ന്യൂഡല്‍ഹി : രാജ്യത്ത് ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്തതായ 20,664 കേസുകളില്‍ 10,377 കേസുകള്‍ കേരളത്തില്‍. ഡെങ്കിപ്പനി ബാധിച്ചു മരണപ്പെട്ട ഇരുപത്തിരണ്ടു പേരില്‍ പതിനെട്ടും കേരളത്തില്‍. ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചതാണീ കാര്യം.

ജൂലൈ 9 വരെയുള്ള കണക്കുകള്‍ ആണിത്. തമിഴ് നാടും മഹാരാഷ്ട്രയുമാണ്‌ ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ കേരളത്തിനു തൊട്ടുപിന്നിലായുള്ളത് എന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ പറയുന്നു.

തമിഴ്നാട്ടില്‍ 4,407 ഡെങ്കി കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്തത്. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രാദേശിലും യഥാക്രമം 372ഉം 97ഉം കേസുകളും. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഡെങ്കിപ്പനി ബാധിച്ച ഒരാള്‍ വീതം മരിച്ചപ്പോള്‍.
മറ്റൊരു ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഹരിയാനയില്‍ നിന്നാണ്.

കര്‍ണാടകത്തില്‍ 2,193 പേരും ആന്ധ്രാപ്രദേശില്‍ 633 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം 1,29,166 ഡെങ്കിപ്പനി കേസുകളും 245 മരണവുമായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷം ജൂണ്‍ വരെയായി ഡെങ്കിപ്പനി തടയുന്നതിനായുള്ള 1,793 കിറ്റുകള്‍ രാജവ്യാപകമായി നല്‍കി എന്നും കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ