/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
Malayalam Latest News Today | Kerala News Live Updates
Kerala News Highlights: തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതിയുടെ താമസമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
ഒന്നിലധികം പോക്സോ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂടാതെ മോഷണക്കേസുകളും ഹസനെതിരെയുണ്ട്. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുട്ടിയെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
സിദ്ധാർത്ഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചെന്ന് മുൻ വി.സി; ഒടുവിൽ ആരോപണങ്ങൾക്ക് മറുപടി നൽകി ഡീൻ
പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ ഡീനെതിരെ ആക്ഷേപവുമായി സസ്പെന്‍ഷനിലായ മുന്‍ വി.സി. ശശീന്ദ്രനാഥ് രംഗത്ത്. "സിദ്ധാർത്ഥിന് മർദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീൻ തന്നോട് പറഞ്ഞത്. റാഗിങ്ങാണ് മരണ കാരണമെന്ന് തന്നെ അറിയിച്ചില്ല. അറിഞ്ഞിരുന്നെങ്കിൽ കുറെക്കൂടി വേഗത്തിൽ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്‍റേതാണ്," ശശീന്ദ്രനാഥ് പറഞ്ഞു.
"തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡീൻ എം.കെ. നാരായണൻ വിശദീകരിച്ചു. "ഹോസ്റ്റലിൽ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ തനിക്ക് അറിയാൻ കഴിയില്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നത്. താൻ ഒരു കുട്ടിയുടെ വാഹനത്തിൽ ആംബുലൻസിന് പുറകെ ആശുപത്രിയിൽ പോയി,"
"വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്‌മിഷൻ ആവശ്യത്തിന് എത്തിയപ്പോൾ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്," ഡീൻ എം.കെ. നാരായണൻ പറഞ്ഞു.
- Mar 03, 2024 21:55 IST
അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിലും അസ്വാരസ്യം
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്കുള്ള അനിൽ ആന്റണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബിജെപിയിലും മുറുമുറുപ്പ്. കർഷകമോർച്ചയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അനിൽ ആന്റണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. അനിലിന്റെ സ്ഥാനാർത്ഥിത്വം പിതൃശൂന്യ നിലപാടെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് പ്രതികരണം. പ്രതികരണത്തിന് പിന്നാലെ ശ്യാം തട്ടയിലിനെ സ്ഥാനത്ത് നിന്ന് നീക്കിയതായി നേതൃത്വം അറിയിച്ചു.
- Mar 03, 2024 21:16 IST
കുസാറ്റ് ക്യാമ്പസിൽ കെ.എസ്.യു പ്രതിഷേധം
കൊച്ചിയിലെ കുസാറ്റ് ക്യാമ്പസിൽ കെ.എസ്.യു പ്രതിഷേധം. സിദ്ധാർത്ഥന്റെ കൊലപാതകികൾ എസ്.എഫ്.ഐ ആണെന്ന കെ.എസ്.യു ബാനർ എടുത്ത് മാറ്റി എന്നാരോപിച്ചാണ് ക്യാമ്പസിൽ കെ.എസ്.യു പ്രതിഷേധിച്ചത്. പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകർ ബാനർ വീണ്ടും ഉയർത്തി.
- Mar 03, 2024 20:32 IST
സർക്കാർ ജീവനക്കാർ സമരത്തിലേക്ക്
സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരം ആരംഭിക്കാൻ തീരുമാനം. ശമ്പളം അടിയന്തരമായി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നത്.
- Mar 03, 2024 19:30 IST
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കാറുമായി കൂട്ടിയിടിച്ചു; 5പേർക്ക് പരിക്ക്
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക നിഗമനം. കരിമ്പനക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് പരിക്കേറ്റത്. പരിക്കുപറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
- Mar 03, 2024 18:18 IST
മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി
മൂന്നാറിൽ കാട്ടാന പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. കടലാർ എസ്റ്റേറ്റിലെ ജനവാസ മേഖലയിലാണ് കൊമ്പൻ ഇറങ്ങിയത്. ജനവാസ മേഖലയിലേക്ക് പടയപ്പ എത്തിയതോടെ എസ്റ്റേറ്റ് റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
- Mar 03, 2024 16:46 IST
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂരിലെ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു കുഞ്ഞിനെ പ്രസവിച്ചത്.
- Mar 03, 2024 15:49 IST
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. രണ്ട് വയസുകാരിയായ അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ പ്രതിയെ കൊല്ലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. എന്നാൽ ഇയാളുടെ വിശദാംശങ്ങൾ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈകിട്ട് ആറു മണിക്ക് വിശദാംശങ്ങൾ നൽകുന്നതിനായി കമ്മീഷണർ വാർത്താസമ്മേളനം നടത്തും.
- Mar 03, 2024 14:40 IST
ഷെഹ്ബാസ് ഷെരീഫ് രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയാകും
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റിൽ ഭൂരിപക്ഷം നേടിയ ശേഷം സഖ്യ സർക്കാരിനെ നയിക്കാൻ ഷെഹ്ബാസ് ഷെരീഫ് ഞായറാഴ്ച രണ്ടാം തവണയും പാകിസ്ഥാൻ പ്രധാനമന്ത്രിയായി. 336 അംഗ സഭയിൽ പാകിസ്ഥാൻ മുസ്ലീം ലീഗ് - നവാസ് (പിഎംഎൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയുടെ സമവായ സ്ഥാനാർത്ഥിയായ 72 കാരനായ ഷെഹ്ബാസിന് 201 വോട്ടുകൾ ലഭിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൻ്റെ (പിടിഐ) ഷെഹ്ബാസിൻ്റെ എതിരാളിയായ ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.
- Mar 03, 2024 13:58 IST
എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ വീണ്ടും വിദ്യാർത്ഥിയ്ക്ക് പരിക്ക്
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയ്ക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം. കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയായ സി ആർ അമലിനാണ് മർദനമേറ്റത്. രണ്ടാംവർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയാണ് അമൻ. മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിനും കണ്ണിനുസമീപത്തും പരിക്കുണ്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
- Mar 03, 2024 13:25 IST
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ നിയന്ത്രണം
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന. വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങളുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 4600 കോടി രൂപ ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. മൂന്ന് ദിവസമായി മുടങ്ങിക്കിടക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം നാളെ നൽകുമെന്നായിരുന്നു ധനവകുപ്പ് അറിയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ശമ്പളവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിലവിലെ ആലോചന.
- Mar 03, 2024 13:23 IST
സിദ്ധാർത്ഥന്റെ മരണം: ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്തു
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകണം. ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ ഡീനിന്റെ ചുമതല നിർവഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല. കേസിന്റെ അന്വേഷണത്തിന് ഒരു വിധത്തിലുള്ള തടസ്സവുമില്ല. കുറ്റക്കാർക്ക് കർശന ശിക്ഷ ലഭിക്കണം. സിസി ടിവി ക്യാമറ നിരീക്ഷണം ഇനി മുതൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
- Mar 03, 2024 12:28 IST
ബ്രസീലിയൻ വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ
ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ ബ്രസീലിയൻ വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി മൊഴി നൽകിയിരുന്നു.
- Mar 03, 2024 12:26 IST
റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ; കൊലപാതക സാധ്യത പരിശോധിക്കുമെന്ന് പൊലീസ്
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്‍ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങിയെത്തി. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർത്ഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us