ന്യൂഡൽഹി: ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി മലയാളി. കോച്ചി സ്വദേശിയായ ചിതരേഷ് നടേശനാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ലോക ബോഡിബില്‍ഡിങ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുയുബിപിഎഫ്) ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് പട്ടമാണ് നടേശന്‍ സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നടേശന്‍.
ദക്ഷിണകൊറിയയിലായിരുന്നു മത്സരം നടന്നത്. ലോക ബോഡിബില്‍ഡിങ് ആൻഡ് ഫിസിക് സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. 90 കിലോഗ്രാം വിഭാഗത്തിലാണ് നടേശന്‍ മത്സരിച്ചത്. 38 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ആറ് സ്വര്‍ണവും 13 വെള്ളിയും നാല് വെങ്കലവുമടക്കം 23 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടീം ഇനത്തില്‍ ഇന്ത്യ രണ്ടാമതുമെത്തി. തായ്‌ലാന്റാണ് ഒന്നാമത്. നേരത്തെ ഏഷ്യന്‍ ബോഡിബിള്‍ഡിങ് ചാമ്പ്യന്‍ഷിപ്പും നടേശന്‍ നേടിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ബോഡി ബില്‍ഡിങ് രംഗത്ത് സജീവമാണ് താരം.രാജ്യത്തിന് മെഡല്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.