ജലന്ധര്‍: പഞ്ചാബില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. സഹോദരന്‍ ദസൂയയില്‍ എത്തിയ ശേഷമാകും പോസ്റ്റ്മോര്‍ട്ടം നടക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് പോലീസ് പോസ്റ്റ്മോര്‍ട്ടം മാറ്റി വെച്ചത്.

ഇന്നലെ 9 മണിക്ക് സ്വന്തം മുറിയിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീ ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളക്കലിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച വൈദികനായിരുന്നു ഇദ്ദേഹം. ഫ്രാങ്കോക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കന്യാസ്ത്രീകള്‍ക്ക് ഇദ്ദേഹം ഉറച്ച പിന്തുണയും നല്‍കിയിരുന്നു. ഇന്നലെ വരെ ഇടവകയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന വൈദികനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതിയും മൊഴിയും നൽകിയ വൈദികൻ മരിച്ച നിലയിൽ

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് സഹോദരൻ ജോസ് കാട്ടുതറ ആരോപിച്ചിട്ടുണ്ട്. ആലപ്പുഴയിൽ എസ്.പി ഓഫിസിൽ ഇതു സംബന്ധിച്ച് അദ്ദേഹം പരാതി നല്‍കി.

“ഫ്രാങ്കാക്ക് ജാമ്യം ലഭിച്ചപ്പോൾ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, ഇനി നമ്മൾ തമ്മിൽ കാണാൻ സാധ്യതയില്ലന്നും സഹോദരൻ പറഞ്ഞിരുന്നു. കന്യാസ്ത്രീകൾ പരാതി പറഞ്ഞിരുന്നത് ഫാദർ കുര്യക്കോസിനോടായിരുന്നു. ഇതിന്റെ ശത്രുത എപ്പോഴും ഫ്രാങ്കോക്ക് ചേട്ടനോടുണ്ടായിരുന്നു” ജോസ് പറഞ്ഞു.

ദസൂയയിലെ സിവില്‍ ഹോസ്പിറ്റലിലാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് സഹോദരന്‍ പഞ്ചാബില്‍ എത്തിയ ശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തൂ എന്ന് പഞ്ചാബ് പോലീസ് അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook