ശ്രീനഗര്‍: കേരളം കടന്നുപോയ പ്രളയം കശ്‌മീരിലെ പലര്‍ക്കും 2014ന്റെ ഓര്‍മപ്പെടുത്തലായിരുന്നു. ഇന്ന് കേരളം കടന്നുപോകുന്ന അതേ ഗുരുതരാവസ്ഥയിലൂടെയാണ് അന്ന് കശ്‌മീര്‍ താഴ്‌വാരവും കടന്നുപോയത്. അതിന്റെ ഓര്‍മ്മകള്‍ സഹായസ്തമായും സ്നേഹമായും കേരളത്തിലേക്ക് ഒഴുകുകയാണ്.

രണ്ട് കോടി രൂപയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കേരളത്തിന് സഹായമായി നല്‍കിയത്. സര്‍ക്കാരിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ മുഖ്യ ഓഹരിയുടമകളായ ജെ ആന്റ് കെ ബാങ്ക് പതിനൊന്ന് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന.

സര്‍ക്കാര്‍ മാത്രമല്ല കശ്മീരിലെ ജനങ്ങളും കേരളത്തിലേക്ക് സഹായങ്ങള്‍ എത്തിക്കുവാനുള്ള തിരക്കിലാണ്. കശ്മീര്‍ സിവില്‍ സൊസൈറ്റി ഫോറം ശേഖരിച്ച ഭക്ഷ്യ വസ്തുക്കള്‍ ശ്രീനഗറിലെ അക്ബര്‍ ഹോട്ടലിന് മുന്നില്‍ അട്ടിയിട്ട് വച്ചിരിക്കുകയാണ്. “ഞങ്ങളുടെ വേദനയില്‍ സഹായമായി അവരുണ്ടായിരുന്നു. ഇത് ഞങ്ങളുടെ അവസരമാണ്” സിവില്‍ സൊസൈറ്റി ഫോറത്തിന്റെ ജനറല്‍ സെക്രട്ടറി ഒമര്‍ ത്രമ്പൂ ദ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ചെങ്ങന്നൂരില്‍ നിന്നുമുള്ള കാഴ്ച. ഫൊട്ടോ: വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

2014ലെ കശ്മീര്‍ പ്രളയത്തില്‍ രാജ്യത്തെ വിവിധ ഭാഗത്ത് നിന്നും വന്നിട്ടുള്ളതായ ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും വിവിധ സംഘങ്ങളിലേക്കും ക്യാമ്പുകളിലേക്കും എത്തിച്ചത് സിവില്‍ സൊസൈറ്റി ഫോറമാണ്. “കേരളത്തിലെ പ്രളയത്തെ കുറിച്ച് അറിഞ്ഞ ഉടനെ തന്നെ 2014ല്‍ ഞങ്ങള്‍ക്ക് വേണ്ടിയെത്തിയ എന്‍ജിഒകളും മറ്റ് ശൃംഖലകളുമായി ഞങ്ങള്‍ ബന്ധപ്പെട്ടു.”

കേരളത്തിലേക്കുള്ള പെട്ടികള്‍ എത്തിക്കാന്‍ ഈ സംഘത്തെ സഹായിക്കുന്നത് ഒരു സ്വകാര്യ വിമാനക്കമ്പനിയാണ്. സോപ്പുകള്‍, മരുന്നുകള്‍, പാകം ചെയ്യാതെ കഴിക്കാവുന്ന ഭക്ഷ്യ പാക്കറ്റുകള്‍, കശ്മീരി ആപ്പിളുകള്‍ എന്നിവയടങ്ങുന്നതാണ് പാക്കേജ്.

കേരളത്തിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ട് കേരളീയ ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് കശ്മീരിലെ ഒരു ചായക്കട. ചായ് ജയ്‌ എന്ന കടയാണ് ഈ ആശയവുമായി വന്നത്. ഇത് വിറ്റ് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് പദ്ധതി. ” നമ്മള്‍ ഓരോരുത്തരും നമ്മളാല്‍ ആവും വിധം കേരളത്തെ സഹായിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് സാധിക്കുന്നത് ഇതാണ്” പാചകക്കാരനായ ഖുര്‍ഷീദ് പറഞ്ഞു.

ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുമുള്ള കാഴ്ച.
ഫൊട്ടോ : നിര്‍മല്‍ ഹരീന്ദ്രന്‍

ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് ചായ് ജയ്യില്‍ നടക്കുന്ന പരിപാടിക്ക് #KashmirforKerala എന്നാണ് പേരിട്ടിരിക്കുന്നത്. “കേരളത്തില്‍ നിന്നുമുള്ള പ്രളയ ദൃശ്യങ്ങള്‍ കശ്മീരിനെ ഓര്‍മിപ്പിച്ചു. 2014ല്‍ ഞങ്ങള്‍ കടന്നുപോയത് സമാനമായ ദുരന്തത്തിലൂടെയാണ്” ചായ് ജയ്യുടെ ഉടമയായ റൂഹി നസ്കി പറഞ്ഞു.

അത്രോത് ട്രസ്റ്റ് എന്ന മറ്റൊരു സന്നദ്ധസേവകരുടെ സംഘവും അടിയന്തര സഹായത്തിനായുള്ള കിറ്റ്‌ ഒരുക്കുകയാണ്. കുട്ടികള്‍ക്കായുള്ള ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ള കുപ്പികള്‍, എന്‍ 95 മാസ്കുകള്‍, സാനിറ്ററി നാപ്കിന്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. സംഭാവന ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ഇട്ടപ്പോള്‍ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് ട്രസ്റ്റിന്റെ അദ്ധ്യക്ഷന്‍ ബഷീര്‍ നഡ്‌വി പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും സംഭാവനകള്‍ വന്നുചേര്‍ന്നു.

“ഞങ്ങള്‍ ഇതിലൂടെ കടന്നുപോയവരാണ്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ഞങ്ങള്‍ക്ക് മനസ്സിലാക്കാം. വെള്ളം താഴുന്നതോട് കൂടി പകര്‍ച്ചവ്യാധികളും വ്യാപിച്ച് തുടങ്ങും. അതിനാല്‍ തന്നെ രോഗപ്രതിരോധത്തിന് ഏറെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ഏറെ ആവശ്യം വരുന്ന വസ്തുവാണ് എന്‍-95 മാസ്കുകള്‍. വ്യാഴാഴ്ചയോടെ ഞങ്ങളുടെ കിറ്റ്‌ കേരളത്തിലെത്തും” ബഷീര്‍ നഡ്‌വി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ