/indian-express-malayalam/media/media_files/9mgvDBeBUZejXZC6C0ke.jpg)
അടിയന്തര സാഹചര്യങ്ങളിൽ ക്യാംപുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കാനും നിർദ്ദേശമുണ്ട്
കൽപ്പറ്റ: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൾ താമസിക്കുന്നവർ, വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ ക്യാംപുകളിലേക്ക് മാറാൻ തയ്യാറായി ഇരിക്കാനും നിർദ്ദേശമുണ്ട്.
- Aug 30, 2024 21:08 IST
ബലാത്സംഗ കൊല; അമിത് ഷായെ നേരിൽകണ്ട് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനി വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിച്ചു. കൊലപാതകത്തിൽ ബിജെപി പശ്ചിമ ബംഗാൾ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.
- Aug 30, 2024 19:45 IST
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലൂടെ വിതരണം ചെയ്തത് 224 കോടിയുടെ ആനുകൂല്യം
മോട്ടോർ തൊഴിലാളി മേഖല ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം നിന്ന് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 64924 പേർക്ക് 2237010756 രൂപയുടെ ആനുകൂല്യങ്ങൾ ബോർഡ് വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
- Aug 30, 2024 19:06 IST
മുകേഷ് രാജിവെച്ചില്ലെങ്കിൽ എകെജി സെന്ററിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് കെ.അജിത
നടിയെ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷ് രണ്ടു ദിവസത്തിനകം സ്ഥാനത്തു നിന്ന് രാജിവെച്ചില്ലെങ്കിൽ എകെജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ കെ.അജിത.
- Aug 30, 2024 17:43 IST
വയോജനങ്ങള്‍ക്ക് ആദ്യമായി ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍
വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്‌പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
- Aug 30, 2024 16:36 IST
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ ബിജെപിയിൽ ചേർന്നു
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപായ് സോറൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സോറൻ പാർട്ടിയിൽ ചേർന്നത്.
- Aug 30, 2024 16:07 IST
പിന്നാക്ക വിഭാഗ കലാകാരന്മാരെ മുഖ്യധാരയില്‍ എത്തിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
പട്ടികജാതി, പട്ടികവര്‍ഗ കലാകാരന്മാരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കൂടുതല്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന്‍റെ സിനിമാ നയത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച 'ചുരുള്‍' എന്ന സിനിമയുടെ പ്രദര്‍ശനോദ്ഘാടനം തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
- Aug 30, 2024 12:51 IST
ആഷിക് അബു രാജിവെച്ചു
കൊച്ചി: ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിക് അബു രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ആഷിക് അബു രാജിവെച്ചത്. നേരത്തെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ നിലപാടിനെതിരെ ആഷിക് അബു പരസ്യമായി രംഗത്തുവന്നിരുന്നു
- Aug 30, 2024 12:23 IST
മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല- അഭിഭാഷകന്‍
കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം, കോടതി അറസ്റ്റ് തടഞ്ഞതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞു.
അറസ്റ്റ് തടഞ്ഞു എന്നുവെച്ചാല്‍ താല്‍ക്കാലികമായി ജാമ്യം അനുവദിച്ചു എന്നല്ല അര്‍ത്ഥം. അറസ്റ്റ്, വിചാരണയ്ക്ക് ആള്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ്. മുകേഷ് ഒളിച്ചുപോകുമെന്ന് സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല. അദ്ദേഹം പൊതു സമൂഹത്തിന് മുന്നിലുള്ള വ്യക്തിയാണ്.
അറസ്റ്റു കൊണ്ട് അന്വേഷണ ഏജന്‍സിക്ക് പെട്ടെന്ന് ഒരു പ്രയോജനവുമില്ല. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് തയ്യാറാകാനും മുകേഷ് തയ്യാറാണെന്നും അഡ്വ. ജിയോ പോള്‍ പറഞ്ഞു.
- Aug 30, 2024 12:11 IST
പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി
ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി.
- Aug 30, 2024 11:50 IST
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
- Aug 30, 2024 11:25 IST
സിപിഎമ്മിലും പവർ ഗ്രൂപ്പ്, കുറ്റവാളികൾക്ക് കുടപിടിക്കുന്നുവെന്ന് വി.ഡി.സതീശൻ
സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരിനാണെന്നും സതീശൻ പറഞ്ഞു.
- Aug 30, 2024 11:03 IST
മുകേഷ് തിരുവനന്തപുരത്തെ വീട് വിട്ടു, കൊച്ചിയിലേക്കെന്ന് സൂചന
നടിയുടെ ലൈംഗികാതിക്രമ പീഡന പരാതിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്നതെന്നാണ് സൂചന
- Aug 30, 2024 09:31 IST
ട്രെയിനിൽ നിന്നു വീണു, മറ്റൊരു ട്രെയിൻ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ട്രെയിനിൽ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അർധ രാത്രിയോടെ മീഞ്ചന്ത മേൽപ്പാലത്തിനു സമീപമാണ് അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർഥിയാണ്. മഗളൂരുവിൽ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു.
കഴിഞ്ഞ 23നു ഇൻഡസ്ട്രിയൽ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ അപകടം അറിഞ്ഞിരുന്നില്ല. ഇവർ എറണാകുളത്തെത്തിയപ്പോൾ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.
- Aug 30, 2024 09:30 IST
നാലിടത്ത് ഓറഞ്ച് അലർട്ട്:ഏഴിടത്ത് യെല്ലോ അലർട്ട്
കൊച്ചി:സംസ്ഥാനത്ത് വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
- Aug 30, 2024 09:29 IST
മുകേഷിന്റെ രാജി; സിപിഐ കത്ത് നൽകി
ധാർമ്മികതയുടെ പേരിൽ മുകേഷ് രാജിവെച്ച് മാറിനിൽക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തിൽ അഭിപ്രായം ഉയർന്നത്.
- Aug 30, 2024 09:28 IST
മഹാദുരന്തത്തിന് ഇന്നേക്ക് ഒരുമാസം
കൽപ്പറ്റ:ഉരുൾ ഒരുനാടിന് മുഴുവൻ ഇല്ലാതാക്കിയിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഓഗസ്റ്റ് 30ന് വെളുപ്പിനെ രണ്ടിനും നാലിനും ഇടയിലുണ്ടായ ഉരുൾപൊട്ടലിലാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് ഇല്ലാതായത്. ഔദോഗീക കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us