ന്യൂഡൽഹി: മുല്ലപ്പെരിയാർ ബേബി ഡാം ബാലപ്പടുത്താൻ നിർദേശിച്ച് കേരളത്തിന് കേന്ദ്ര സർക്കാരിന്റെ കത്ത്. സംസ്ഥാന ജലവിഭവ പരിസ്ഥിതി ചീഫ് സെക്രട്ടറി ടി.കെ ജോസിന് കേന്ദ്ര ജല വിഭവ വകുപ്പ് സെക്രട്ടറിയാണ് കത്തയച്ചത്. തമിഴ്‌നാട് ആവശ്യപ്പെട്ടത് പ്രകാരമാണ് കേന്ദ്ര നിർദേശം.
എർത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് ഇന്നലെ അയച്ച കത്തിലെ ആവശ്യം. നേരത്തെ ബേബി ഡാം ബലപ്പെടുത്തുന്നതിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് കേരളം അനുമതി നൽകിയിരുന്നു. എന്നാൽ അത് വിവാദമായതോടെ ആ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. അതിനു പിന്നാലെയാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.
ഇതിനിടെ, മരം മുറിക്കാൻ തമിഴ്നാട് സർക്കാരിന് അനുമതി നൽകിയതിൽ സർക്കാർ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. ഉത്തരവ് റദ്ദാക്കാനാകുമോയെന്ന കാര്യത്തിലാണ് ഉപദേശം തേടിയതെന്നാണ് വിവരം.
മുല്ലപ്പെരിയാർ റൂൾകർവ് പുനഃപരിശോധിക്കണം; ശാശ്വത പരിഹാരം പുതിയ അണക്കെട്ടെന്നും കേരളം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന് നിശ്ചയിച്ച റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ 30ന് അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താൻ നിർദേശിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
അണക്കെട്ട് സംബന്ധിച്ച നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. കോടതിയുടെ നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചത്.
നാലു വർഷത്തിനിടയിൽ കേരളത്തിലെ മഴയുടെ രീതിയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇത് മുല്ലപ്പെരിയാറിനെയും ബാധിച്ചിട്ടുണ്ട്. ശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരും. അങ്ങനെ വന്നാൽ അധിക ജലം ഇടുക്കിയിലേക്ക് ഒഴുക്കേണ്ടി വരും. ഈ സമയം ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കേരളം സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതെല്ലാം പരിഗണിച്ചു കൊണ്ട് റൂൾ കർവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. തമിഴ്‌നാടിന്റെ റൂൾ കർവ് പ്രകാരം നവംബർ 30ന് ജലനിരപ്പ് 142 ആയി നിലനിർത്താം. ഇതിൽ പുനഃപരിശോധന വേണമെന്നാണ് ആവശ്യം.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ ജോ ജോസഫും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
അശ്രദ്ധമായി അണക്കെട്ടിന്‍റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നതെന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു.
Also Read: കോട്ടയത്ത് നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേർ മരിച്ചു