ന്യൂഡൽഹി: മഴവിതച്ച നാശത്തില്‍ നിന്നും കരകയറാന്‍ പോരാടുന്ന കേരള ജനതയോട് വിശ്വാസം കൈവിടരുതെന്ന് പ്രമുഖ ക്ഷീരോത്പാദന കമ്പനിയായ അമൂല്‍. തങ്ങളുടെ പുതിയ കാര്‍ട്ടൂണിലൂടെയാണ് അമൂല്‍ ഈ സന്ദേശം കേരളത്തിലേക്ക് എത്തിക്കുന്നത്.

അമൂലിന്റെ കഥാപാത്രങ്ങളായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പ്രളയത്തില്‍ നിന്നും ബോട്ടില്‍ കയറ്റി രക്ഷിച്ചുകൊണ്ടു വരുന്ന വോളന്റിയറിന്റേയും ജവാന്റേയും ചിത്രത്തോടൊപ്പം ‘ദൈവമേ ദയവായി അങ്ങയുടെ നാടിനെ രക്ഷിക്കൂ’ എന്നെഴുതി ദുരിതാശ്വാസവും വിശ്വാസവുംകൊണ്ട് സഹായിക്കൂ എന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

അമൂലിന്റെ പുതിയ കാര്‍ട്ടൂണിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. കേരളം ഇത്രയും വലിയൊരു കെടുതിയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങളെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വലിയ കാര്യമാണെന്ന് ആളുകള്‍ അഭിപ്രായപ്പെട്ടു.

അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തില്‍ 350ല്‍ അധികം ആളുകള്‍ മരണപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പാര്‍പ്പിടം നഷ്ടമാകുകയും ചെയ്തു. 19,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇതിനിയും കൂടാന്‍ സാധ്യതയുണ്ട്. 1924ല്‍ നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പ്രളയവുമായാണ് അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook