മുംബൈ: ഭാര്യയുടെ അസുഖ വിവരമറിഞ്ഞ് ഗൾഫിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. ഒമാനിൽ നിന്നും മുംബൈയിലെത്തിയ മലപ്പുറം സ്വദേശി മൂസ ചെറുവാര (37) ആണ് മുംബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

മാർച്ച് 24 ന് അതിരാവിലെയായിരുന്നു സംഭവം. ഷിരിയ അബ്ദുള്ള മുഹമ്മദ് അരീഫ് എ്ന പേരിനൊപ്പം ഉള്ള ചിത്രം മാറ്റിവച്ചതാണെന്ന് സംശയം തോന്നിയിട്ടാണ് മൂസയെ ഇമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. പിന്നീട് പാസ്പോർട്ടിന്റെ ഡിജിറ്റൽ രേഖകൾ പരിശോധിച്ചപ്പോൾ ഇത് വ്യാജമാണെന്ന് മനസിലായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചിത്രം തെറ്റായി പതിപ്പിച്ചതാണെന്ന് വ്യക്തമായതോടെ ഇതേപ്പറ്റി മൂസയോട് ചോദിച്ചു. മൂസ കുറ്റം സമ്മതിച്ചതായാണ് വിവരം. 1998 ൽ ഗൾഫിൽ പാചകക്കാരനായി ജോലി ലഭിച്ചാണ് മൂസ പോയത്. 2005 ൽ ഇയാളുടെ പാസ്‌പോർട്ട് അഞ്ച് ലക്ഷം രൂപയ്ക്ക് യുഎഇ സ്വദേശിക്ക് വിറ്റെന്നാണ് വിവരം. മലപ്പുറത്ത് വീട് നിർമ്മിക്കാനാണ് പാസ്പോർട്ട് വിറ്റത്.

കഴിഞ്ഞ ആഴ്ച ഭാര്യ അസുഖബാധിതയായ വിവരമറിഞ്ഞാണ് മൂസ നാട്ടിലേക്ക് തിരികെ വരാൻ തീരുമാനിച്ചത്. എന്നാൽ പാസ്പോർട്ട് കൈയ്യിലില്ലാത്തതിനാൽ വരാൻ സാധിച്ചില്ല. “പ്രതി യുഎഇ യിലെ ട്രാവൽ ഏജന്റിന്റെ സഹായത്തോടെയാണ് പാസ്പോർട്ട് സംഘടിപ്പിച്ചത്. മറ്റൊരാളുടെ പാസ്പോർട്ടിൽ പിന്നീട് ഇയാളുടെ ചിത്രം വെട്ടിയൊട്ടിക്കുകയായിരുന്നു” എന്ന് സഹർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ബാബുറാവു മുഖേദ്‌കർ പറഞ്ഞു. വ്യാജ പാസ്പോർട്ട് ചമച്ചതിനും വഞ്ചനയ്ക്കുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം 1998 ൽ യുഎഇ യിലെ മൂസയുടെ തൊഴിൽ ദാതാവ് പാസ്പോർട്ട് കൈവശപ്പെടുത്തിയതായി പ്രതിയുടെ അഭിഭാഷകൻ അഡ്വ പ്രഭാകർ ത്രിപദി പറഞ്ഞു. കുറച്ച് വർഷത്തേക്ക് കൂടി മൂസയും തൊഴിൽദാതാവും തമ്മിൽ കരാർ നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് പാസ്പോർട്ട് ലഭിക്കാതിരുന്നത്.
നാട്ടിലേക്ക് ഉടനടി മടങ്ങേണ്ടത് കൊണ്ട് ഒരു ട്രാവൽ ഏജന്റിനെ സമീപിച്ചതാണ്. എന്നാൽ ഇയാൾ ചതിച്ചതായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ