ഝാന്‍സി: കേരളത്തില്‍ നിന്നുള്ള കന്യസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായ അഞ്ജല്‍ അര്‍ജാരിയ ഹിന്ദു ജഗ്രന്‍ മഞ്ജ് എന്ന സംഘടനയിലും ഗോ രക്ഷ സമതിയിലും അംഗമാണ്.
ഝാന്‍സിയിലെ ജിആർപി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാന്‍സി ജില്ലാ മജിസ്ട്രേറ്റ് ആന്ദ്ര വാംസി പറഞ്ഞു. “ക്രമസമാധാന ലംഘനത്തിനുള്ള സിആർപിസി വകുപ്പ് പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. മാർച്ച് 19 ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്,” മജിസ്ട്രേറ്റ് പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ടവർക്കെതിരെ ജില്ലാ ഭരണകൂടവും പോലീസും കർശന നടപടിയെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. രണ്ടുപേരെയും ചോദ്യം ചെയ്യലിനായി കൊണ്ടുവന്നതായി ഝാന്‍സി ജിആർപി എസ്എച്ച്ഒ സുനിൽ കുമാർ സ്ഥിരീകരിച്ചു. കന്യാസ്ത്രീകളുമായി ഇരുവരും ട്രെയിനിൽ യാത്ര ചെയ്തില്ലെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എത്രയും പെട്ടെന്ന് സംഭവത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഷായുടെ വാക്ദാനം. എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുമുള്ള അക്രമവും നടന്നിട്ടില്ല എന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ പക്ഷം.