/indian-express-malayalam/media/media_files/zUDlebES94bX8WnaGeJq.jpg)
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി
Kerala News Highlights: എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 99.69 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ് എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
തിളക്കമാർന്ന വിജയം കൈവരിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും വിദ്യാർത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്തയവസരത്തിൽ വിജയം കൈവരിക്കാൻ കൃത്യമായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 4,27,153 പേർ പരീക്ഷ...
Posted by Pinarayi Vijayan on Wednesday, May 8, 2024
തന്നെ എല്ലാ തരത്തിലും വേട്ടയാടുന്നുവെന്ന് മാത്യൂ കുഴൽനാടൻ
ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാട് സംബന്ധിച്ച് വിജിലന്‍സിനോട് പറയേണ്ട കാര്യങ്ങള്‍ പൂർണ്ണമായും വ്യക്തമാക്കിയതാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. ഭൂമി ഇടപാടില്‍ കൈയ്യേറ്റം ചൂണ്ടിക്കാട്ടിക്കൊണ്ട് തനിക്കെതിരായി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്ന് അറിഞ്ഞു. എന്നാല്‍, എഫ്‌ഐആര്‍ കണ്ടിട്ടില്ലെന്നും മാത്യു പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ കൈകാര്യം ചെയ്യുന്നത്. തങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേരിടുകയാണ് മുഖ്യമന്ത്രിയും ചെയ്യുന്നതെന്നും തന്നെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് വേട്ടയാടുകയാണെന്നും കുഴൽനാടൻ ആരോപിച്ചു.
വീണ്ടും കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ജാഗ്രതാ നിർദ്ദേശം
കള്ളക്കടൽ പ്രതിഭാസം വീണ്ടുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ജാഗ്രതാ നിർദ്ദേശം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളാ തീരത്തിന് പുറമേ തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു.
ശക്തമായതും ഉയർന്നതുമായ തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം തീരദേശവാസികൾ മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി.
- May 08, 2024 23:25 IST
എറണാകുളത്ത് ട്രെയിൻ ഗതാഗതത്തിലുണ്ടായ പ്രശ്നം പരിഹരിച്ചു
മരം പൊട്ടി വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതിനെ തുടര്‍ന്ന് എറണാകുളത്ത് ട്രെയിൻ ഗതാഗതത്തിലുണ്ടായ പ്രശ്നം പരിഹരിച്ചു. ലൈനുകൾ പൂര്‍വസ്ഥിതിയിലാക്കിയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലും ട്രാക്കിലുമായി പിടിച്ചിട്ടത്. വൈകിട്ട് ആറരയോടെയാണ് വൈദ്യുതി ലൈനിൽ തടസമുണ്ടായത്. കളമശേരിയിലാണ് മരം ലൈനിന് മുകളിൽ പൊട്ടി വീണത്.
- May 08, 2024 21:45 IST
എറണാകുളത്ത് വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു
എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രണ്ടര മണിക്കൂറിലധികമായി ട്രെയിനുകൾ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി - യശ്വന്ത്‌പൂര്‍ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
- May 08, 2024 20:32 IST
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അന്തരിച്ചു
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ബിഷപ് കെ.പി. യോഹന്നാൻ അന്തരിച്ചു. 74 വയസായിരുന്നു. പ്രഭാത സവാരിക്കിടയിൽ സ്വകാര്യ വാഹനം ഇടിച്ച് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അമേരിക്കയിലെ ഡാലസിലാണ് അന്ത്യം.
- May 08, 2024 18:20 IST
രാഷ്ട്രീയ ചരിത്രത്തിലില്ലാത്ത വര്‍ഗീയതയാണ് യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായത്: എം.വി. ഗോവിന്ദന്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. "രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അവരിപ്പോള്‍ നമ്മളും മതസൗഹാര്‍ദ്ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ചയാണിത്," അദ്ദേഹം പരിഹസിച്ചു.
- May 08, 2024 14:51 IST
അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത സഞ്ജു സാംസണ് പിഴ
ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചതിനാണ് പിഴ.
- May 08, 2024 14:40 IST
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
കേരളത്തിൽ ചൂട് കൂടുമെന്ന സൂചന നൽകിക്കൊണ്ട് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- May 08, 2024 13:12 IST
സി.വി ആനന്ദബോസിന് പിന്തുണയുമായി ശ്രീധരൻപിള്ള
ലൈംഗിക പീഡന പരാതിയിൽ ആരോപണം നേരിടുന്ന ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് പിന്തുണയുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആനന്ദബോസിന് ഗവർണറെന്ന നിലയിൽ നിയമ പരമായ എല്ലാ പരിരക്ഷയും ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ ഗവർണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ല. തെളിവുകളില്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും സർക്കാർ വളഞ്ഞ രീതിയിൽ ഗവർണർക്ക് ഭരണഘടന നൽകുന്ന ഇമ്യൂണിറ്റിയെ കുഴിച്ചു മൂടുന്നത് ശരിയല്ലെന്നും പി എസ് ശ്രീധരൻപിള്ള വിമർശിച്ചു.
- May 08, 2024 12:28 IST
മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍
ഇടുക്കിയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍നാടൻ എംഎൽഎക്കെതിരെ വിജിലൻസിന്റെ എഫ്ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16 ാം പ്രതിയാണ് മൂവാറ്റുപുഴ എംഎൽഎയായ മാത്യു കുഴല്‍നാടൻ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്തത എഫ്ഐആർ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
- May 08, 2024 11:39 IST
മലബാറിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് മുമ്പ് മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ വർദ്ധനവിൽ മുൻ നിലപാട് ആവർത്തിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബാച്ചുകൾ വർദ്ധിപ്പിക്കില്ലെന്ന നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി ആവർത്തിച്ചു. പ്രതിഷേധിക്കുന്നവർ മാർജിനൽ സീറ്റ് വർധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവർ പ്രശ്നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയപ്പോൾ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us