/indian-express-malayalam/media/media_files/13CyhTlfbOAd03YDYPJ6.jpg)
സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത വി.സിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.
Kerala News Live Updates: വെറ്റിനറി സർവകലാശാലയിലെ പുതിയ വൈസ് ചാൻസലർ രാജിവച്ചു. ഡോ. പി.സി. ശശീന്ദ്രനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് പി.സി. ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വി.സി. എം.ആർ. ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി.സി. ശശീന്ദ്രന്‍. മാർച്ച് 2നാണ് ശശീന്ദ്രനെ വെറ്റിനറി സർവകലാശാല വി.സിയായി നിയമിച്ചത്.
സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത വി.സിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. നിയമോപദേശം തേടിയതിന് ശേഷം മാത്രമെ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയായിരുന്നു ഇതൊന്നുമില്ലാതെ സസ്‌പെന്‍ഡ് ചെയ്ത 90 പേരില്‍ 33 പേര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കികൊണ്ട് വി.സിയുടെ ഇടപെടലുണ്ടായത്. പിന്നാലെയാണ് വി.സിയുടെ നടപടി ചോദ്യം ചെയ്തുള്ള ഗവര്‍ണറുടെ നീക്കം.
വയനാട്ടിലേക്ക് സുരേന്ദ്രനെത്തുന്നത് മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം
വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. രാഹുൽ ഗാന്ധിയെ നേരിടാനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് നിന്നും മാറി നിന്നിരുന്ന സുരേന്ദ്രന്റെ വയനാട്ടിലേക്കുള്ള വരവിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഭൂരിപക്ഷം എത്രത്തോളം കുറയ്ക്കാം എന്നാണ് ബിജെപി ഉറ്റുനോക്കുന്നത്. ഒപ്പം കടുത്ത മത്സരം കാഴ്ച്ചവെച്ചുകൊണ്ട് പ്രചാരണത്തിൽ വയനാട്ടിൽ തന്നെ തളയ്ക്കാനുള്ള തന്ത്രവും സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിന് പിന്നിലുണ്ട്. വിസിറ്റിങ് എം.പി യായ രാഹുലിന് വയനാട്ടിൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ കെ.സുരേന്ദ്രൻ പ്രതികരിച്ചത്.
- Mar 25, 2024 21:37 IST
മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു; വിടവാങ്ങിയത് ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.
- Mar 25, 2024 21:19 IST
എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായി; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി
എസ്എസ്എൽസി പരീക്ഷ വിജയകരമായി പൂർത്തീകരിച്ചതിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഠിച്ചു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പിന്തുണ നൽകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും മറ്റ് സൗകര്യങ്ങൾ ഒരുക്കിയ എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു.
2024 മാർച്ച് 4 മുതൽ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ കേരളത്തിലെ 2955 ഉം ഗൾഫ് മേഖലയിലെ 7 ഉം ലക്ഷദ്വീപിലെ 9 ഉം ഉൾപ്പെടെ ആകെ 2791 പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് നടന്നത്. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്‌ത ആകെ 4,27,153 വിദ്യാർത്ഥികളിൽ 101 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് ഹാജരാകാതിരുന്നത്.
എല്ലാ കുട്ടികളും പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലാ കാഞ്ഞങ്ങാട് ആണ്. 4,27,052 വിദ്യാർത്ഥികളുടെ 38,43,468 ഉത്തരക്കടലാസ്സുകളുടെ മൂല്യ നിർണ്ണയം സംസ്ഥാനത്തെ 70 മൂല്യനിർണ്ണയക്യാമ്പുകളിലായി 2024 ഏപ്രിൽ 3 മുതൽ 20 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കും.
- Mar 25, 2024 17:33 IST
മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം: പിതാവ് കസ്റ്റഡിയിൽ
കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇപ്പോൾ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.
നസ്‌റിനെ മർദിച്ചു കൊന്നതാണെന്ന് നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. നേരത്തെ കേസ് കൊടുത്തതിന്റെയും പ്രശ്നങ്ങളുണ്ടായതിന്റെയും പേരിലാണ് കൃത്യം ചെയ്തതെന്നും നസ്‌റിന്റെയും മാതാവിന്റെയും ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളിലൊരാൾ പറഞ്ഞു. ഫാരിസ് അവരെ കൊല്ലുമെന്ന് നേരത്തെ ഫോണിലൂടെയും അല്ലാതെയും പറഞ്ഞിട്ടുണ്ടെന്നും അതിനാൽ വീട്ടിലേക്ക് വിടാറില്ലെന്നും ഒടുവിൽ പാർട്ടിക്കാർ ഇടപെട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കി.
- Mar 25, 2024 16:43 IST
വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചു; കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയുമായ വി. മുരളീധരനെതിരെ പരാതി
കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരനെതിരെ പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി. ഇടതു മുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്. തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് എതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രത്തോടൊപ്പമാണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചത്.
- Mar 25, 2024 15:17 IST
സിദ്ധാർത്ഥൻ്റെ മരണം: സസ്പെൻഷൻ പിൻവലിച്ച വി.സിയോട് വിശദീകരണം തേടി ഗവർണർ
സിദ്ധാർത്ഥൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയിൽ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി.സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകാനാണ് ആവശ്യം. വി.സിയുടെ നടപടിക്കെതിരെ സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് രംഗത്ത് വന്നിരുന്നു.
- Mar 25, 2024 14:27 IST
തനിക്ക് നേരെ വ്യാപക സൈബർ ആക്രമണമെന്ന് സത്യഭാമ
ആർ.എൽ.വി രാമകൃഷ്ണനെതിരായ അധിക്ഷേപ വിവാദങ്ങൾക്ക് പിന്നാലെ തനിക്കെതിരെ നവമാധ്യമങ്ങളിൽ നടക്കുന്നത് വ്യാപകമായ സൈബർ ആക്രമണങ്ങളെന്ന് നർത്തകി സത്യഭാമ. കുടുംബത്തെയടക്കം ആക്ഷേപിക്കുന്ന തരത്തിലാണ് ഓരോ പരാമർശങ്ങളും. താൻ ആരേയും വേദനിപ്പിക്കാൻ വേണ്ടി ശ്രമിച്ചിട്ടില്ല. തന്റെ വാക്കുകൾ ദുർവ്യഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും സത്യഭാമ പറഞ്ഞു.
- Mar 25, 2024 13:37 IST
ചുമതല കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ
വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ചുമതല കൈമാറുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കെ.സുരേന്ദ്രൻ. താൻ മത്സര രംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ സവിധാനമുണ്ട്. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം തീരുമാനമെടു്ുക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
- Mar 25, 2024 13:03 IST
എൻഡിഎ കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുന്നു: പിണറായി വിജയൻ
എൻഡിഎ കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർഎസ്എസ് ഓർക്കണം. ഒരു മുസ്‌ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കേണ്ടെന്ന് വയ്ക്കുമോയെന്നും പിണറായി ചോദിച്ചു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Mar 25, 2024 12:19 IST
മോദിക്കെതിരായ അസഭ്യപരാമർശം: തമിഴ്നാട് മന്ത്രിക്കെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ തമിഴ്നാട് മന്ത്രിക്കെതിരെ കേസ്. തമിഴ്നാട് ബിജെപിയുടെ പരാതിയിൽ മന്ത്രി അനിത രാധാകൃഷ്ണനെതിരെയാണ് തൂത്തുക്കൂടി പൊലീസ് കേസെടുത്തിരിക്കുന്നത്. 294(ബി ) -പൊതുസ്ഥലത്ത് അസഭ്യം പറയൽ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർത്ഥി കനിമൊഴിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ജില്ലയുടെ ചുമതലയുള്ള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിത രാധാകൃഷ്ണൻ പ്രധാനമന്ത്രിക്കതിരായ അസഭ്യപരാമർശം നടത്തിയത്.
- Mar 25, 2024 11:31 IST
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കെതിരായ ഏജൻസികളുടെ നടപടികളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
- Mar 25, 2024 10:30 IST
മട്ടന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കൽ സ്വദേശികളായ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.