ന്യൂഡൽഹി: കേരളത്തിൽ മാത്രമല്ല രാജ്യത്തെ മറ്റ പല സംസ്ഥാനങ്ങളിലും കാലവർഷം കലിതുള്ളുകയാണ്. മഴക്കെടുതി രൂക്ഷമായ സംസ്ഥാനങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ഈ സന്ദർശനത്തിൽ നിന്നും കേരളത്തെ മനപൂർവ്വം ഒഴിവാക്കിയെന്ന ആരോപണവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്ത്. ഞാറാഴ്ചയാണ് കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ അമിത് ഷാ സന്ദർശനം നടത്തിയത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. മഴക്കെടുതി ഏറ്റവും അധികം ബാധിച്ച കേരളത്തിൽ കേന്ദ്രമന്ത്രി സന്ദർശനം നടത്താതിരുന്നത് മനപൂർവ്വം ആണെന്ന് പോളിറ്റ് ബ്യൂറോ വാർത്തകുറിപ്പിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന തരത്തിൽ ബിജെപി-ആർഎസ്എസ് കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നുണ്ടെന്നും സിപിഎം കുറ്റപ്പെടുത്തി.

കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ഇതുവരെ 72 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കുകയും 1639 വീടുകള്‍ തകരുകയും ചെയ്തു. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം ദുരന്ത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പ്രതികരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ക്യാംപ് നടത്തിപ്പും രാഹുല്‍ ഗാന്ധി വിലയിരുത്തി. അതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook