കേബിളിന്റെ ഭാഗം നടപ്പാതയുടെ മധ്യത്തിൽ നിന്ന് മുകളിലേക്ക് ഉയരുന്നത് കാണാം. നഗരത്തിന്റെ എല്ലാ ഭാഗത്തും ഇതല്ല സ്ഥിതിയെങ്കിലും അശാസ്ത്രീയമായ ഈ പ്രവൃത്തി അപകടം ക്ഷണിച്ച് വരുത്തുന്നതാണ്.

കൊച്ചിയിൽ നിർമ്മാണം പൂർത്തിയായ കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ നടപ്പാതയിൽ വൈദ്യുതി ലൈനുകൾ യാത്രക്കാർക്ക് തടസ്സമായി സ്ഥാപിച്ചിരിക്കുന്നു
കലൂരിൽ ഹോട്ടൽ വ്യാപാരിയായ “നഗരത്തിൽ രണ്ട് മൂന്ന് ഇടത്ത് ഇങ്ങിനെ കേബിൾ പുറത്ത് കിടക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കസ്റ്റംസ് ഓഫീസിന് സമീപത്ത് ഇതിനേക്കാൾ വലിയ പൈപ്പാണ് പുറത്ത് കിടക്കുന്നത്. ആദ്യം കരുതിയത് നിർമ്മാണം പൂർത്തിയാകാത്തത് കൊണ്ടാകുമെന്നാണ്. എന്നാൽ നടപ്പാതയിൽ ടൈൽസ് വിരിച്ച് കഴിഞ്ഞപ്പോൾ അങ്ങിനെയല്ലെന്ന് മനസ്സിലായി.
അല്ലലില്ലാത്ത യാത്രയ്ക്ക് മെട്രോ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് കാൽനടയാത്രികർക്ക് തീർത്തും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. മെട്രോ നിർമ്മാണം പൂർത്തിയാകുന്പോഴേക്കും കാനയോട് ചേർന്നുള്ള യൂട്ടിലിറ്റി ഡക്കിൽ കേബിളുകൾ എല്ലാം വച്ച് അടയ്ക്കുമെന്ന് മാധ്യമങ്ങളുടെ ചുമതലയുള്ള കെ.എം.ആർ.എൽ അധികൃത രശ്മി പറഞ്ഞു. സിവിൽ വിഭാഗത്തിലെ എഞ്ചിനീയർമാരോട് ഇക്കാര്യത്തെ കുറിച്ച് തിരക്കുമെന്നും അവർ വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook