/indian-express-malayalam/media/media_files/2024/10/29/0GM4okYPPZ1vKEpUhrXu.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
Kerala News Highlights: പത്തനംതിട്ട കലഞ്ഞൂർ രാക്ഷസൻപാറയിൽ പുലി കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൊണിയിലാണ് പുലി കുടുങ്ങിയത്. ഏറെക്കാലമായി പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വനംവകുപ്പ് പുലിയുടെ സാനിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കെണി സ്ഥാപിക്കാൻ തീരുമാനമായത്. മുൻപ് നിരവധി തവണ കൊണി സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. ഇന്നു പുലർച്ചയോടെയാണ് പുലി കെണിയിൽ അകപ്പെട്ടത്.
- Oct 29, 2024 20:02 IST
ദിവ്യ 14 ദിവസം റിമാൻഡിൽ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാൻഡിൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജാരാക്കി.
കണ്ണൂർ മജിസ്ട്രേറ്റ് ചുമതല കൈമാറിയതിനെ തുടർന്നാണ് തളിപ്പറമ്പിൽ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്.
- Oct 29, 2024 18:09 IST
ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റിനെ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് ദിവ്യയുടെ വൈദ്യ പരിശോധന പുരോഗമിക്കുന്നത്. നേരത്തെ കണ്ണപുരത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും.
- Oct 29, 2024 17:33 IST
ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍-വിഡി സതീശൻ
കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായെന്നും സതീശന്‍ പ്രതികരിച്ചു.
- Oct 29, 2024 16:59 IST
കീഴടങ്ങിയതെന്ന് ദിവ്യ: കസ്റ്റഡിയിലെടുത്തതെന്ന് പോലീസ്:
മുൻകൂർ ജാമ്യം നിഷേധിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് പിപി ദിവ്യ പോലീസിന് മുന്നിലേക്കെത്തുന്നത്. ദിവ്യയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുമ്പോൾ കീഴടങ്ങാൻ എത്തുകയായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്. ഇതോടെ ദിവ്യയുടെ കീഴടങ്ങലിലും സിപിഎം-പോലീസ് തിരക്കഥയുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
കണ്ണൂർ കണ്ണപ്പുരത്ത് റോഡിൽ വെച്ചാണ് ദിവ്യ പോലീസിന് മുന്നിൽ അകപ്പെടുന്നത്. ഡ്രൈവറും ദിവ്യയുമായിരുന്നു കാറിലുണ്ടായിരുന്നത്. കണ്ണപ്പുരത്ത് വെച്ച് പോലീസ് ദിവ്യയുടെ വാഹനം തടയുന്നു. താൻ കീഴടങ്ങാൻ വരികയായിരുന്നുവെന്നാണ് ദിവ്യ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. അതേ സമയം കണ്ണപ്പുരത്ത് വെച്ച് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാറും അവകാശപ്പെടുന്നു.
- Oct 29, 2024 16:15 IST
കോഴവിവാദം; അന്വേഷണ കമ്മിഷനെ നിയമിച്ച് എൻസിപി
തോമസ് കെ. തോമസ് എംഎൽഎയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന കോഴ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കാൻ എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നാലംഗ കമ്മിഷനെ നിയമിച്ചു.
എൻ.സി.പി. (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി.എം. സുരേഷ് ബാബു, ലതികാ സുഭാഷ്, അച്ചടക്ക സമിതി ചെയർമാൻ പ്രൊഫ. ജോബ് കാട്ടൂർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ. രാജൻ എന്നിവരടങ്ങുന്ന നാലംഗ സമിതിയെ 10 ദിവസത്തിനുള്ളിൽ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ചുമതലപ്പെടുത്തിയതായി എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു.
- Oct 29, 2024 15:55 IST
ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.
- Oct 29, 2024 14:49 IST
പിപി ദിവ്യ കീഴടങ്ങി
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിലാണ് ദിവ്യ കീഴടങ്ങിയത്. നേരത്തെ തലശേരി സെക്ഷൻ കോടതി പിപി ദിവ്യയുടെ ജാമ്യഹർജി തള്ളിയിരുന്നു
- Oct 29, 2024 14:38 IST
ദിവ്യ ഇന്ന് കീഴടങ്ങും?; കണ്ണൂരില്‍ തന്നെയെന്ന് സൂചന
നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കീഴടങ്ങാന്‍ സാധ്യത ഉയര്‍ന്നത്. സിപിഎം നേതൃത്വവും ഇക്കാര്യം അവരെ അറിയിച്ചതായാണ് സൂചന. കണ്ണൂരില്‍ തന്നെ ദിവ്യ ഉണ്ടെന്നാണ് വിവരം. അതിനിടെ ദിവ്യ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
- Oct 29, 2024 14:37 IST
'ആഗ്രഹിച്ച വിധി, ദിവ്യയെ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു'
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു. ദിവ്യയെ പൊലീസിന് തുടക്കത്തിലേ അറസ്റ്റ് ചെയ്യാമായിരുന്നു. വിഷയത്തില്‍ നിയമപോരാട്ടത്തിനാണ് കുടുംബം ഇറങ്ങിയത്. ഏതറ്റം വരെ പോകാനും കുടുംബം ഒരുക്കമാണെന്നും പ്രവീണ്‍ ബാബു പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Oct 29, 2024 13:51 IST
നവീൻ ബാബുവിനെ അപമാനിക്കാനും അപഹസിക്കാനും പി.പി ദിവ്യ ശ്രമിച്ചെന്ന് കോടതി
എഡിഎം നവീൻ ബാബുവിനെ അപമാനിക്കാനും അപഹസിക്കാനും പി.പി ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്. തന്റെ സഹപ്രവർത്തക്കാരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനം നൊന്ത് മറ്റു വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയതെന്നും കോടതി പറയുന്നു.
- Oct 29, 2024 13:48 IST
ടെക്കിയുടെ കൊലപാതകം; പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം
ഇന്ത്യക്കാരിയായ ടെക്കിയുടെ കൊലപാതകത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ പൊലീസ്. ബെംഗളൂരു സ്വദേശിനിയായ പ്രഭ അരുണ്‍കുമാര്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കുത്തറ്റായിരുന്നു മരണം.
- Oct 29, 2024 12:57 IST
പി.പി ദിവ്യ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ, മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തിൽ,പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സാധ്യത.
- Oct 29, 2024 12:08 IST
ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ
- Oct 29, 2024 10:59 IST
നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസെടുത്തു പൊലീസ്
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ പടക്കം സൂക്ഷിച്ച കെട്ടിടത്തിനു തീപിടിച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസെടുത്തു പൊലീസ്. ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ 7 പേർക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us