ജയ്പൂർ: ജയ്പൂരിൽ മലയാളി യുവാവിനെ ഭാര്യയുടെയും അമ്മയുടെയും കൺമുന്നിൽവച്ച് വെടിവച്ചു കൊന്നു. 28 കാരനായ സിവിൽ എൻജിനീയർ അമിത് നായരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ അമിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു വർഷങ്ങൾക്കു മുൻപ് അമിത് ജയ്പൂർ സ്വദേശിയായ മാംത ചൗധരിയെ വിവാഹം ചെയ്തിരുന്നു. വിവാഹത്തിന് മാംതയുടെ മാതാപിതാക്കളായ രാംജീവൻ ചൗധരിയും ഭാഗ്‌വാനി ദേവിയും എതിർപ്പായിരുന്നു. ”ഇന്നലെ രാവിലെ വീട്ടിൽ അച്ഛനും അമ്മയും എത്തി. അവർക്കൊപ്പം പോകാൻ എന്നെ നിർബന്ധിച്ചു. ഇതു വിസമ്മതിച്ചതോടെ അവർക്കൊപ്പം കൂടെ വന്ന ഒരാൾ അമിതിനു നേരെ വെടിവയ്ക്കുകയായിരുന്നു”വെന്നാണ് മാംത പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

സംഭവത്തിൽ അമിതിന്റെ അമ്മ രമാ ദേവി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പറയുന്നത് ഇങ്ങനെ: ”മാംതയുടെ അച്ഛനും അമ്മയും വീട്ടിൽ വരുന്ന സമയത്ത് അമിത് ഉറക്കമായിരുന്നു. മാംതയും ഞാനും എന്റെ മകളായ വൈഷ്ണവിയും ചേർന്നാണ് അവരെ സ്വീകരിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ അമിത് ഉറക്കമുണർന്ന് പുറത്തേക്ക് വന്നു. അമിതിനെ ഉപേക്ഷിച്ച് അവർക്കൊപ്പം പോകാൻ മാംതയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ചെറിയ വാക്കു തർക്കമുണ്ടായി. അവരെന്തൊക്കെ പറഞ്ഞിട്ടും മാംത കൂടെ പോകാൻ തയാറായില്ല. പെട്ടെന്ന് അവർ പുറത്തു കാത്തുനിന്ന ഒരാളെ വിളിച്ചു. അയാൾ അകത്തുകടന്ന് കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് അമിതിനെ വെടിവച്ചു. വെടിയേറ്റ അമിത് സോഫയിലേക്ക് വീണു. മാംതയെ മാതാപിതാക്കൾ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. മാംത എതിർത്തുനിന്നതോടെ മകളെ ഉപേക്ഷിച്ച് അവർ കാറിൽ കയറിപ്പോയി”.

അമിതിന്റെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook