scorecardresearch

Kerala News Live Updates: കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ എഎപി; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തത് നിരീക്ഷിച്ച് കേന്ദ്രം

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഡൽഹി സർക്കാരിനെ തകർക്കാനുള്ള ശ്രമത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് എഎപിയുടെ തീരുമാനം

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഡൽഹി സർക്കാരിനെ തകർക്കാനുള്ള ശ്രമത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് എഎപിയുടെ തീരുമാനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arvind Kejriwal, CM, Delhi, Arrest, Photos

അറസ്റ്റിലായിട്ടും മുഖ്യമന്ത്രി പദം ഒഴിയാത്ത കേജ്‌രിവാളിന്റെ നീക്കം അതീവ ശ്രദ്ധയോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്

Kerala News Live Updates: മദ്യനയ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ എഎപി തീരുമാനം. നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് പാർട്ടി പദ്ധതിയിട്ടിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഡൽഹി സർക്കാരിനെ തകർക്കാനുള്ള ശ്രമത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് എഎപിയുടെ തീരുമാനം. അതേ സമയം കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി പദം ഒഴിയാത്ത കേജ്രിവാളിന്റെ നീക്കം അതീവ ശ്രദ്ധയോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്.

Advertisment

കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എഎപി - എംഎൽഎമാർ, കൗൺസിലർമാർ, പാർട്ടി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിലെ ഷഹീദി പാർക്കിൽ "ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാൻ" ഒത്തുകൂടും. സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തിക്കൊണ്ടാവും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. 

കേജ്രവാളിന്റെ അറസ്റ്റിനെ രാജ്യമാകെ ബിജെപിക്കെതിരെയുള്ള പ്രചാരണ ആയുധമാക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം നടത്തുന്നത്. ഇതിന്റെ ആദ്യ പടിയെന്നോണം ഇന്ത്യാ സഖ്യ  പ്രതിനിധികൾ ഷഹീദി പാർക്കിലെ എഎപി പ്രതിഷേധ പരിപാടിയിൽ ഇന്ന് പങ്കെടുക്കും. 

ഡൽഹി മദ്യനയ അഴിമതി കേസിൽ നിരവധി തവണ സമയൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 9 മണിയോടെ അറസ്റ്റ് ചെയ്തത്. കേസിലെ നിയമനടപടിയിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. അറസ്റ്റിന് പിന്നാലെ ആറ് ദിവസത്തേക്ക് കേജ്രിവാളിനെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

Advertisment
  • Mar 23, 2024 18:30 IST

    മോസ്കോ ഭീകരാക്രമണം: മരണ സംഖ്യ കുതിച്ചുയരുന്നു; ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

    മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നു. റഷ്യയുടെ അന്വേഷണ സമിതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്. വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് തോക്കുധാരികൾ ഉൾപ്പെടെ 11 പേരെ റഷ്യ ഇതുവരെ അറസ്റ്റ് ചെയ്തതായി ക്രെംലിൻ ശനിയാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലെ അനുബന്ധ ചാനലുകളിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് വിഭാഗം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.



  • Mar 23, 2024 16:34 IST

    മാസപ്പടി വിവാദത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്‌ഐഒ

    സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്‌ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്‍ നിന്ന് രേഖകള്‍ ശേഖരിച്ചു. എട്ട് സ്ഥാപനങ്ങളിൽ നിന്നാണ് രേഖകള്‍ ശേഖരിച്ചത്.

    ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും രേഖകള്‍ ശേഖരിച്ചു. അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയും റിന്‍സ് ഫൗണ്ടേഷനും രേഖകള്‍ കൈമാറി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്എഫ്‌ഐഒ നീക്കം. 



  • Mar 23, 2024 14:00 IST

    രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ 

    സംസ്ഥാനം സമർപ്പിച്ച ബില്ലുകൾക്ക് അനുമതി നിഷേധിച്ച നടപടിയിൽ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ തെറ്റായ തരത്തിൽ ഉപദേശിക്കുന്ന കേന്ദ്ര സർക്കാർ നയം തെറ്റാണെന്നും കേരളം ഹർജിയിൽ വ്യക്തമാക്കി. 



  • Mar 23, 2024 12:36 IST

    ദേശീയ പാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമമെന്ന് എ.കെ ബാലൻ

    സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ. ദേശീയ പാർട്ടി പദവി ഇല്ലാതായാൽ പിന്നെ എന്ത് ചിഹ്നമാവും നമുക്ക് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയുക. നീരാളി, ഈനാംപേച്ചി തുടങ്ങിയ ചിഹ്നങ്ങളാകും പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിക്ക് അനുവദിക്കുകയെന്നും അതുണ്ടാകാൻ പാടില്ലെന്നും എ.കെ ബാലൻ പറഞ്ഞു. 



  • Mar 23, 2024 11:22 IST

    സിപിഎമ്മിന്റെ സിഎഎ വിരുദ്ധ റാലി ഇന്ന് കാഞ്ഞങ്ങാട്ട്

    കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന്റെ ആദ്യ പ്രക്ഷോഭ റാലി ഇന്ന് കാഞ്ഞങ്ങാട് നടക്കും. കാഞ്ഞങ്ങാട് അലാമിപ്പള്ളി മൈതാനത്ത്‌ വൈകിട്ട്‌ ഏഴിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിഷേധ റാലിയുടെ  ഉദ്‌ഘാടനം നിർവ്വഹിക്കുക. സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ റാലിയുടെ ഭാഗമാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. നാളെ കണ്ണൂരിലും 25ന്‌ മലപ്പുറത്തും 27ന്‌ കൊല്ലത്തും സമാനമായ രീതിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് സിപിഎം നേതൃത്വം നൽകും. 



  • Mar 23, 2024 10:51 IST

    കേരളത്തിലും ഇഡി വരട്ടെ, ഒന്നും നടക്കാൻ പോകുന്നില്ല: മുഹമ്മദ് റിയാസ്

    കേരളത്തിലും ഇഡി വരട്ടെയെന്നും വരുമ്പോള്‍ കാണാമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഹമ്മദ് റിയാസ്. കേജ്‌രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന ബിജെപിയുടെ പ്രചാരണത്തോട് 'ഒന്നും നടപ്പാവാൻ പോകുന്നില്ല' എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. 



Aam Aadmi Arvind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: