ന്യൂഡൽഹി: കേരളത്തിന്റെ പുനർനിർമ്മാണത്തിന് നെതർലൻഡ്സ് സഹായം തേടാൻ കേന്ദ്രസർക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായത്തിന് അനുമതി നൽകിയത്. അനുമതി ലഭിച്ചതോടെ നെതർലൻഡ്സ് സംഘത്തിന് കേരളം സന്ദർശിക്കാനാവും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒരു വിദേശരാജ്യത്തിന്റെ സഹായം തേടാൻ കേന്ദ്രം അനുമതി നൽകുന്നത് ആദ്യമാണ്.

കേരളത്തിന്റെ പുനർ നിർമ്മാണത്തിന് നെതർലൻഡ്സ് സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് ഇതു സംബന്ധിച്ച കത്തെഴുതി. നെതർലൻഡ്സ് സംഘത്തെ ഇന്ത്യ സന്ദർശിക്കാൻ അനുവദിക്കണമെന്നും കേരളം കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിന്റെ പുനർനിർമ്മാണത്തിന് ധനസഹായമല്ല, സാങ്കേതിക സഹായം നൽകാമെന്നാണ് നെതർലൻഡ്സ് വാഗ്‌ദാനം ചെയ്തത്. നെതർലൻഡ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് ഇക്കാര്യം അറിയിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ അവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നും നെതർലൻഡ്സിൽ വിജയിച്ച പദ്ധതികൾ കേരളത്തിൽ മാതൃകയാക്കാമെന്നും കത്തിൽ പറഞ്ഞിരുന്നു.

നേരത്തെ, കേരളത്തിന് ധനസഹായം വാഗ്‌ദാനം ചെയ്ത് വിദേശരാജ്യങ്ങൾ എത്തിയെങ്കിലും അവയൊന്നും സ്വീകരിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈകൊണ്ടത്. കേരളത്തിലെ സാഹചര്യം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കഴിയുന്നുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

2004 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ദുരന്തങ്ങൾക്ക് വിദേശരാജ്യങ്ങളിൽനിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ടെന്ന് നയം തീരുമാനിച്ചത്. 15 വർഷമായുളള ഈ നയത്തിൽ കേരളത്തിനു മാത്രമായി മാറ്റം വരുത്തേണ്ടതില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ