Kerala Floods: കേരളത്തെ തകർത്ത പ്രളയത്തിൽ 15,000 മുതൽ 20,000 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്ന അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡ്സ്ട്രി ഓഫ് ഇന്ത്യ (അസോചം) റിപ്പോർട്ട്. ചെറിയ ഒരു കാലയളവിനുളളിൽ ഞെട്ടിക്കുന്ന ആഘാതമാണ് കേരളത്തിന് ഉണ്ടായിരിക്കുന്നതെന്ന് അസോചം പറയുന്നു.

ടൂറിസം, നാണ്യവിളകൾ, കൊച്ചി തുറമുഖത്ത് നിന്നുള്ള രാജ്യാന്തര വ്യാപാരം ഉൾപ്പടെയുളള ​മേഖലകൾ എന്നിവിടങ്ങളിൽ​ സംഭവിക്കുന്ന തിരിച്ചടി ദശലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്ന് അസോചം റിപ്പോർട്ട് പറയുന്നു. ​അസോചത്തിന്റെ പ്രാഥമിക വിലയിരുത്തലാണിത്.

ഓഗസ്റ്റ് 8 മുതൽ​15 വരെയുളള​ കാലയളവിനുളളിൽ സംസ്ഥാനത്ത് പ്രതീക്ഷിത മഴയേക്കാൾ 250 ശതമാനം അധികം മഴയാണ് പെയ്തത്. പ്രളയക്കെടുതിയുടെ ആദ്യ ആഴ്ച പിന്നിട്ടപ്പോഴാണ് അസോചം ഇത് സംബന്ധിച്ച പ്രാഥമിക വിശകലനം നടത്തിയിരിക്കുന്നത്.

assocham report on kerala floods

Kerala Floods: കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് അസോചത്തിന്റെ പ്രാഥമിക വിലയിരുത്തൽ

ടൂറിസം, കാർഷിക മേഖല എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തരോൽപ്പാദനത്തിലെ എട്ട് ലക്ഷം കോടി രൂപ. കൃഷിയിൽ പ്രധാനമായും അരി, കുരുമുളക്, ഏലം, കശുവണ്ടി, തേയില, കാപ്പി, തേങ്ങ എന്നിവ പത്ത് ശതമാനം വീതമാണ് ജിഡിപിയിൽ സംഭാവന ചെയ്യുന്നത്. ടുറിസം ഇതിനേക്കാൾ കുറച്ച് കൂടുതൽ ജിഡിപിയിലേയ്ക്ക് നൽകുന്നുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ വ്യാപാരവും വ്യാപാരവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളുമാണ് ജിഡിപിയിലേയ്ക്ക് സംഭാവന നൽകുന്ന മറ്റൊരു മേഖല.

വിദേശ വ്യാപാരം എന്നാൽ നാണ്യവിളകളും വ്യാവസായിക ഉൽപ്പനങ്ങളും മാത്രമല്ല, കേരളത്തിൽ നിന്നുളള​ സർവീസുകളും ഉണ്ട്. ഇതിന് പുറമെ കൊച്ചിയിലും കേരളത്തിലെ മറ്റ് തുറമുഖങ്ങളിലും ഉൾപ്പടെ നടക്കുന്ന വാണിജ്യ പ്രവർത്തനങ്ങളും ജിഡിപിയിലേയ്ക്ക് സംഭാവന നൽകുന്നുണ്ട്. ജിഡിപിക്ക് സംഭാവന ചെയ്യുന്ന സംസ്ഥാനത്തെ എല്ലാ മേഖലകളും ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ് എന്ന് അസോചം റിപ്പോർട്ട് പറയുന്നു.

വിദേശത്ത് നിന്നും ഏറ്റവും കൂടുതൽ പ്രവാസികളുടെ പണം വരുന്ന സംസ്ഥാനം കേരളമാണ്. ഒട്ടേറെ മലയാളികളാണ് വിദേശങ്ങളിൽ, ​പ്രത്യേകിച്ച് ഗൾഫിൽ ജോലി ചെയ്യുന്നത്. ഇപ്പോൾ പ്രവാസികളിൽ നിന്നുളള നിക്ഷേപം ഉയരുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്. കുടുംബങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും അവർ തങ്ങളുടെ നിക്ഷേപ പരിധി വർധിപ്പിക്കുമെന്ന പ്രതീക്ഷയാണ് ​ഉളളത്. എന്നാൽ അത് മാത്രം ഒന്നിനും മതിയാകില്ല.

ദീർഘകാല പ്രത്യാഘാതമാണ് ഈ​ ദുരന്തം കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത്. പുനരധിവാസത്തെയും ദുരിതാശ്വാസത്തെയും മാത്രമല്ല, റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ ബ്രോഡ് ബാൻഡ് കേബിളുകൾ എന്നിവയുടെ പുനഃസ്ഥാപനം ഉൾപ്പടെയുളള അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണം വേണ്ടി വരും. മലയോരമേഖലയിലും എല്ലാം പുതുക്കി പണിയേണ്ട സ്ഥിതിയാണ്. വീടുകൾ പുതുക്കിയെടുക്കുന്നതിന് മാസങ്ങൾ നീണ്ട യത്നം വേണ്ടി വരും. ഔദ്യോഗിക ഏജൻസികൾ അവരുടെ കണക്കുകൾ എടുക്കുമായിരിക്കും, എന്നാലും ഇന്നത്തെ നിലയ്ക്ക് (19-08-2018) ഇരുപതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നത് ഒട്ടും അതിശയോക്തിപരമല്ലെന്ന് അസോചം വിലയിരുത്തുന്നു.

കേരളത്തിന്റെ ജീവനാഡി എന്നത് ടൂറിസവും നാണ്യവിളകളുമാണെന്ന് അസോചം സെക്രട്ടറി ജനറൽ ഡി.എസ്.റാവത്ത് പറഞ്ഞു. ഈ രണ്ട് മേഖലകൾക്കും പ്രളയത്താൽ തകർച്ച നേരിടുന്ന സാഹചര്യത്തിലും അതിന്റെ ദീർഘകാല പ്രത്യാഘാതത്താലും അനേക ലക്ഷം ജനങ്ങളെയാണ് ദുരിതത്തിലേയ്ക്ക് നയിക്കുക. അതുകൊണ്ട് തന്നെ വ്യവസായ മേഖലയിലുളള ഞങ്ങളുടെ അംഗങ്ങളോട് കേരളത്തിന്റെ ദുരിതാശ്വാസത്തിനും പുനർനിർമ്മാണ പ്രക്രിയയ്ക്കും ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായും ഡി.എസ്.റാവത്ത് പറഞ്ഞു.

കേരളത്തിന്റെ ഔദ്യോഗിക രേഖകളിലൊന്നായ സാമ്പത്തിക സർവേ പ്രകാരം നിലവിലെ കാർഷികമേളയിലെ 63 ശതമാനവും നാണ്യവിളകളാണ്. നെല്ല്, മരിച്ചീനി തുടങ്ങിയവയെല്ലാം ചേർന്ന് പത്ത് ശതമാനം വരും. തേങ്ങയുടെ ഉൽപ്പാദനം 30 ശതമാനം വരും. റബ്ബർ (21.3 ശതമാനം), കുരുമുളക് (3.3 ശതമാനം), കാപ്പി (3.28 ശതമാനം), നെല്ല് (6.6​ശതമാനം) എന്നിങ്ങനെയാണ് മൊത്തം ഉൽപ്പാദന നിലവാരം. പ്രളയം ഈ​ കാർഷിക മേഖലയെ മുഴുവൻ തുടച്ചു നീക്കി.

കാർഷിക മേഖലയ്ക്ക് മാത്രല്ല, കടലോര മേഖലയെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി ബീച്ചുകളും ഭുമി ശാസ്ത്രപരമായ പ്രത്യേകതകളും കൊണ്ട് കേരളം കാണാനായി നിരവധി രാജ്യാന്തര സഞ്ചാരികൾ എത്താറുണ്ട്. ലോകത്തിന്റെ പ്രഥമ പട്ടികയിലുളള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് കേരളം. കേരളത്തിന്റെ ടൂറിസം മേഖലയെയും ഈ തിരിച്ചടി ബാധിച്ചിട്ടുണ്ട്. വിമാനത്താവളം അടച്ചിട്ടതും ടൂറിസം വഴിയുളള സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് അസോചം വിലയിരുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook