/indian-express-malayalam/media/media_files/uploads/2017/04/machineindia-vote-election-politics-counting_bbdbdebe-1f86-11e7-89d6-c3c500e93e5a.jpg)
എല്ലാ സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും (ഫയൽ ചിത്രം)
Kerala News Highlights: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്ത് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു
സംസ്ഥാനത്ത് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് തുടങ്ങി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് ആരംഭിച്ചു. വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളാണ് അറിയിച്ചത്. ഏപ്രില്‍ 20ഓടെ മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയാവും. അതീവസുരക്ഷയോടെയാണ് ഇവിഎം കമ്മീഷനിങ് പ്രക്രിയ പുരോഗമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 25,231 ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളാണ് കമ്മീഷനിങിന് വിധേയമാക്കുന്നത്. ഇവിഎമ്മിൽ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്‍റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും ക്രമീകരിക്കുന്ന പ്രക്രിയയാണ് വോട്ടിങ് മെഷീൻ കമ്മീഷനിങ്. സംസ്ഥാനത്തെ 140 കേന്ദ്രങ്ങളിലായാണ് കമ്മീഷനിങ് ആരംഭിച്ചിരിക്കുന്നത്.
കെ.കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രവാസി മലയാളി പ്രതി
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ശൈലജയുടെ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതി നൽകി 10 ദിവസത്തിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്.
ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യു.ഡി.എഫ് വനിതാ എംഎൽഎമാരായ കെ.കെ രമയും, ഉമ തോമസും ഇന്നലെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് പൊലീസിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.
മുൻ മന്ത്രി കൂടിയായ കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയായ മിൻഹാജിനെതിരെ കലാപാഹ്വാനത്തിനുള്ള വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.
- Apr 18, 2024 19:16 IST
പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ
പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. സജിലേഷ് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ്. സ്‌ഫോടനത്തിന് എവിടെ നിന്ന് വെടിമരുന്ന് ലഭിച്ചെന്ന പൊലീസ് പരിശോധനയ്‌ക്കിടെ വടകര മടപ്പള്ളിയില്‍ നിന്ന് വെടിമരുന്ന് പിടിച്ചെടുത്തിരുന്നു.
- Apr 18, 2024 17:34 IST
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി. കപ്പലിലെ 17 അംഗ ക്രൂവിലെ ഏക വനിതയായിരുന്ന തൃശൂര്‍ സ്വദേശിനി ആന്‍ ടെസ ജോസഫ് ആണ് തിരികെ നാട്ടിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ആന്‍ ടെസയെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ സ്വീകരിച്ചു. ആന്‍ ടെസയുടെ മോചനം നയതന്ത്ര വിജയമാണെന്നും കപ്പലില്‍ ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
- Apr 18, 2024 17:05 IST
യുഎഇയിലെ കനത്ത മഴ: ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
യുഎഇയിലെ കനത്ത മഴയിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കാൻ വിദേശകാര്യ വകുപ്പ് സംവിധാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെട്ടെന്ന് തന്നെ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Apr 18, 2024 15:19 IST
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ഇതുവരെ എടുത്തത് 4 കേസുകൾ
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ ഇതുവരെ എടുത്തത് 4 കേസുകൾ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി കെ.എം. മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ പേരാമ്പ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും നേരത്തേ കേസെടുത്തിരുന്നു. നാല് കേസുകളിലേയും പ്രതി ചേർക്കപ്പെട്ടവർ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
- Apr 18, 2024 13:57 IST
മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയത് പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശം
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസർഗോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയ സംഭവം പരിശോധിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തിൽ കൃത്യമായ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് ഭൂഷണാണ് വിഷയം സുപ്രീം കോടതിയിൽ എത്തിച്ചത്.
- Apr 18, 2024 13:30 IST
വോട്ട് വേണ്ട അനിലിന് പിതാവിന്റെ അനുഗ്രഹം മതിയെന്ന് രാജ്നാഥ് സിംഗ്
ഒരു പിതാവെന്ന നിലയിൽ അനിൽ ആന്റണിക്ക് എ.കെ ആന്റണിയുടെ അനുഗ്രഹമുണ്ടാകുമെന്ന് താൻ കരുതുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. മുൻ പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ലെന്നും പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്‍റണി പറഞ്ഞതെന്നാണ് താൻ കരുതുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
- Apr 18, 2024 11:50 IST
വിദ്വേഷ പ്രസംഗത്തിന് ഷമ മുഹമ്മദിനെതിരെ കേസ്
കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്തു. യൂഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവന് വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ മതസ്പർദ്ധ പരത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് ഷമക്കെതിരായ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത്താണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.