/indian-express-malayalam/media/media_files/DxDqmHQ8zIbz5dXFMSDy.jpg)
തനിക്കെതിരായ ഈ അതിക്രമങ്ങളൊന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു
Kerala News Highlights: സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തനിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ തനിക്കെതിരെ തെരുവിൽ നടത്തിയത് പ്രതിഷേധങ്ങളല്ല ആക്രമണമാണെന്ന് ഗവർണർ പറഞ്ഞു. തീർത്തും ജനാധിപത്യ വിരുദ്ധമായ ആക്രമണങ്ങളാണ് തനിക്കെതിരെ നടന്നത്. എന്നാൽ തനിക്കെതിരായ ഈ അതിക്രമങ്ങളൊന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് തനിക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. എന്നാൽ അക്രമങ്ങൾ ജനാധിപത്യപരമല്ലെന്നും ഇതിലും ഭീകരമായ ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
മാസപ്പടി കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇ.ഡി
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി കേസിൽ കുരുക്ക് മുറുക്കാൻ ഇ.ഡി. മാസപ്പടി കേസിൽ സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, സിഎംആർഎല്ലിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്. ശശിധരൻ കർത്തക്ക് ചോദ്യം ചെയ്യലിനെത്താൻ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് കർത്തയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കർത്തയേയും സിഎംആർഎൽ ഉദ്യോഗസ്ഥരേയും മണിക്കൂറുകളോളമാണ് ഇ.ഡി ചോദ്യം ചെയ്തത്.
സിഎംആർ എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള ഇ.ഡിയുടെ നീക്കം. ചോദ്യം ചെയ്യൽ തടയണമെന്ന ഹർജിയിൽ ഇത് പൂർണ്ണമായും നിർത്തിവെയ്ക്കാൻ കോടതി പറഞ്ഞിട്ടല്ല എന്നുള്ളതാണ് ഇ.ഡിയുടെ തിരക്കിട്ട നീക്കത്തിന് പിന്നിലെ കാരണം. ഇഡിക്കെതിരെ ശശിധരൻ കർത്തയും 3 ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കകയുള്ളൂ. ആ സമയത്തിനുള്ളിൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് ഇ.ഡിയുടെ നീക്കം.
- Apr 20, 2024 20:36 IST
ആളുമാറി വോട്ടുചെയ്യൽ: നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ 84-ാം ബൂത്തിലെ വോട്ടറായ 91കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍.
- Apr 20, 2024 19:31 IST
നിപ വന്നിട്ട് പതറിയില്ല, പിന്നെയാണോ ഈ വൈറസ്: കെ.കെ. ശൈലജ
തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. നിപ വൈറസ് വന്നിട്ട് താൻ പതറിയില്ലെന്നും പിന്നെയാണോ ഈ വൈറസിനു മുന്നിലെന്നും അവർ ചൂണ്ടിക്കാണിച്ചു. സഹിക്കാവുന്നതിന് പരിധിയുണ്ട്. വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്. തൻ്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി. സൈബർ ആക്രമണത്തിന് പിന്നിൽ ഒരു സംഘമുണ്ട്. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങൾക്ക് തന്നെയറിയാമെന്നും കെ.കെ. ശൈലജ പറഞ്ഞു.
- Apr 20, 2024 17:56 IST
പെരുമാറ്റച്ചട്ടലംഘനം; രണ്ടു ലക്ഷം പരാതികളില്‍ നടപടി
ലോക്സഭ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് ലഭിച്ച പരാതികളില്‍ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 2,06,152 പരാതികളിലാണ് നടപടി സ്വീരിച്ചത്. മാര്‍ച്ച 16 മുതല്‍ ഏപ്രില്‍ 20 വരെ സി വിജില്‍ ആപ്പിലൂടെ മൊത്തം ലഭിച്ചത് 2,09,661 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുകയാണെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.
- Apr 20, 2024 17:22 IST
രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുന്നു: എം.വി. ഗോവിന്ദൻ
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി എവിടെയും പറഞ്ഞില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്ത് കേസിന്റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന് രാഹുൽ പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
- Apr 20, 2024 16:19 IST
പിവിആറും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചു
പിവിആർ സിനിമാസും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായി. ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് തർക്കം പരിഹരിച്ചത്. വ്യക്തത വരാതിരുന്ന ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായത്.
- Apr 20, 2024 14:55 IST
തിരഞ്ഞെടുപ്പ് രംഗത്തേക്ക് കള്ളപ്പണമെത്തുന്നത് ചെറുക്കുമെന്ന് നിർമ്മല സീതാരാമൻ
തിരഞ്ഞെടുപ്പ് രംഗത്തേക്ക് കള്ളപ്പണമെത്തുന്നത് ചെറുക്കുമെന്നും ഇതിനായി കൂടിയാലോചന നടത്തുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന സൂചനയാണ് ഇതിലൂടെ ധനമന്ത്രി നൽകുന്നത്. കേന്ദ്ര സർക്കാരിനെതിരായ പ്രധാന പ്രചരണ വിഷയമായി പ്രതിപക്ഷം ഇലക്ടറൽ ബോണ്ടുകൾ ഉയർത്തുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
- Apr 20, 2024 13:39 IST
കർണാടകയിൽ സീറ്റ് കുറയുമെന്ന ആശങ്കയില്ലെന്ന് ബിജെപി
കർണാടകയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന സർവ്വേ പ്രവചനം പുറത്ത് വന്നതിന് പിന്നാലെ സീറ്റുകൾ കുറയുമെന്ന ആശങ്കയില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച ജെ ഡി എസുമായുള്ള സഖ്യം ഇരു പാർട്ടികൾക്കും ഗുണം ചെയ്യുമെന്നും ബിജെപി സംസ്ഥാനാധ്യക്ഷനും എംഎൽഎയുമായ വിജയേന്ദ്ര പറഞ്ഞു. സീറ്റ് കുറയുമോ എന്ന തരത്തിലുള്ള ആശങ്ക ബിജെപിക്ക് ഇല്ല. വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്നിട്ടും ഒന്നും ചെയ്യാത്ത കോൺഗ്രസ് സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും വിജയേന്ദ്ര പറഞ്ഞു.
- Apr 20, 2024 12:54 IST
സംസ്ഥാനവും കേന്ദ്രവും ചേർന്ന് പൂരം കുളമാക്കിയെന്ന് കെ.മുരളീധരൻ
നന്നായി നടന്നുവന്ന തൃശ്ശൂർ പൂരം സംസ്ഥാനവും കേന്ദ്രവും ചേർന്ന് കുളമാക്കിയെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. കുടമാറ്റം വരെ വളരെ ഭംഗിയായി നടന്നുവന്ന പൂരം പൊലീസിന്റെ ധാർഷ്ട്യത്തോടെയുള്ള സമീപനം മൂലമാണ് നിർത്തിവെക്കേണ്ടി വന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
- Apr 20, 2024 12:22 IST
വീട്ടിലെത്തിയുള്ള വോട്ടിൽ വീണ്ടും കള്ളവോട്ട് പരാതി
വീട്ടിലെത്തിയുള്ള വോട്ടിങ്ങിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. കണ്ണൂർ മണ്ഡലത്തിലായ വയോധികയായ വോട്ടറുടെ വോട്ടിലാണ് പരാതിയുമായി എൽഡിഎഫ് എത്തിയിരിക്കുന്നത്. കെ കമലാക്ഷി എന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആരോപണം. കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവൽ ഓഫീസർ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ സമാനമായ രീതിയിൽ വയോധികയുടെ വോട്ട് സിപിഎം നേതാവ് ചെയ്തെന്ന പരാതിയും ഉയർന്നിരുന്നു.
- Apr 20, 2024 11:41 IST
കർണാടകയിൽ കോൺഗ്രസ് മുന്നേറ്റമെന്ന് സർവ്വേ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസിനൊപ്പമെന്ന് സർവേ പ്രവചനം. കർണാടകയിൽ കോൺഗ്രസ് 15 മുതൽ 17 സീറ്റ് വരെ നേടുമെന്നാണ് ലോക്പോൾ സർവേ പ്രവചിക്കുന്നത്. ആകെ 28 സീറ്റുള്ള കർണാടകയിൽ ബിജെപിക്ക് 11-13 സീറ്റ് വരെയാണ് സർവ്വേ പ്രവചിക്കുന്നത്. 2019 ൽ ബിജെപി തൂത്തുവാരിയ സംസ്ഥാനമാണ് കർണാടക. ഇത്തവണ ജെഡിഎസിനേയും ഒപ്പം നിർത്തിയാണ് ബിജെപിയുടെ പോരാട്ടമെങ്കിലും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചുവെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. ലോക്പോളിന്റെ കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രവചനം കൃത്യമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.