Kerala Floods: കേരളം പ്രളയക്കെടുതിയിൽ തകർന്ന സാഹചര്യത്തിൽ​ കേരളത്തിന് വിദേശത്ത് നിന്നും വാഗ്‌ദാനം ചെയ്യപ്പെട്ട കോടിക്കണക്കിന് രൂപയുടെ സഹായം കേന്ദ്ര സർക്കാർ നിഷേധിച്ചത് വൻ വിവാദമായി. കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ട ധനസഹായം നൽകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവാദം ശക്തമായത്. കേരളത്തെ ആകെ തകർത്തെറിഞ്ഞ പ്രളയദുരന്തം മറികടക്കാൻ ആകെ 600 കോടി രൂപയാണ് ഇതു വരെ കേന്ദ്ര സർക്കാർ വാഗ്‌ദാനം ചെയ്തത്. ഓഗസ്റ്റ് എട്ടിന് തുടങ്ങിയ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനം പൂർത്തിയാകുകയും മഴ ശമിക്കുകയും ചെയ്തിട്ടും തുടർ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

കേരളവുമായി വളരെയധികം ബന്ധമുളള യു എ ഇ 700 കോടി രൂപ കേരളത്തിന്റെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്കായി വാഗ്‌ദാനം ചെയ്തു. യു എ ഇയുടെ വികസനത്തിന് മലയാളികൾ വഹിച്ച പങ്കിന്റെ പശ്ചാത്തലത്തിലാണ് ഇതെന്ന് യു എ ഇ ഭരണാധികാരികൾ പറയുകയും ചെയ്തു. യു എ ഇയിക്ക് പുറമെ ഖത്തർ, ഒമാൻ, തുടങ്ങി മലയാളികൾക്ക് ബന്ധമുളള എല്ലാ രാജ്യങ്ങളും കേരളത്തിന് ധനസഹായം വാഗ്‌ദാനങ്ങള്‍ ഉണ്ടായി.​എന്നാൽ കേന്ദ്രസർക്കാർ ഈ സഹായങ്ങളോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഇത് ദേശീയ തലത്തിൽ​തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

Read More: Kerala floods: കേരളത്തിന് നല്‍കുന്ന സഹായ തുക എത്രയാണ് എന്ന് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്ന് യു എ ഇ

ആ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന് മടിയുണ്ടെങ്കിൽ കേരളത്തിന് ആവശ്യമായ തുക കേന്ദ്രം നൽകിയാൽ മതിയെന്ന് കേരളത്തിലെ ഭരണകക്ഷികളായ സി പി എമ്മും സി പി ഐയും രംഗത്തെത്തി. ഇതിന് പുറമെ, കേന്ദ്ര സഹമന്ത്രിയായ അൽഫോൺസ് കണ്ണന്താനവും യു എ ഇ തുക സ്വീകരിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് കേന്ദ്രധനസഹായത്തെ കുറിച്ച് പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്.

കേന്ദ്രം നൽകിയ മുൻകൂർ ധനസഹായം മാത്രമാണ് അറുന്നൂറ് കോടി രൂപയെന്നും കൂടതുൽ​ തുക കേരളത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചുളള ദേശീയ ദുരന്ത നിവാരണ സേനയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read in English: Centre to give more funds to state, says Rs 600 crore was only advance assistance

കേരളത്തിന്റെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി യു എ ഇ സർക്കാർ വാഗ്‌ദാനം ചെയ്ത 700 കോടി രൂപ ധനസഹായം കേന്ദ്ര സർക്കാർ നിഷേധിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ അറിയിപ്പുമായി കേന്ദ്രം രംഗത്ത് എത്തിയത്. നിലവിലെ നയത്തിന്റെ അടിസ്ഥാനത്തിൽ വിദേശ ധനസഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് വിദേശ രാജ്യങ്ങള്‍ നൽകാമെന്ന് പ്രഖ്യാപിച്ച ധന സഹായം വേണ്ടെന്ന തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി.

സൂനാമിയെ തുടർന്ന് പ്രഖ്യാപിച്ച ധനസഹായം 2004 ൽ കേന്ദ്രസർക്കാർ നിരസിച്ചിരുന്നുവെന്നും ആ ദുരന്ത സഹായ നയമാണ് സർക്കാരിന്റേതെയന്നുമാണ് നിലപാട്.

ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് കേരള സന്ദർശനം നടത്തിയ ആദ്യഘട്ടത്തിൽ നൂറ് കോടിയും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ച 500 കോടി രൂപയും ചേർത്തുളള​​ 600 കോടി പ്രളയ ദുരിതാശ്വാസം കേന്ദ്രം നൽകി.​ ഈ നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയദുരന്തം എന്ന് നാസ വിലയിരുത്തിയ കേരളത്തിലെ പ്രളയദുരന്തത്തിന് നൽകിയത് നിസ്സാരമായ നഷ്ടപരിഹാര തുകയാണ് എന്ന് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു.

കേരളത്തിലെ വെളളപ്പൊക്കവുമായി ബന്ധപ്പെട്ട് കേന്ദ്രം അടിയന്തിരധനസഹായം നൽകിയെന്നും സമയോചിതമായ തലത്തിൽ ഇടപെട്ടുവെന്നും ആഭ്യന്തര വകുപ്പ് അവകാശപ്പെട്ടു.

കേരളത്തിലെ ദൈനംദിന സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്ന പ്രധാനമന്ത്രി ഓഗസ്റ്റ്17ന് കേരളം സന്ദർശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 16 മുതൽ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും നിരന്തരം നിരീക്ഷിക്കുകുയും കോ ഓർഡിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു

പ്രതിരോധവകുപ്പ്, ദേശീയ ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ്​അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, കേരളാ ചീഫ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ മീറ്റിങ്ങുകളുടെ അടിസ്ഥാനത്തിലായിരന്നു കേന്ദ്രത്തിന്റെ നടപടികൾ.

40 ഹെലികോപ്റ്റർ, 31 വിമാനങ്ങൾ, 182 രക്ഷാ ടീം, പ്രതിരോധവകുപ്പിന്റെ 18 മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ സേനയുടെ 58  ടീം, കേന്ദ്ര ആംഡ് പൊലീസിന്റെ ഏഴ് കമ്പനി, 500 ബോട്ട് അടക്കം എന്നിവയാണു കേരളത്തില്‍ രക്ഷാപ്രവർത്തനം നടത്തിയത്.

ഈ സംവിധാനത്തിലൂടെ അറുപതിനായിരം പേരെ രക്ഷപ്പെടുത്തി. കേരളത്തിലുണ്ടായ അഭൂതപൂർവ്വമായ ദുരന്തം 230 ജീവനാണ് അപഹരിച്ചത്. മത്സ്യത്തൊഴിലാളികളും മറ്റും ചേർന്ന് രക്ഷിച്ച് 13 ലക്ഷത്തിൽപരം പേരാണ് ഇവർക്ക് പുറമെ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിപ്പെട്ടത്. കേരള സംസ്ഥാനത്തെ പൂർണമായി തകർത്ത പ്രളയം കേരളത്തിന് വരുത്തി വച്ചത് വൻ നഷ്ടമാണ്. പ്രാഥമിക കണക്ക് പ്രകാരം 19,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ