scorecardresearch

'കേന്ദ്ര വിമര്‍ശനമുണ്ടെങ്കിലും ഭരണഘടനാ ചുമതല നിര്‍വഹിച്ചു' ; ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍

Kerala News Highlights: ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തനായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായ്യെന്നും എംവി ഗോവിന്ദൻ പറഞ്ഞു

Kerala News Highlights: ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തനായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായ്യെന്നും എംവി ഗോവിന്ദൻ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
MV Govindan | Cpim state secretary

Kerala News Highlights

Kerala News Highlights: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിച്ച ഗവര്‍ണറുടെ നടപടിയെയാണ് എം വി ഗോവിന്ദന്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകീര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെങ്കിലും അതിന്റെ പേരില്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നത് സ്വാഗതാര്‍ഹമാണ്. ഗോവിന്ദന്‍ ലേഖനത്തില്‍ പറഞ്ഞു.

Advertisment

ഇടതുമുന്നണി ലക്ഷ്യംവെയ്ക്കുന്ന നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും വ്യത്യസ്തനായി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ ഗവര്‍ണര്‍ തയ്യാറായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഗവര്‍ണറുടെ ഭാഗത്തു നിന്നും സമാനമായ സമീപനം പ്രതീക്ഷിക്കുന്നു.

ബിഹാറിലേക്ക് സ്ഥലംമാറിപ്പോയ മുന്‍ ഗവര്‍ണര്‍ കഴിഞ്ഞ വര്‍ഷം പോലും ഒന്നര മിനിറ്റ് മാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാന്‍ കഴിയുന്നതല്ല. രണ്ട് മണിക്കുറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വരച്ചിട്ടത് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവകേരള നിര്‍മാണത്തിന്റെ പുരോഗതിയാണെന്നും എംവി ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.

  • Jan 23, 2025 21:26 IST

    കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാൻ ശ്രമം തുടങ്ങി

    മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാൻ ശ്രമം തുടങ്ങി. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് ആരംഭിച്ചിരിക്കുന്നത്.



  • Jan 23, 2025 19:53 IST

    ആന്ധ്രാപ്രദേശിൽ 17 കാരൻ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

    ആന്ധ്രാപ്രദേശിൽ 17 കാരനായ വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. അനന്തപൂരിൻ്റെ നാരായണ ജൂനിയർ കോളേജിലാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പരീക്ഷയിൽ തോൽക്കുമെന്ന് കുട്ടി ഭയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.



  • Advertisment
  • Jan 23, 2025 19:13 IST

    പിപിഇ കിറ്റിൽ ക്രമക്കേട്; സി എ ജി റിപ്പോർട്ട് തളളി ആരോ​ഗ്യമന്ത്രി

    കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ ക്രമക്കേട് നടന്നുവെന്ന സി എ ജി റിപ്പോർട്ട് തളളി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും സർക്കാർ ആശുപത്രികളിലൂടെ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്നും വീണാ ജോർജ് സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി.



  • Jan 23, 2025 17:36 IST

    കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി പിടിയിൽ

    കഠിനംകുളം ആതിര കൊലക്കേസിൽ പ്രതി പ്രതി ജോൺസൺ ഔസേപ്പ് പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



  • Jan 23, 2025 16:31 IST

    ആന്താരാഷ്ട്ര വനിതാ ദിനം; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍: ആരോഗ്യമന്ത്രി

    2025 മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടൊപ്പം ഐടി പാര്‍ക്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും ഇന്റേണല്‍ കമ്മിറ്റികളുള്ള സ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. പത്തോ പത്തിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണല്‍ കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.



  • Jan 23, 2025 15:46 IST

    ആന എഴുന്നള്ളിപ്പ്; കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി

    ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്.



  • Jan 23, 2025 14:01 IST

    എലപ്പുള്ളിയില്‍ ബ്രൂവറിക്കുള്ള സർക്കാർ അനുമതി: വിമര്‍ശനവുമായി പാലക്കാട് രൂപത

    എലപ്പുള്ളി ബ്രൂവറി അനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ പാലക്കാട് രൂപത. സർക്കാർ നീക്കം ദുരൂഹവും ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിൽ മാത്രമല്ല, ജില്ലയിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാകും. കുടിക്കാനും കൃഷിക്കും വെള്ളമില്ലെങ്കിൽ പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കും എന്ന് ബിഷപ്പ് പ്രസ്താവനയിൽ പറഞ്ഞു.



  • Jan 23, 2025 12:41 IST

    വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

    മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്തെ വി എസിന്റെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. രാവിലെ പത്തുമണിയോടെ എത്തിയ ഗവര്‍ണര്‍, 20 മിനിറ്റോളം വി എസിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.

    കോളജ് പഠനകാലം മുതല്‍ താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ മുതല്‍ വിഎസിനെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.



  • Jan 23, 2025 12:06 IST

    ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി, തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ

    ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.

    ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽ വിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.

    ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.



  • Jan 23, 2025 12:04 IST

    റിപ്പബ്ലിക് ദിനാചരണം വിമാനത്താവളങ്ങളിൽ കർശന പരിശോധന നേരത്തെ എത്തണമെന്ന് അധികൃർ

    റിപ്പബ്ലിക് ദിനാചരണത്തിൻറെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തുന്ന സാഹചര്യത്തിൽ യാത്രക്കാരോട് പരമാവധി നേരത്തെ എത്താൻ അധികൃതർ നിർദേശിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളിൽ വിമാനത്താവളത്തിലെ പരിശോധന ഉൾപ്പടെയുള്ള പ്രക്രിയകൾക്ക് കുടുതൽ സമയം എടുക്കുന്ന  സാഹചര്യത്തിലാണ് യാത്രക്കാരോട് പരമാവധി നേരത്തെ എത്താൻ വിമാനത്താവള അധികൃതർ നിർദേശം നൽകിയത്. 



  • Jan 23, 2025 11:59 IST

    പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍

    അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

    ബുധനാഴ്ച രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്. ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: