/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
Kerala News Highlights
പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള നിരോധനം തുടരും. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കലക്ടര്‍ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്.
- Sep 25, 2025 21:15 IST
സൈബർ അധിക്ഷേപം; കെ.എം. ഷാജഹാൻ കസ്റ്റഡിയിൽ
കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
- Sep 25, 2025 20:16 IST
നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസ്; മുൻ സർക്കാർ അഭിഭാഷകന് തടവ്
നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസിൽ
ഹൈക്കോടതിയിലെ മുൻ സർക്കാർ അഭിഭാഷകന് ഒരു വർഷം തടവ്. അഡ്വ.ധനേഷ് മാത്യൂ മാഞ്ഞൂരാനെയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. പ്രതി 10,000 രൂപ പിഴ ഒടുക്കണം. 2016 ജൂലൈ 14 വൈകീട്ട് 7ന് എറണാകുളം കോൺവെൻ്റ് റോഡിൽ വച്ചാണ് പ്രതി യുവതിയെ കടന്നുപിടിച്ചത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. - Sep 25, 2025 19:09 IST
സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജയെ തിരഞ്ഞെടുത്തു
സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജയെ തിരഞ്ഞെടുത്തു. ചണ്ഡീഗഡിൽ നടന്ന പാർട്ടി കോൺഗ്രസ് ഐകകണ്ഠേന ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ദേശീയ കൗൺസിലാണ് ഔദ്യോഗിക തീരുമാനം എടുത്തത്.ഇത് മൂന്നാം തവണയാണ് 76 കാരനായ ഡി രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
- Sep 25, 2025 17:16 IST
മോഹൻലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാര വേദിയിലെ മോഹൻലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. രണ്ടു വരികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും വരികൾ അല്ല പ്രസംഗത്തിന്റെ ആകെത്തുകയാണ് നോക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
- Sep 25, 2025 16:16 IST
എല്ലാ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്നത്: മന്ത്രി എം.ബി രാജേഷ്
മാലിന്യം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും എല്ലാ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്നതാണെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയ്ക്കധികം പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒന്നും പാഴ് വസ്തുകളല്ല. കക്കൂസ് മാലിന്യങ്ങളില്‍ നിന്നും കറന്റ് ഉത്പാദിപ്പിക്കാവുന്ന തരത്തിലുള്ള മാലിന്യ സംസ്‌കാരത്തിലേക്കാണ് ഇന്ന് കേരളം എത്തിയിരിക്കുന്നത്. വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാലിന്യ സംസ്‌കരണ പ്ലാന്റ്, ജൈവ അജൈവ വളം നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്‌കരണം എന്ന് കേള്‍ക്കുമ്പോള്‍ മൂക്ക് പൊത്തി നടക്കുന്നതും അടുത്തുകൂടി പോവാന്‍ കൂടി കഴിയില്ല എന്നു കരുതുന്നതും വെറും തെറ്റിദ്ധാരണയാണ്. മാലിന്യം സംസ്‌കരിക്കാതിരിക്കുന്നതാണ് മോശമെന്നും മന്ത്രി പറഞ്ഞു.
- Sep 25, 2025 15:30 IST
സിവിൽ സർവീസ് ഉദ്യോഗസ്ഥ ബീല വെങ്കിടേശൻ അന്തരിച്ചു
കോവിഡ് -19നെതിരായ തമിഴ്‌നാടിന്റെ പോരാട്ടത്തിന്റെ പൊതുമുഖമായി മാറിയ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയും ഫിസിഷ്യനുമായ ബീല വെങ്കിടേശൻ ബുധനാഴ്ച ചെന്നൈയിലെ വീട്ടിൽ വച്ച് അന്തരിച്ചു. 55 വയസ്സായിരുന്നു.
- Sep 25, 2025 15:03 IST
സമസ്തയുടെ പോഷക സംഘടനയിൽ നിന്ന് നാസർ ഫൈസി കൂടത്തായി രാജിവച്ചു
സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. തനിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രാജിയെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
- Sep 25, 2025 14:19 IST
വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു
മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങള്‍ക്കിടെ വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എന്‍ഡി അപ്പച്ചന്റെ രാജിക്കത്ത് സ്വീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്കിന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയതായാണ് സൂചന.
- Sep 25, 2025 12:21 IST
എം.എസ്.സി. എൽസ 3 കപ്പൽ അപകടം; കമ്പനി 1227.62 കോടി കെട്ടിവെക്കണം: ഹൈക്കോടതി നിർദേശം
എം.എസ്.സി എൽസ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പൽ കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിന്റെ അറസ്റ്റ് പിൻവലിക്കുന്നതിൽ തുക കെട്ടിവച്ച ശേഷം തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
- Sep 25, 2025 11:36 IST
ബിജെപിയിലെ എയിംസ് തർക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്.
- Sep 25, 2025 11:36 IST
ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണ്, കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ
ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
- Sep 25, 2025 09:33 IST
ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിലും ഇന്ന് ശക്തമായ മഴമുന്നറിയിപ്പ്. ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us