Kerala Floods: ന്യൂഡൽഹി: കൊച്ചി നാവികസേന വിമാനത്തവളത്തിൽ നിന്ന് ഓഗസ്റ്റ് 20 മുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. കൊച്ചി രാജ്യാന്തര വിമാനത്തവാളം പ്രളയക്കെടുതിയെ തുടർന്ന് അടച്ച സാഹചര്യത്തിലാണ് ഈ താൽക്കാലിക സംവിധാനം. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ അലയൻസ് എയർ ആണ് നിലവിൽ കൊച്ചി നേവൽ ബെയ്സിലെ വിമാനത്താവളത്തിൽ നിന്നും ചെറുവിമാനങ്ങളുടെ സർവീസ് നടത്തുക.
ആദ്യഘട്ടമെന്ന നിലയിൽ കൊച്ചി- ബെംഗളുരൂ സർവീസുകളായിരിക്കും ഇവിടെ നിന്നും നടത്തുക.കോയമ്പത്തൂർ, മധുരൈ എന്നിവിടങ്ങളിലേയ്ക്കുളള വിമാനസർവീസുകൾ ഇവിടെ നിന്നും ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിൽ അറിയിച്ചു. അലയൻസ് എയറിന് പുറമെ മറ്റ് വിമാനക്കമ്പനികളും ഈ സംരഭത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനഗതാഗതം സംബന്ധിച്ച് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാവിലെ ആറ് മണിക്കും പത്തിനും ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേയ്ക്കും 8.10നും 12.10നും തിരിച്ച് ബെംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബെംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.
കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) വെളളപ്പൊക്കത്തെ തുടർന്ന് പ്രവർത്തനക്ഷമമല്ലാതെയാവുകയും അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തെ ആശ്രയിച്ച് വിമാന സർവീസ് നടത്താൻ തീരുമാനിച്ചത്. ഓഗസ്റ്റ് 26 വരെ കൊച്ചി രാജ്യാന്തരവിമാനത്താവളം അടച്ചിടാനാണ് നിലവിലത്തെ തീരുമാനം.

നേരത്തെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ച സാഹചര്യത്തിൽ, അവിടെ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന എല്ലാ സർവീസുകളും തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വലിയ വിമാനങ്ങളൊഴികെയുളള ചെറുകിട വിമാനങ്ങളിലെ ആഭ്യന്തര സർവ്വീസുകളാണ് കൊച്ചി നാവികവിമാനത്താവളം കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ചത്.