തിരുവനന്തപുരം: പാക്കിസ്ഥാന്‍ ജയിലില്‍ മരിച്ച ഐസിസ് ബന്ധമാരോപിക്കുന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും. അബുദാബിയില്‍ നിന്ന് കാണാതായ സുല്‍ഫിക്കര്‍(48) ഐസിസില്‍ ചേരാന്‍ എത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സുല്‍ഫിക്കറിന്റെ മൃതദേഹം അട്ടാരി അതിര്‍ത്തിയില്‍ വെച്ച് കൈമാറുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാലക്കാട് ജില്ലയിലെ കപ്പൂരിലെ സുല്‍ഫിക്കര്‍ അബുദാബി വിട്ട് ഐഎസില്‍ ചേരാന്‍ പോയതായി പ്രഥമദൃഷ്ട്യാ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 2018ല്‍ കേരളം വിട്ട സുല്‍ഫിക്കറിനെ കാണാതായതില്‍ ദുരൂഹതയുളളതായും അന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു.
അബുദാബിയില്‍ നിന്ന് കാണാതായത് മുതല്‍ ഇയാള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ ഇറാനിലേക്ക് മാറിയെന്നും പിന്നീട് പാകിസ്ഥാന്‍ ജയിലില്‍ എത്തിയെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്,’ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുല്‍ഫിക്കറിന്റെ മരണം സംബന്ധിച്ച വിവരം പാകിസ്താന്‍ പൊലീസില്‍നിന്ന് ഇന്ത്യക്ക് ലഭിച്ചത്. സുല്‍ഫിക്കറിന്റെ മൃതദേഹം അട്ടാരി അതിര്‍ത്തിയില്‍ വിട്ടുനല്‍കുമെന്ന് അമൃത്സറിലെ എഫ്ആര്‍ഒ വഴി പാകിസ്ഥാന്‍ ഏജന്‍സികള്‍ ഇന്ത്യാ സര്‍ക്കാരിനെ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനാണ് സുല്‍ഫിക്കര്‍ നാടുവിട്ടതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം താല്‍പര്യം കാണിക്കാത്തതിനാല്‍ പാലക്കാട്ടേക്ക് കൊണ്ടുപോകാനാണ് സാധ്യത.