/indian-express-malayalam/media/media_files/4c2nG3x6gQ0DRzphqcO3.jpg)
Kerala Malayalam News Today July 09 (ചിത്രം: ഫയൽ)
Keralamalayalam news Today Live Updates: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും മുദ്രാവാക്യവുമായി പിരിഞ്ഞുപോകാതെ നിന്ന പ്രവർത്തകരെ തുരത്താൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് പ്രവർത്തകരുടെ ഭാഗത്ത് നിന്നും പൊലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായി. പ്രവർത്തകരുടെ ആക്രമം കടുത്തതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. ഇതോടെ പ്രവർത്തകർ നഗരമധ്യത്തിലേക്ക് നീങ്ങുകയും പാളയം ഭാഗത്തേക്ക് സംഘർഷം വ്യാപിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ടെന്നാണ് വിവരം, അലോഷ്യസിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ച സംഭവം, ആത്മഹത്യയെന്ന് സൂചന
അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തു മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. ജൂൺ 8ന് നടന്ന സംഭവത്തിൽ അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരണപ്പെട്ടത്. വീടിന്റെ മുകളിലെ നിലയിൽ തീ പടർന്നാണ് അങ്കമാലിയിൽ മലഞ്ചരക്ക് വ്യാപാരം നടത്തിയുന്ന ബിനീഷ്, ഭാര്യ അനു മക്കളായ ജെസ്മിൻ, ജൊവാന എന്നിവവർ മരണപ്പെട്ടത്.
സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്കാണ്​ ഇപ്പോൾ പൊലീസ് എത്തുന്നത്. തീ പടർന്ന മുറിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ബിനീഷ് സംഭവം നടക്കുന്നതിന് മുമ്പ് പെട്രോൾ വാങ്ങിപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ബിനീഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
- Jul 09, 2024 20:56 IST
പിഎസ്എസി ബോർഡംഗ അഴിമതിയിൽ വിശദീകരണം തേടി സംസ്ഥാന നേതൃത്വം
പിഎസ്‌സി ബോര്‍ഡ് അംഗത്വത്തിനായി മന്ത്രിയുടെ പേര് പറഞ്ഞ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. പരാതി ജില്ലാ നേതൃത്വം ഗൗരവമായി എടുത്തില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി തന്നെ പരാതി കൊടുത്തിട്ടും ജില്ലാ നേതൃത്വം വേണ്ട ഗൗരവം പരാതിക്ക് നൽകിയില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.
- Jul 09, 2024 19:21 IST
കോളറ തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
- Jul 09, 2024 18:46 IST
കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം
ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി.
- Jul 09, 2024 17:29 IST
പിഎസ്എസി അംഗത്വ കോഴവിവാദത്തിൽ അന്വേഷണമില്ലാത്തത് ദുരൂഹമെന്ന് കെ.സുധാകരൻ
പി.എസ്.സി അംഗത്വ നിയമനത്തിന് കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും നടത്താത്തത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ സിപിഎമ്മിനെ ആകെ ബാധിക്കുന്ന വിഷയമായതിനാല്‍ കോഴ ആരോപണം ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും ഭരണകക്ഷിയില്‍പ്പെട്ട എം.എല്‍.എമാരുടെയും പേര് പറഞ്ഞ് പണം കൈപ്പറ്റിയെന്നതാണ് ആരോപണമെന്നും അതിനാൽ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.
- Jul 09, 2024 16:10 IST
ശസ്ത്രക്രിയക്ക് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഹൈക്കോടതിയുടെ സ്‌റ്റേ
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിൽ വിചാരണക്കോടതി നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രതികളായ രണ്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. 2017ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് ഹർഷിന എന്ന യുവതിക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്.
- Jul 09, 2024 13:44 IST
10.25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കൊറിയർ ഡെലിവറി ബൊയ്സ് അറസ്റ്റിൽ
10.25 ലക്ഷം രൂപ വിലമതിക്കുന്ന 37 ഷിപ്പ്‌മെൻ്റുകൾ ഓർഡർ ചെയ്ത് തട്ടിപ്പ് നടത്തിയ ഡെലിവറി ബോയ്‌സിനെയും അവരുടെ സഹായികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി മധുവിഹാറിലെ കൊറിയർ ഡെലിവറി സ്ഥാപനമായ ഷാഡോഫാക്‌സ് ടെക്‌നോളജീസിലെ ജോലിക്കാരായ രാജ കുമാർ (22), ബ്രിജേഷ് മൗര്യ (22), നിതിൻ ഗോല (26), രാജ കുമാറിൻ്റെ മൂത്ത സഹോദരൻ അഭിഷേക് (23) എന്നിവരാണ് അറസ്റ്റിലായത്. നാല് പ്രതികളും ക്യാഷ് ഓൺ ഡെലിവറി പേയ്‌മെൻ്റുകൾ ഉപയോഗിച്ച് അവരവരുടെ റൂട്ടുകളിൽ ഉയർന്ന വിലയുടെ വസ്തുക്കൾ ബുക്ക് ചെയ്ത് കമ്പനിയെ കബളിപ്പിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
- Jul 09, 2024 12:56 IST
കത്വാ ഭീകരാക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് കോന്ദ്രം
ജമ്മുവിലെ കത്വാ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ശക്തമായ തിരിച്ചടി അർഹിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് രാഷ്ട്രപതി പ്രതികരിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. തിങ്കളാഴ്ച സൈനിക വാഹനത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തിയത്.
- Jul 09, 2024 12:14 IST
പെൺകുട്ടികളുടെ ചിത്രം അസ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
പെൺകുട്ടികളുടെ ചിത്രം അസ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മറ്റൂർ ശ്രീശങ്കര കോളേജിലെ മുൻ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ രോഹിതാണ് പൊലീസ് പിടിയിലായത്. വ്യാജ ഐ.ഡിയിൽ നിന്നാണ് പെൺകുട്ടികളുടെ ചിത്രം അപ്‌ലോഡ് ചെയ്തത്.
- Jul 09, 2024 11:18 IST
മഞ്ഞുമ്മൽ ബോയ്സ് കള്ളപ്പണക്കേസ്; ഇ.ഡിക്ക് മൊഴി നൽകി സൗബിൻ
'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നടക്കുന്ന കളപ്പണ ഇടപാട് കേസിൽ ഇഡിക്ക് മൊഴി നൽകി നിർമ്മാതാവും നടനുമായ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും സൗബിൻ ഇഡിക്ക് മൊഴി നൽകി.
- Jul 09, 2024 10:32 IST
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന 14കാരനെ വാർഡിലേക്ക് മാറ്റി. ഇതേസ്ഥിതി തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ രോഗം ഭേതമായി കുട്ടിക്ക് ആശുപത്രി വിടാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us