/indian-express-malayalam/media/media_files/zIFJGx3CPUFwlyGc3z0B.jpeg)
തെക്കു കിഴക്കൻ കേരള തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകും.
Kerala News Highlights: തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കി. റിമാല്‍ എന്നാണ് ചുഴലിക്കാറ്റിന് നൽകിയ പേര്. ഇത് പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ മറ്റന്നാളത്തോടെ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്.
തെക്കു കിഴക്കൻ കേരള തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകും. ന്യൂനമർദ്ദത്തിന്റെ ഭാഗമായി പെയ്യുന്ന മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ആലപ്പുഴയിൽ വീടിന് മുകളിൽ മരം വീണു; കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം
തോരാതെ പെയ്യുന്ന മഴയെ തുടർന്ന് സംസ്ഥാനത്ത് മഴക്കെടുതികളും രൂക്ഷം. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ആലപ്പുഴ പുറക്കാട്ട് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചുകുട്ടിയുൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കോട്ടയത്ത് തോട്ടിൽ മീൻപിടിക്കാൻ പോയ യുവാവ് വെള്ളത്തിൽ വീണു മരിച്ചു.
ഇന്നും തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്.
- May 23, 2024 21:38 IST
കാന്‍ ഫിലിം ഫെസ്റ്റിവൽ: സന്തോഷ് ശിവന് പ്രത്യേക പുരസ്‌ക്കാരം
2024ലെ കാന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നല്‍കുന്ന പ്രത്യേക പുരസ്‌ക്കാരം വിഖ്യാത ഇന്ത്യന്‍ ഛായാഗ്രഹകനും മലയാളിയുമായ സന്തോഷ് ശിവന് നാളെ സമ്മാനിക്കും. പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സന്തോഷ് ശിവന്‍.
- May 23, 2024 20:30 IST
ഷാരൂഖ് ഖാൻ അഹമ്മദാബാദിലെ ആശുപത്രി വിട്ടു
ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഹമ്മദാബാദിലെ ആശുപത്രി വിട്ടു. ഇന്നലെയാണ് സൂര്യാഘാതമേറ്റ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഷാരൂഖിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിവ് സൂര്യാഘാതമേറ്റത്.
- May 23, 2024 19:27 IST
മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യത; പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223 പേരെയാണ് ഇതുവരെ മാറ്റി പാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
- May 23, 2024 18:24 IST
കെമിക്കൽ കമ്പനിയിൽ ഉഗ്രസ്‌ഫോടനത്തിൽ 6 പേർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ താനെയിൽ കെമിക്കൽ കമ്പനിയിൽ ഉഗ്രസ്‌ഫോടനത്തിൽ 6 പേർക്ക് ദാരുണാന്ത്യം. 48ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യവസായ മേഖലയായ ഡോംബിവ്‌ലിയിലെ എംഐഡിസി സെക്കൻഡ് ഫേസിലുള്ള അംബാർ കെമിക്കൽ കമ്പനിയിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ ഞെട്ടിക്കുന്ന സ്‌ഫോടനം ഉണ്ടായത്.
- May 23, 2024 17:55 IST
ജീവിത നിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം
ഓക്‌സ്‌ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ജീവിത നിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രൻ. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിങ്ങനെ അഞ്ച് വിഭാഗത്തെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇതിൽ ജീവിത നിലവാരത്തിന്റെ സൂചികയിൽ തലസ്ഥാന നഗരമാണ് ഇന്ത്യയിൽ ഒന്നാമത്.
- May 23, 2024 17:03 IST
മൈക്കൽ സ്‌റ്റാറേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച്
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിക്കേൽ സ്റ്റാറേ. 17 വർഷത്തോളം പരിശീലകനായി അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 48കാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
📊 Mikael Stahre's preferred formation is 3-4-3. #KBFCpic.twitter.com/4Phsf3jfUS
— KBFC XTRA (@kbfcxtra) May 23, 2024 - May 23, 2024 16:28 IST
ഇല്ലാത്ത പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം; രാജീവ് ചന്ദ്രശേഖറിന് ട്രോൾമഴ
കേരളത്തില്‍ ഇല്ലാത്ത പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം നേര്‍ന്ന് ട്രോളേറ്റു വാങ്ങി കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. 'കേരളത്തിലെ പ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ ദുഖമുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ എക്‌സിലും ഫേസ്ബുക്കിലും കുറിച്ചത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അപകടത്തിൽപെട്ടവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം എക്സിൽ എഴുതി.
- May 23, 2024 15:57 IST
നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് തിരുവല്ലയില്‍
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നതിനുമായി നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. തിരുവല്ല കൊമ്പാടി എ. എം. എം. ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് 25 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കുന്ന കോണ്‍ക്ലേവില്‍ കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
- May 23, 2024 14:43 IST
മലങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു
ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി മലങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. പുഴയില്‍ വെള്ളം കൂടാന്‍ സാധ്യതയുള്ളതിനാല്‍ തൊടുപുഴയാറിന്‍റെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
- May 23, 2024 14:40 IST
തുറവൂർ ദേശീയപാതയിൽ 3 മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
കനത്ത മഴയെ തുടർന്ന് ആലപ്പുഴ തുറവൂരിൽ ദേശീയപാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാക്കേ കടവ് വഴി ഗതാഗതം തിരിച്ചു വിട്ടെങ്കിലും ഏറെ നേരം ഇവിടെയും ഗതാഗതക്കുരുക്ക് ഉണ്ടായി. ചമ്പക്കുളം, മങ്കൊമ്പ് തുടങ്ങി കുട്ടനാട്ടിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കോട്ടയത്ത് നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണം തുരുത്ത് സ്വദേശി വിമോദ് കുമാർ എന്ന നാൽപ്പതുകാരനാണ് മരിച്ചത്.
- May 23, 2024 13:30 IST
കൊച്ചിയിൽ വീടുകളിൽ വെള്ളം കയറി
കനത്ത മഴയെ തുടർന്ന് കൊച്ചിയിലെ തമ്മനത്ത് ശാന്തിപുരം കോളനിയില്‍ 60 ഓളം വീടുകളില്‍ വെള്ളം കയറി. നഗരത്തിലെ പ്രധാന പാതകളിലടക്കം വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും മഴ തുടരുകയാണ്. ആലപ്പുഴ-തുറവൂര്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മൂന്ന് മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു.
- May 23, 2024 13:00 IST
രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യാനമർദ്ദത്തിന്റെ ഭാഗമായി പെയ്യുന്ന മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
- May 23, 2024 12:28 IST
വിമാനങ്ങൾ റദ്ദാക്കി
മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് സർവ്വീസ് റദ്ദാക്കിയിരിക്കുന്നത്. റിയാദ്, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.
- May 23, 2024 12:12 IST
കുളവാഴ വെച്ച് പ്രതിഷേധം
തൃശ്ശൂർ നഗരസഭയിലെ വെള്ളക്കെട്ടിന് കാരണം കോർപ്പറേഷന്റെ അനാസ്ഥയാണെന്ന് പ്രതിപക്ഷം. വിഷയത്തിൽ ഇടപെടേണ്ട മേയർ ദുരിത സമയത്ത് വിനോദയാത്രയ്ക്ക് പോയിരിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. റോഡിൽ കുളവാഴയുമായി എത്തിയാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
- May 23, 2024 11:52 IST
തൃശ്ശൂരിലെ വെള്ളക്കെട്ടിൽ ഇടപെട്ട് കളക്ടർ
കനത്ത മഴയിൽ തൃശ്ശൂർ നഗരത്തിലുണ്ടായ വെള്ളക്കെട്ടിന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. കോർപ്പറേഷൻ പരിധിയൽ ഓടകൾ വൃത്തിയാക്കാത്തതാണ് അപ്രതീക്ഷിതമായ വെള്ളക്കെട്ടിന് കാരണമായതെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിഷയത്തിൽ കോർപ്പറേഷന്റെ വിശദീകരണം കളക്ടർ ആവശ്യപ്പെടുന്നത്.
- May 23, 2024 11:30 IST
മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു
മഴ കനത്ത സാഹചര്യത്തിൽ മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ തുറന്നതോടെ ജലനിരപ്പ് ഉയാരാൻ സാധ്യതയുള്ള മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.