ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ സർവ്വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ ബുക്കിങ്ങ് വ്യാഴാഴ്ച്ച രാവിലെ പത്ത് മണിമുതൽ ആരംഭിച്ചു. നേത്രാവതി, മംഗള, ജനശതാബ്ദി എന്നിവ ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് നടത്തും. ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് അകത്തേക്കും പുറത്തേക്കുമായി അഞ്ച് പ്രത്യേക തീവണ്ടി സർവ്വീസ് ആണ് ആരംഭിക്കുന്നത്. ടൈം ടേബിൾ അടിസ്ഥാനമാക്കി ദിനംപ്രതി 200 ട്രെയിൻ സർവീസുകളാണ് ജൂൺ ഒന്നു മുതൽ പുതുതായി ആരംഭിക്കുക.
മുംബൈ ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്, നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്‌സ്‌പ്രസ്, നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്‌പ്രസ്, കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്.
Read More: നേത്രാവതി, തുരന്തോ, മംഗള, ജനശതാബ്ദി: ജൂൺ ഒന്നുമുതലുള്ള ട്രെയിൻ സർവീസുകൾ അറിയാം
കേരളത്തിൽ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് ആഴ്ച്ചയിൽ അഞ്ച് ദിവസം സർവ്വീസ് നടത്തും. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ് എല്ലാ ദിവസവും ഉണ്ടാകും. എല്ലാ ട്രെയിനുകളും സ്പെഷ്യൽ ട്രെയിനുകളായി സ്ഥിരം റൂട്ടിൽ തന്നെയാണ് ഓടുക.
നോൺ എസി കോച്ചുകളോടു കൂടെയായിരിക്കും തുരന്തോ ട്രെയിനുകൾ സർവീസ് നടത്തുക. കൊങ്കൺ വഴിയുള്ള ട്രെയിനുകളാണ് കേരളത്തിലേക്ക് സർവീസ് പുനരാരംഭിച്ചിട്ടുള്ളത്. ഐആർസിടിസിയുടെ വെബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം മാത്രമാണ് ഉണ്ടാവുക എന്നും റെയിൽവേ അറിയിച്ചു. നൂറ് ട്രെയിൻ സർവ്വീസുകൾ പുനരാംരംഭിക്കാനാണ് നിലവിൽ റെയിൽവേയുടെ തീരുമാനം. ജനറൽ കോച്ചുകളിലടക്കം റിസർവേഷൻ ഉണ്ടാകും.
ഓൺലൈൻ വഴി മാത്രമാണ് ട്രെയിനുകളിൽ ബുക്കിങ്ങ് അനുവദിക്കുക. നോൺ എസി ട്രെയിനുകളാവും ഇവ. ഇരു ദിശയിലേക്കുമായി 100 ജോഡി ട്രെയിനുകളാണ് സർവീസ് നടത്തുക. സാധാരണ ഈ ട്രെയിനുകൾ നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കും.
ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായാണ് റെയിൽവെ ആരംഭിക്കുക. മേയ് 12ന് തുടങ്ങിയ ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.