scorecardresearch
Latest News

Kerala Floods: എന്താണ് ദേശീയ ദുരന്തം?

Kerala Floods: കേരളത്തിലെ തകർത്തെറിഞ്ഞ പ്രളയത്തെ​ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുന്നു. എന്താണ് ദേശീയ ദുരന്തം. ദുരന്തങ്ങളെ എങ്ങനെയാണ് തരംതിരിക്കുന്നത്

Kerala Floods: എന്താണ് ദേശീയ ദുരന്തം?

Kerala Floods: കേരളത്തിലെമ്പാടും അത്യന്തം നാശം വിതച്ച ഭീകര പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യമുന്നയിച്ച് ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെയും, ഒപ്പം കോൺഗ്രസ്സിലെയും രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെടുന്നു. “പ്രധാനമന്ത്രീ, ദയവായി കേരളത്തിലെ പ്രളയത്തെ ഒരു ദേശീയ ദുരന്തമായി ഉടനടി പ്രഖ്യാപിക്കുക, ലക്ഷക്കണക്കിന് ആളുകളുടെ ജീവിതവും ഉപജീവനവും ഭാവിയും അപകടത്തിലാണ്” എന്ന് വെളളിയാഴ്ച ട്വിറ്ററിലൂടെ രാഹുൽ ഗാന്ധിയും ഇതേ ആവശ്യമാണുന്നയിച്ചത്. എന്നാൽ കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ചട്ടമില്ലെന്നും അത് പൊതുവികാരം മാത്രമാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ദുരന്തമെന്നതിനെ നിർ‌വചിക്കുന്നതിനായി മുൻ കാലത്തെ രേഖകൾ പരിശോധിച്ച് ദുരന്തങ്ങളെ വിലയിരുത്തുന്ന രീതികളിലേയ്ക്കും അവ അടിസ്ഥാനപരമായി എന്താണുദ്ദേശിക്കുന്നതെന്നതിലേയ്ക്കും രാഹുല്‍ തൃപാഠി നടത്തുന്ന അന്വേഷണം

നിയമം എങ്ങനെയാണൊരു ദുരന്തത്തെ നിർവ്വചിക്കുന്നത്?

“ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, 2005” അനുസരിച്ച്, എന്താണ് ദുരന്തം എന്ന നിർവ്വചനം എന്ന് പരിശോധിക്കാം: സ്വാഭാവികമോ, മനുഷ്യനിർമ്മിതമോ, ആകസ്മികമോ ആയ കാരണങ്ങളാലോ അശ്രദ്ധ മൂലമോ ഉണ്ടാകുന്നതും ഗണ്യമായ തോതിൽ മനുഷ്യജീവഹാനിയോ സ്വത്തിനും വസ്തുവകകൾക്കും നാശനഷ്ടങ്ങളോ, പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുകയും ആ പ്രദേശത്തിന് താങ്ങാനാവാത്ത വിധത്തിലുള്ള ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന വിധത്തിലുള്ള ഒരു മഹാവിപത്തോ, അപകടമോ അത്യാഹിതമോ ആണ് ദുരന്തമെന്നത്കൊണ്ട് ഈ നിയമപ്രകാരം വിവക്ഷിക്കുന്നത്. ഭൂകമ്പം, പ്രളയം, മണ്ണിടിച്ചിൽ (ഉരുൾപൊട്ടൽ), ചുഴലിക്കൊടുങ്കാറ്റ്, സുനാമി, താപവാതങ്ങൾ, എന്നിവ പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നു. ആണവ, ജൈവിക, രാസ അപകടങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങളാണ്.

എങ്ങനെയാണിവയിലൊന്നിനെ ദേശീയ ദുരന്തമായി അടയാളപ്പെടുത്തുന്നത്?

ഒരു ദുരന്തത്തെ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമോ ഭരണപരമോ ആയ വ്യവസ്ഥകളില്ല. ”സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) എന്നിവയുടെ നിലവിലുള്ള നിയമാവലികളിൽ ഒരു അത്യാപത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള ഉപാധികൾ ഉൾപ്പെടുന്നില്ല”, പാർലമെന്റിന്റെ മണുസൂൺ സമ്മേളനത്തിൽ​ ചോദ്യത്തിനുത്തരമായി ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തെയും 1999ൽ ഒഡീഷയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെയും “പൂർവ്വ ദൃഷ്ടാന്തങ്ങളില്ലാത്തത്ര ഭീകരതയാർന്ന ദുരന്തങ്ങളായി” സർക്കാർ പരിഗണിച്ചതായി, അന്നത്തെ കൃഷി സഹമന്ത്രിയായിരുന്ന ശ്രീപദ് നായിക്ക്, 2001 മാർച്ചിൽ പാർലമെന്റിൽ പറഞ്ഞിരുന്നു.

ദേശീയ ദുരന്തം എന്നതിനെ നിർവചിക്കുവാനുള്ള ശ്രമങ്ങൾ എന്നെങ്കിലുമുണ്ടായിട്ടുണ്ടോ?

2001 ൽ, ദേശീയ ദുരന്തത്തെ നിർവ്വചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് രൂപം കൊടുക്കുവാൻ, അന്നത്തെ പ്രധാനമന്ത്രി ചെയർമാനായിരുന്ന ദേശീയ ദുരന്ത നിവാരണ സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. പക്ഷേ, ആ കമ്മിറ്റി കൃത്യമായ യാതൊരു മാനദണ്ഡങ്ങളും രൂപീകരിച്ചില്ല. സമീപകാലത്ത്, 2013 ലെ ഉത്തരാഖണ്ഡ് പ്രളയവും 2014 ലെ ആന്ധ്രാപ്രദേശ് ചുഴലിക്കൊടുങ്കാറ്റും 2015 ലെ അസം പ്രളയവും പോലെയുള്ള ദുരന്തങ്ങളെ ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാനങ്ങളുന്നയിച്ചിരുന്നു.

എങ്ങനെയാണ് സർക്കാർ ദുരന്തങ്ങളെ അഥവാ അത്യാപത്തുകളെ തരംതിരിക്കുന്നത്?

ഒരു ദുരന്തം, സംസ്ഥാനത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെ ബാധിക്കുകയാണെങ്കിൽ, അതിനെ ‘അപൂർവ്വഗുരുതരമായ ദേശീയ ദുരന്തം’ എന്ന് വിളിക്കാമെന്നു നിർദ്ദേശിക്കുന്ന ഒരു ശുപാർശ പത്താം ധനകാര്യ കമ്മീഷന്റെ (1995-2000) പരിഗണനയിൽ വന്നു. എന്നാൽ, സമിതി അത്തരത്തിലൊന്നിനെ നിർവ്വചിച്ചില്ല, പകരം, അപകടത്തിന്റെ തീവ്രതയും വ്യാപനവും, സഹായാവശ്യകതയും, കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ കഴിവും ദുരിതാശ്വാസങ്ങൾ നൽകുന്നതിനുള്ള മറ്റ് സാധ്യതകളും എല്ലാം കണക്കിലെടുത്ത് ഓരോ സംഭവത്തിലും, ഗുരുതരാവസ്ഥ അനുയോജ്യമായ വിധത്തിൽ കണക്കാക്കണമെന്നാണ് തീരുമാനിച്ചത്. ഉത്തരാഖണ്ഡ് പ്രളയവും ആന്ധ്രാപ്രദേശ് ചുഴലിക്കൊടുങ്കാറ്റും പിന്നീട് ‘ഗുരുതരസ്വഭാവമുള്ളവ’യായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഒരു ദുരന്തത്തെ അത്തരത്തിൽ അടയാളപ്പെടുത്തുന്നതുകൊണ്ട് എന്താണ്  സംഭവിക്കുക?

ഒരു ദുരന്തത്തെ ‘അപൂർവ്വ ഗുരുതരമായ’ അഥവാ ‘ഗുരുതര സ്വഭാവമുള്ള’ എന്നു പ്രഖ്യാപിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തിനുള്ള പിന്തുണയും സഹായവും ദേശീയ തലത്തിൽ നിന്നാകണം. ദുരന്ത നിവാരണസേനയുടെ അധികസഹായവും കേന്ദ്രം പരിഗണിക്കും. ദുരന്തം നേരിടുന്നതിന് “ ദുരിതാശ്വാസ നിധി” (സിആർഎഫ്) രൂപീകരിക്കുകയും അതിലേയ്ക്കുള്ള ധനം 3:1 എന്ന വിഭാഗത്തിൽ കേന്ദ്രവും സംസ്ഥാനവും പങ്കു വയ്ക്കുകയും ചെയ്യും. ഈ ദുരിതാശ്വാസ നിധി (സിആർഎഫ്) യിൽ നിന്നുള്ള ധനം, പര്യാപ്തമല്ലെങ്കിൽ, 100 ശതമാനവും കേന്ദ്രത്തിന്റേതായ ദേശീയ ദുരന്ത നിവാരണ ഫണ്ട് (എൻസിസിഎഫ്, നാഷണൽ കലാമിറ്റി കണ്ടിൻ‌ജൻസി ഫണ്ട്) ൽ നിന്നും അധികസഹായം അനുവദിക്കും. ദുരന്തത്തെ അപൂർ‌വ്വ ഗുരുതരമായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ, ദുരന്തബാധിതരായ ജനങ്ങളുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ ഇളവനുവദിക്കുക, സഹായ വ്യവസ്ഥകളിൽ പുതുതായി കടങ്ങൾ നൽകുക എന്നിവയും സാധ്യമാകുന്നു.

എങ്ങനെയാണ് ധനസഹായം തീരുമാനിക്കപ്പെടുന്നത്?

2009 ലെ “ദുരന്ത നിവാരണ ദേശീയ നിയമമനുസരിച്ച്, ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള“ നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി” യാണ് ദേശീയാഘാതങ്ങളുണ്ടാക്കിയതോ അപൂർവ്വ ഗുരുതരമോ ആയ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നത്. അപകടത്തിന്റെ ഗൗരവവും ദുരിതാശ്വാസത്തിന്റെ അളവും കണക്കാക്കുന്നതിന് കേന്ദ്ര മന്ത്രികാര്യാലയ തലത്തിലുള്ള സംഘങ്ങൾ രൂപീകരിക്കുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായിട്ടുള്ള ഇത്തരം സംഘങ്ങൾ ദുരന്തത്തിന്റെ ആഘാതങ്ങൾ പഠിക്കുകയും എൻഡിആർഎഫ് / എൻസിസിഎഫ് എന്നിവയിൽ നിന്നുള്ള സഹായ ധനത്തിന്റെ തുക ശുപാർശ ചെയ്യുകയും ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി, കേന്ദ്ര സാമ്പത്തിക മന്ത്രി അധ്യക്ഷനും ആഭ്യന്തര മന്ത്രി, കൃഷി വകുപ്പ് മന്ത്രി, ആസൂത്രണ കമ്മീഷൻ ഡപ്യൂട്ടി ചെയർമാൻ എന്നിവർ അംഗങ്ങളുമായ ഉന്നതതല സമിതിയാണ് കേന്ദ്ര സഹായധനം നിശ്ചയിച്ചനുവദിക്കുന്നത്.

ദേശീയ ദുരിതാശ്വാസ സേനയുടെ (എൻഡിആർഎഫ്) യുടെ കീഴിൽ വിതരണം ചെയ്യപ്പെടുന്ന സഹായധനം എത്രത്തോളം?

കഴിഞ്ഞ ജനുവരിയിൽ മന്ത്രി റിജ്ജു പാർലമെന്റിൽ നൽകിയ മറുപടിയനുസരിച്ച്, കേന്ദ്രം, 2014-15 ൽ 3,460.88 കോടിയും 2015-16 ൽ 12,451.9 കോടിയും 2016-17 ൽ 11,441.30 കോടിയും വിവിധ സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്തു. 2017-18; ഡിസംബർ 27 വരെ 2,082.45 കോടി രൂപയാണ് വിതരണം ചെയ്തത്. സഹായധനലഭ്യതയുടെ സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കിൽ, 2016-17 ൽ കർണ്ണാടക ( 2,292.50 കോടി) മഹാരാഷ്ട്ര ( 2,224.78 കോടി ) രാജസ്ഥാൻ ( 1378.13 കോടി) എന്നിവയാണു മുൻപന്തിയിൽ.

Read More: Simply Put: What is a ‘national disaster’?

മറ്റു രാജ്യങ്ങൾ എങ്ങനെയാണ് ദുരന്തങ്ങളെ തരം തിരിക്കുന്നത്?

യുണൈറ്റഡ് സ്റ്റേറ്റ്സിൽ “ഫെഡറൽ എമർ‌ജൻസി മാനേജ്മെന്റ് ഏജൻസി (എഫ്ഇഎംഎ) ആണു സർക്കാരിന്റെ ദുരിത നിവാരണ പരിപാടികളെ ഏകോപിപ്പിക്കുന്നത്. ഒരു സംസ്ഥാനത്തിനോ പ്രാദേശിക ഭരണസംവിധാനത്തിനോ കൈകാര്യം ചെയ്യാനാവുന്നതിലും വലിയ ദുരന്തവേളയിൽ, പ്രവിശ്യയുടെ ഗവർണ്ണർ / ചീഫ് എക്സിക്യൂട്ടീവ് , സ്റ്റാഫോർഡ് ആക്ട് പ്രകാരം കേന്ദ്രഭരണത്തോട് സഹായമാവശ്യപ്പെടാം. ചില പ്രത്യേകാവസരങ്ങളിൽ ഗവർണ്ണറുടെ അപേക്ഷയില്ലാതെയും അമേരിക്കൻ പ്രസിഡന്റ് ‘അടിയന്തിരാവസ്ഥ‘യായി പ്രഖ്യാപിക്കാറുണ്ട്. സ്റ്റാഫോർഡ് ആക്റ്റ് എമർജൻസി (ലിമിറ്റഡ്) , അഥവാ മേജർ ഡിസാസ്റ്റർ (കൂടുതൽ ഗുരുതരം) എന്നീ വിധങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ, പ്രാദേശിക, സംസ്ഥാന സർക്കാരുകൾക്കോ ചില സ്വകാര്യ ലാഭരഹിത സംഘടനകൾക്കോ വ്യക്തികൾക്കോ ധനസഹായം നൽകുന്നതിനുള്ള അധികാരം, സ്റ്റാഫോർഡ് നിയമമനുസരിച്ച്, അമേരിക്കൻ പ്രസിഡന്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kerala floods what is a national disaster