തിരുവനന്തപുരം: ദുരിത സാഹചര്യത്തില്‍ കേരളത്തിലേക്ക് പ്രത്യേക റിലീഫ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നും വിമാന നിരക്കുകള്‍ കൂട്ടരുത് എന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശം.

തിരുവനന്തപുരം, കോഴിക്കോട്, എന്നീ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതും വന്നെത്തുന്നതുമായ വിമാനങ്ങളുടെ ടിക്കറ്റ്‌ വില, വിമാന സെക്ടറുകള്‍ തമ്മിലുള്ള ദൂരം കണക്കാക്കി ‘ഒപ്ടിമല്‍’ ആയി നിലനിര്‍ത്താന്‍ ഉറപ്പു വരുത്തണം. യാത്രക്കാര്‍ക്ക് ഒരുതരത്തിലുള്ള അസൗകര്യം ഉണ്ടാകാന്‍ പാടില്ലെന്ന് ഡിജിസിഎ നിർദ്ദേശിച്ചു.

കൊച്ചി വിമാനത്താവളം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് വരെ വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് തിരിച്ചു വിടാനും ഡിജിസിഎ നിര്‍ദ്ദേശമുണ്ട്. കൊച്ചിയിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതിനെ തുടര്‍ന്ന് ബെംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിക്കാനായി പ്രത്യേക ‘റിലീഫ്’ വിമാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നും ഡിജിസിഎ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടതായി  പ്രസ്താവനയില്‍ പറയുന്നു.

Read More: മഴക്കെടുതിക്കിടയിൽ കൊളളയടിക്കാൻ എയർലൈനുകൾ, തിരുവനന്തപുരത്തുനിന്നും പറക്കാൻ പത്തിരട്ടി വില വർധന

കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വിമാന യാത്ര വലിയ കടമ്പയായിത്തന്നെ തുടരുന്നു. കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നീ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ എയര്‍ലൈന്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത്‌ യാത്രക്കാരെ പ്രയാസത്തിലാക്കി.

തിരുവനന്തപുരത്തു നിന്നും​ മെട്രോ നഗരങ്ങളിലേക്കുള്ള വിമാനയാത്രാനിരക്കുകൾ പത്തിരട്ടിയോളം വർധിച്ചതായാണ് ബുക്കിങ് സൈറ്റുകളിൽ കാണാൻ കഴിയുന്നത്. തിരുവനന്തപുരത്തു നിന്നും ബെംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രാനിരക്കുകളിലാണ് വമ്പിച്ച വർധന ഉണ്ടായിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ