തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കേണ്ടതില്ലെന്ന് എസ്എഫ്ഐ. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിൽ തീരുമാനമായത്. ലക്ഷ്മി നായരെ അഞ്ച് വർഷത്തേയ്ക്ക് ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയാൽ മതിയെന്ന ആവശ്യം എസ്എഫ്ഐ സംസ്ഥാന നേതൃത്വം മാനേജ്മെന്റിനെ അറിയിക്കും.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.വിജിനും സെക്രട്ടറി ജെയ്ക് സി.തോമസ് എന്നിവർ മാനേജ്മെന്റുമായി നടത്തുന്ന ചർച്ച തുടരുകയാണ്. സംസ്ഥാന കമ്മിറ്റി തീരുമാനം മാനേജ്മെന്റ് അംഗീകരിച്ചാൽ എസ്എഫ്ഐ സമരത്തിൽ നിന്ന് ഇന്ന് തന്നെ പിന്മാറിയേക്കും. ഇന്നലെ നടന്ന ചർച്ചയിലും എസ്എഫ്ഐ മാനേജ്മെന്റുമായി ഭിന്നതയിലല്ല പിരിഞ്ഞത്. വിദ്യാർത്ഥികളുടെ 90 ശതമാനം ആവശ്യത്തിലും മാനേജ്മെന്റ് അനുകൂലമായ നിലപാടിലേക്കെത്തിയെന്ന് ഇന്നലെ തന്നെ എസ്എഫ്ഐ നേതാക്കൾ പറഞ്ഞിരുന്നു.
അതിനിടെ, സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ആവശ്യത്തിൽ ലക്ഷ്മി നായർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. രാഷ്ട്രീയ പാർട്ടികൾ സമരത്തെ പിന്തുണയ്ക്കുന്നത് തടയാനാവില്ലെന്നും സമരപ്പന്തൽ പൊളിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സ്ഥലത്തെ സി.ഐ അക്കാദമിയിലെ പൂർവ വിദ്യാർത്ഥിയാണെന്നും, പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനുള്ള ശ്രമമാണ് മാനേജ്മെന്റിന്റേതെന്നും സമരത്തിലുള്ള മറ്റു വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.