ന്യൂഡല്‍ഹി: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയെ ഉപയോഗപ്പെടുത്തിയതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഇക്കാര്യം സുഭാഷ് ഭാംറെ രാജ്യസഭയെ അറിയിച്ചു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേന വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. വ്യോമസേന വിമാനങ്ങളില്‍ 1,350 ടണ്‍ ലോഡും, ഹെലികോപ്റ്ററുകളില്‍ 584 പേരെയും 247 ടണ്‍ ലോഡും കയറ്റിയതായി മന്ത്രി വ്യക്തമാക്കി.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിന് ഏകദേശം 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചിട്ടുണ്ട്. കേരളത്തിലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ സൈന്യവും നാവികസേനയും തയ്യാറാക്കിവരുന്നുണ്ടെന്നും ഇതിന്റെ കണക്ക് ഉടൻ പുറത്തു വിടുമെന്നും ഭാംറെ അറിയിച്ചു.
ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാന സര്‍ക്കാരാണ് കൈമാറേണ്ടത്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇത് കേരളത്തിന് ഈടാക്കാമെന്നും മന്ത്രി അറിയിച്ചു.