scorecardresearch

Kerala News Live Updates: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് വക്താവ് രാധിക ഖേര പാർട്ടിവിട്ടു

Kerala News Live Updates: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി

Kerala News Live Updates: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Radhika Khera | Congress

Photo: X/ Harsh Tiwari

Kerala News Live Updates: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി. കുറച്ച് കാലങ്ങളായി ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി രാധികയ്ക്ക് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ നിർമല സാപ്രെ ബിജെപിയിൽ ചേർന്നതും കോൺഗ്രസിനു തിരിച്ചടിയായി.

Advertisment

പുരുഷ മേധാവിത്വ മാനസികാവസ്ഥയുള്ള ആളുകളെ തുറന്നുകാട്ടുമെന്നും രാധിക പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും രാധിക ട്വീറ്റ് ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച പിന്നാലെ വലിയ തോതിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് പാർട്ടിയിൽ നേരിട്ടത്.

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ഇന്നു രാവിലെയാണ് സംഭവം. നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.

ആറുപേരടങ്ങുന്ന റൂമിലാണ് കൊല്ലം സ്വദേശിയായ യുവതി താമസിച്ചിരുന്നത്. യുവതി ഗർഭിണിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇന്നു രാവിലെയോടെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം പുറത്തിറങ്ങാതായതോടെ കൂട്ടുകാർ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Advertisment

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. കാമുകനിൽനിന്നും ഗർഭം ധരിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

  • May 05, 2024 21:14 IST

    ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന് സംപ്രേഷണ വിലക്ക്

    ഇസ്രയേലില്‍ അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച് നെതന്യാഹു സര്‍ക്കാര്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടു. മന്ത്രിസഭാ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ ചാനല്‍ ഇസ്രയേലിലെ സംപ്രേഷണം അവസാനിപ്പിച്ചു.



  • May 05, 2024 20:20 IST

    ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിര്‍ണായക വിജയം

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നിര്‍ണായക വിജയം. പഞ്ചാബ് കിങ്‌സിനെതിരെ 28 റണ്‍സ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ 139 റണ്‍സിന് പിടിച്ചുകെട്ടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.



  • May 05, 2024 18:42 IST

    പഞ്ചാബ് കിങ്‌സിന് 168 റണ്‍സ് വിജയലക്ഷ്യം

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് ചെറിയ വിജയലക്ഷ്യം. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് അടിച്ചുകൂട്ടാനേ കഴിഞ്ഞുള്ളൂ. 26 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.



  • May 05, 2024 17:12 IST

    യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

    താനൂരിൽ നാലംഗ സംഘം മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നത്. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണ ശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.



  • May 05, 2024 16:30 IST

    ഗുസ്തി താരം ബജ്‌റങ് പൂനിയയ്ക്ക് താൽക്കാലിക സസ്പെൻഷൻ

    ഗുസ്തി താരം ബജ്‌റങ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് നടപടി. സാമ്പിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു.



  • May 05, 2024 15:46 IST

    അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

    അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



  • May 05, 2024 15:24 IST

    പ്രജ്വൽ രേവണ്ണ മറ്റന്നാൾ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും

    ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വൽ രേവണ്ണ മറ്റന്നാൾ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവിൽ പ്രജ്വൽ മസ്കറ്റിലാണ് ഉള്ളതെന്നാണ് സൂചന. പ്രജ്വലിന്‍റെ അച്ഛനും എംഎൽഎയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.



  • May 05, 2024 14:43 IST

    പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിലെടുത്തു

    പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം തുടരുന്നു. പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഭീകരർക്ക് ഇവരിൽനിന്നും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യും.



  • May 05, 2024 13:43 IST

    എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നുവെന്ന് ബംഗാൾ ഗവർണർ

    തന്നെ വലിച്ച് താഴെയിടാന്‍ ശ്രമമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. താന്‍ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയിലാണ് ഗവർണറുടെ പ്രതികരണം.



  • May 05, 2024 13:09 IST

    പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് മരിച്ചനിലയില്‍ കണ്ടത്. ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.



  • May 05, 2024 12:30 IST

    മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

    മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ (82) അന്തരിച്ചു. കേളത്ത് തൃശ്ശൂർ പൂരത്തിൽ നിറഞ്ഞു നിന്ന കലാകാരനായിരുന്നു. നാല് പതിറ്റാണ്ടോളം തൃശ്ശൂർ പൂരത്തിന്റെ ഭാഗമായിരുന്നു.



  • May 05, 2024 12:29 IST

    പത്തനംതിട്ടയിൽ ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചു, ദാരുണാന്ത്യം

    പത്തനംതിട്ടയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റയാളെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ പതിനേഴുകാരന് ദാരുണാന്ത്യം. നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തിൽ സഹദിദ്(27) ആണ് സുഹൃത്തിനെ ഉപേക്ഷിച്ചു പോയതെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 



  • May 05, 2024 12:12 IST

    മൂന്നാം ഘട്ട വോട്ടെടുപ്പ്: 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മേയ് ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 



  • May 05, 2024 11:51 IST

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 6,585 രൂപയും ഒരു പവന് 52,680 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: