/indian-express-malayalam/media/media_files/uploads/2017/05/monsoon1.jpg)
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്
Kerala News Highlights: സംസ്ഥാനത്ത് ജൂലൈ ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഒപ്പം ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
വാക്കുതർക്കം; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഓടി രക്ഷപെട്ടു
കൊച്ചി: പെരുമ്പാവൂരില്‍ വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയെ കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപെട്ടു. പെരുമ്പാവൂർ വട്ടക്കാട്ട്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് കൊല്ലപ്പെട്ടത്. ആകാശ് കുടുബത്തോടൊപ്പം താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ താമസിക്കുന്ന അഞ്ജന നായിക്കാണ് കൊലപാതകം നടത്തിയത്.
ഒഡിഷ സ്വദേശിയായ പ്രതി സംഭവ ശേഷം ഓടി രക്ഷപെട്ടു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിക്കായി തിരച്ചിൽ വ്യാപകമാക്കിയെന്ന് പൊലീസ് അറിയിച്ചു. കുത്തേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- Jul 02, 2024 21:27 IST
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ മാറ്റം
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ സ്ഥാന മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പിന്റെ ഡയറക്ടറായി സ്ഥലം മാറ്റി. ഫിഷറീസ് ഡയറക്ടറായിരുന്ന ഡോക്ടർ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേൽക്കും. മാനന്തവാടി എംഎൽഎ ഒആര്‍ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായിരിക്കുന്നത്.
- Jul 02, 2024 20:52 IST
മോദിയുടെ പരാന്നഭോജി പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാന്നഭോജി പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പിയില്‍നിന്ന് എന്ത് അവഹേളനം സഹിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
- Jul 02, 2024 19:48 IST
പരശുറാം എക്സ്പ്രസ് ഇനി കന്യാകുമാരി വരെ
മംഗലാപുരം - നാഗര്‍കോവിൽ പരശുറാം എക്സ്പ്രസ് (16649/16650) ഇനി കന്യാകുമാരി വരെ ഓടും. രണ്ട് ജനറൽ കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. മറ്റന്നാൾ മുതൽ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സര്‍വീസ് ആരംഭിക്കുമെന്നുമാണ് റെയിൽവേയുടെ അറിയിപ്പ്.
- Jul 02, 2024 18:50 IST
എന്‍ഡോസള്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക വികസനപാക്കേജിലൂടെ നല്‍കുമെന്ന് മുഖ്യമന്ത്രി
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തുമെന്നും എന്‍ഡോസള്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ തുക കാസർഗോഡ് വികസനപാക്കേജിലൂടെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Jul 02, 2024 17:49 IST
49 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30നാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാര്‍ഡ് ഉള്‍പ്പെടെ 49 തദ്ദേശ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും.
- Jul 02, 2024 16:24 IST
ശമ്പളവും അലവൻസും വേണ്ടെന്ന് പവൻ കല്യാൺ
ആന്ധ്രയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തനിക്ക് ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തന്റെ ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ നവീകരണത്തെക്കുറിച്ചും ഫർണിച്ചറുകൾ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താൻ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു.
- Jul 02, 2024 15:37 IST
പ്രിൽസിപ്പൽ രണ്ടുകാലിൽ കോളേജിൽ കയറില്ലെന്ന് എസ്എഫ്ഐ
ഇന്നലെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജിന്റേതാണ് ഭീഷണി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് അറിയാമെന്നും എസ്എഫ്ഐ നേതാവ് പറഞ്ഞു.
- Jul 02, 2024 13:10 IST
4.5 ടൺ വഹിക്കാൻ ശേഷിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ
"സൂപ്പർ ലാർജ് വാർഹെഡ്" വഹിക്കാൻ ശേഷിയുള്ള പുതിയ തന്ത്രപരമായ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ ചൊവ്വാഴ്ച അറിയിച്ചു. ഫ്ലൈറ്റ് സ്ഥിരതയും കൃത്യതയും പരിശോധിക്കുന്നതിനായി ഹ്വാസോങ്ഫോ-11 ഡാ-4.5 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണം ഒരു സിമുലേറ്റഡ് ഹെവി വാർഹെഡ് ഉപയോഗിച്ചാണ് നടത്തിയതെന്ന്, സംസ്ഥാന വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
- Jul 02, 2024 12:24 IST
റാഗിംങിൽ 4 സ്കൂർ വിദ്യാർഥികൾക്ക് പരിക്ക്
കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിൽ റാഗിംങിൽ 4 വിദ്യാർഥികൾക്ക് പരിക്കേറ്റു. കോമ്പസ് കൊണ്ടുള്ള ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് മുതുകിൽ പരിക്കേറ്റു. രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടൽ ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാഗിംങിന്റെ പേരിൽ ഏറ്റുമുട്ടിയത്.
- Jul 02, 2024 12:14 IST
വേൾഡ് ഓഫ് കോഫി കോപ്പൻഹേഗനിൽ തിളങ്ങി വയനാടിന്റെ സ്വന്തം റോബസ്റ്റ കോഫി
ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പിരൂചികൾ സംഗമിക്കുന്ന വേൾഡ് ഓഫ് കോഫിയുടെ കോപ്പൻഹേഗൻ എഡിഷനിൽ കേരളത്തിൽ നിന്നുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. കേരളത്തിന്റെ തനതുരുചിയിൽ കാപ്പിക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താൻ സാധിക്കുമെന്നതിന്റെ തെളിവാണ് ജൂൺ 27 മുതൽ 29 വരെ കോപ്പൻഹേഗനിൽ നടന്ന കോൺഫറൻസിൽ ലഭിച്ച സ്വീകാര്യതയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെടുന്നത്.
- Jul 02, 2024 12:12 IST
67 ലക്ഷത്തിന്റെ സ്വര്‍ണം ശരീരത്തൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂരിൽ പടിയിൽ
കരിപ്പൂര് വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് റഷീദ്(62) ആണ് 67 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ദുബായില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സ്വർണം കടത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിൽ സ്വര്‍ണം പിടികൂടിയത്. 964 ഗ്രാം സ്വര്‍ണം നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.
- Jul 02, 2024 11:15 IST
ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ, സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. മാലിന്യ സംസ്കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്ന് ടി.വി ഇബ്രാഹിം കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയാണെങ്കിൽ, കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടപ്പികില്ലായിരുന്നെന്ന് വീണ ജോർജ് മറുപടി നല്‍കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us