Kerala Floods: “നമ്മള് ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ട് വരുന്നില്ല, തിരിച്ചു പോകുമ്പോഴും ഒന്നും കൊണ്ട് പോകാന്‍ സാധ്യമല്ല. അതാണ് സത്യം”, ഡല്‍ഹിയില്‍ താമസിക്കുന്ന 49കാരനായ കുരുവിള കുളഞ്ചിക്കോമ്പില് സാമുമേല്‍ പറയുന്നു.
ദുരിതത്തിലാണ്ട കേരളത്തിനെ മനുഷ്യത്വപരമായ നടപടികളിലൂടെ കൈപിടിച്ചുയര്‍ത്തുന്ന സുമനസുകളുടെ കൂട്ടത്തില്‍ സവിശേഷ സ്ഥാനമുണ്ട് ഈ വൈദികന്. പത്തനംതിട്ടയിലെ അടൂരില്‍ തന്റെ പേരിലുള്ള 25 സെന്റ് ഭൂമി, വിപത്തില്‍ പെട്ട് മരണവടഞ്ഞവരെ സംസ്കാരത്തിനായി വിട്ടു നല്‍കിയിരിക്കുകയാണ് അദ്ദേഹം. അടൂര്‍ പ്രദേശത്ത് സെമിത്തേരികളും ഖബറിടങ്ങളും ശ്മശാനങ്ങളുമെല്ലാം വെള്ളം കയറിപ്പോയ സാഹചര്യത്തില്‍ മരണമടഞ്ഞവരുടെ ശരീരങ്ങള്‍ മറവു ചെയ്യാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ സഹായമാകും തീരുമാനം.
പല വര്‍ഷങ്ങളായി ഡല്‍ഹില്‍ വൈദികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സാമുവേല്‍. ബന്ധുക്കള്‍ അടൂരില്‍ താമസമുണ്ട്.
“മനുഷ്യ സഹജമായ സമര്‍പ്പണമാണിത്, ദൈവ നിശ്ചയവും”, ഡല്‍ഹിയില്‍ നിന്നും സാമുവേല്‍ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
ആയിരങ്ങളുടെ ജീവനും വീടും എല്ലാം നഷ്ടപ്പെട്ട സാഹചര്യമാണ് ഇങ്ങനൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മരിച്ചവരുടെ ശരീരങ്ങള്‍ എന്ത് ചെയ്യും എന്നുള്ളത്. ഇതിനായി എന്റെ ഭൂമി വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. അടൂര്‍ ടൌണില്‍ വടക്ക് വശത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് ആ സ്ഥലം. ഉയര്‍ന്ന പ്രദേശമായാത് കൊണ്ട് വെള്ളം കയറില്ല. ജാതി, മത, ലിംഗ ഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളെ സഹായത്തിനു വിളിക്കാം”, അദ്ദേഹം വ്യക്തമാക്കി.
“ഞാന്‍ സത്യക്രിസ്ത്യാനിയാണ്. എന്നാല്‍ ആവുന്നത് ചെയ്യുന്നു”, സാമുവേല്‍ വിശദീകരിച്ചു.
മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് അടൂര്‍ മുനിസിപല്‍ കോര്‍പറേഷനെ സമീപിക്കണം എന്നും സാമുവേല്‍ ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.