ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ചരീതിയിൽ ഭരിക്കപ്പെടുന്ന സംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ (പിഎസി) റാങ്കിങ്. പബ്ലിക് അഫയേഴ്‌സ് സെന്റർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്സ്-2020 റാങ്കിങ്ങിലാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് ഒന്നാം സ്ഥാനം. ഉത്തർപ്രദേശ് ആണ് ഈ സൂചികയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനം.

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരി രംഗന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ പിഎസി വെള്ളിയാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയിട്ടുള്ളത്. സുസ്ഥിര വികസനം അടക്കമുള്ള മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള സൂചിക അനുസരിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തിന്റെ പ്രകടനങ്ങളെ റാങ്ക് ചെയ്തിട്ടുള്ളത്.

തെക്കൻ സംസ്ഥാനങ്ങളായ കേരളം (1.388 പി‌എ‌ഐ ഇൻ‌ഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ആദ്യ നാല് റാങ്കുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നിവയാണ് ഈ വിഭാഗത്തിൽ റാങ്കിംഗിൽ ഏറ്റവും പിറകിൽ. യഥാക്രമം -1.461, -1.201, -1.158 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളുടെ റാങ്കിങ്.

ചെറിയ സംസ്ഥാന വിഭാഗത്തിൽ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചൽ പ്രദേശ് (0.725) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി.

പി‌എസി റിപ്പോർട്ടിൽ ഈ വിഭാഗത്തിൽ മണിപ്പൂർ (-0.363), ഡൽഹി (-0.289), ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് ഏറ്റവും പിറകിൽ.

കേന്ദ്ര ഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ 1.05 പി‌ഐ‌ഐ പോയിന്റുമായി ചണ്ഡിഗഢ് ആണ് ഒന്നാമത്. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ദാദ്ര- നഗർ ഹവേലി (-0.69), ജമ്മു-കശ്മീർ (-0.50), ആൻഡമാൻ-നിക്കോബാർ (-0.30) എന്നിവയാണ് ഈ വിഭാഗത്തിൽ ഏറ്റവും പിറകിൽ. പക്ഷപാതരാഹിത്യം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങൾ അടിസ്ഥാനമാക്കി സുസ്ഥിര വികസനം വിശകലനം ചെയ്താണ് സംസ്ഥാനങ്ങളിലെ ഭരണങ്ങളുടെ പ്രകടനം വിലയിരുത്തിയതെന്ന് പിഎസി പറയുന്നു.

“പി‌എ‌ഐ 2020 മുന്നോട്ട് വയ്ക്കുന്ന തെളിവുകളും അത് നൽകുന്ന ഉൾക്കാഴ്ചകളും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നു,” എന്ന് റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ സംസാരിച്ച കസ്തൂരിരങ്കൻ പറഞ്ഞു.

Read More: Kerala, Goa and Chandigarh best governed states and union territory, says PAC ranking

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook