കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനങ്ങളില്‍ കലയേക്കാള്‍ ചര്‍ച്ചയായത് ഊട്ടുപുരയിലെ വിഭവങ്ങളായിരുന്നു. കാലാകാലങ്ങളായി കലോത്സവത്തിന് സദ്യ വിളമ്പുന്നതല്ലെ, എന്തുകൊണ്ട് മാംസാഹാരം കൊടുക്കുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നത്. ചോദ്യം വൈകാതെ തന്നെ വലിയ ചര്‍ച്ചയാവുകയും ചെയ്തു.
പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി എത്തി. ഭൂരിഭാഗം പേരും മാംസാഹരം കഴിക്കുന്ന കാലത്ത് എന്തിനാണ് സദ്യയെന്നായിരുന്നു വിമര്‍ശം. തൂശനിലയിലേക്ക് രാഷ്ട്രീയവും വിളമ്പി പലരും. ഒടുവില്‍ സദ്യയൊരുക്കുന്ന പഴിയിടം പറഞ്ഞു, നമ്മളെ വിട്ടേക്കു സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്ന്. വൈകാതെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിവാദങ്ങള്‍ക്ക് കര്‍ട്ടനിട്ടു.
അടുത്ത കലോത്സവം മുതല്‍ മാംസാഹാരവും ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്. ഇത്തവണ പറ്റുമെങ്കില്‍ അത് സാധ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ സ്കൂളുകളില്‍ മുട്ടയും പാലുമൊക്കെ കൊടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിദ്യാര്‍ഥികള്‍ക്ക് നല്ല ആഹാരം ഉറപ്പാക്കാന്‍ ഓരോ വര്‍ഷവും മെച്ചപ്പെട്ട പദ്ധതികളും കൊണ്ടുവരുന്നു.
എന്നാല്‍ സ്ഥിരമായി മാംസാഹാരം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണ്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നതാണോ കാരണം. ലക്ഷക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്ത് മാംസാഹാര വിതരണം വലിയ ചിലവായിരിക്കുമെന്ന് ഊഹിക്കാവുന്ന കാര്യമാണ്.
എന്നാല്‍ അങ്ങ് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ അല്‍പ്പം റിസ്കെടുക്കുകയാണിപ്പോള്‍. കുട്ടികള്‍ക്ക് ചിക്കനും പഴവും, അതാണ് മമത ബാനര്‍ജിയുടെ ത്രിണമൂല്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി.
ജനുവരി മുതില്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിക്കനും പഴങ്ങളും കൊടുക്കാന്‍ തീരുമാനമായി. എന്നാല്‍ നാല് മാസം മാത്രമായി വിതരണം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തീരുമാനമാണെന്നാണ് ആക്ഷേപം.
മതിയായ പണമില്ലാത്തതിനാലാണ് നാല് മാസമായി പദ്ധതി ചുരുക്കിയതെന്നാണ് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്ര ബ്രത്യ ബസു ദി ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞത്. ഈ വര്‍ഷം മുഴുവന്‍ പദ്ധതി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഫണ്ടിന്റെ അഭാവമാണ് നാല് മാസമായി ചുരുക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 372 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നല്‍കുന്നത്. സംസ്ഥാനത്തെ 1.16 കോടി കുട്ടികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പിഎം പോഷന് കീഴിലാണ് പദ്ധതി വരുന്നത്. പിഎം പോഷനില്‍ സംസ്ഥാന കേന്ദ്ര വിഹിതം 60:40 ആനുപാതത്തിലാണ്. എന്നാല്‍ പുതിയ പദ്ധതിയിക്കായുള്ള മുഴുവന്‍ തുകയും ചിലവഴിക്കുന്നത് ത്രിണമൂല്‍ സര്‍ക്കാരാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന കാര്യം മനസിലായതുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ ആരോപിച്ചു. ചിക്കനും പഴവും കൊടുത്ത് ജനങ്ങളുടെ വോട്ട് വിലയ്ക്ക് വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ഏറെ നാളായുള്ള ജനങ്ങളുടെ ആവശ്യമാണ് സര്‍ക്കാര്‍ നിറവേറ്റിയതെന്നും ഇത് നല്ല കാര്യമാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ജനങ്ങള്‍ക്ക് ഗുണമുള്ളതിനാല്‍ എതിര്‍ക്കുന്നില്ല എന്നും സുജന്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസും സ്വീകരിച്ചത്.