കഴിഞ്ഞ ബജറ്റിന്റെ തകർച്ചയിൽ നിന്ന് കേന്ദ്രധനമന്ത്രി ഒരുപാഠവും പഠിച്ചിട്ടില്ല. രൂക്ഷമാകുന്ന സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് കഴിഞ്ഞ ബജറ്റിലും ഒരു പരാമർശവുമുണ്ടായില്ല. ഇത്തവണയും സമീപനം അതു തന്നെ. നടപ്പുവർഷത്തെ സാമ്പത്തിക വളർച്ച 4.9 ശതമാനമായി കുറയുമെന്ന് ബജറ്റിൽ സമ്മതിച്ചിരിക്കുന്നു. എന്നാൽ ഇതിനു കാരണമാകുന്ന രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ മറച്ചുവയ്ക്കുന്ന കസർത്ത് മാത്രമാണ് ഈ ബജറ്റ്.

ഈ ബജറ്റിന്റെ ഗതിയും പഴയതു തന്നെ. ബജറ്റ് അവതരണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് പുതിയ മിനി ബജറ്റ് അവതരിപ്പിക്കേണ്ടി വന്നു. ഇതു മൂന്നു വട്ടമാണ് ആവർത്തിച്ചത്.

മിനി ബജറ്റുകളുടെ നേട്ടമെല്ലാം കോർപറേറ്റുകൾക്കായിരുന്നു. 7.6 ലക്ഷം കോടി രൂപ കോർപറേറ്റ് ടാക്സ് കിട്ടേണ്ടതിനു പകരം പുതുക്കിയ കണക്കുപ്രകാരം 6.1 ലക്ഷം കോടിയേ വാങ്ങിയിട്ടുള്ളൂ. ഇത്തവണത്തെ ബജറ്റ് കണക്കിലും 6.8 ലക്ഷം കോടിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഭീമമായ നികുതിയിളവാണ് കോർപറേറ്റുകൾക്ക്. എന്നിട്ടും നിക്ഷേപം വർദ്ധിച്ചില്ല. നികുതി ഇളവുകൾ നൽകുക, അതിന്റെ ഫലമായ വരുമാന ഇടിവു നികത്താൻ ഈ നികുതിയിളവിന്റെതന്നെ ഗുണഭോക്താക്കളായ കോർപറേറ്റുകൾക്ക് പൊതുമേഖലയെ വിൽക്കുക. ഇതാണ് കേന്ദ്രസർക്കാരിന്റെ നയം.

Read Here: സാമ്പത്തികമാന്ദ്യത്തിനു പരിഹാരം കാണാത്ത ബജറ്റ്

ഐഡിബിഐ ബാങ്ക് പൂർണമായും സ്വകാര്യവത്കരിക്കുന്നതിനും എൽഐസിയുടെ സ്വകാര്യവത്കരണം ആരംഭിക്കുന്നതിനും പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ ഒരു ലക്ഷം കോടി രൂപയാണ് പൊതുമേഖലാ വിൽപനയിലൂടെ ലക്ഷ്യമിട്ടതെങ്കിൽ ഇപ്പോഴത് 2.1 ലക്ഷം കോടിയായി.

ഈ നയത്തിനു പകരം ജനങ്ങളുടെ വാങ്ങൽ കഴിവ് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥാന ധനമന്ത്രിമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടത്. അതിന് ഏറ്റവും നല്ല മാർഗം തൊഴിലുറപ്പു പദ്ധതിയാണ്. അതിന് 2019-20ലെ പുതുക്കിയ കണക്കു പ്രകാരം 71000 കോടി രൂപ ചെലവഴിക്കുമ്പോൾ പുതിയ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 61500 കോടി രൂപ മാത്രമാണ്.

വയോജനപെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനു പകരം അതിന്റെ അടങ്കലും കുറച്ചിരിക്കുകയാണ്. ആരോഗ്യ ഹെൽത്ത് മിഷന്റെയോ വിദ്യാഭ്യാസ മിഷന്റെയോ അടങ്കൽ വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല. കേവലം ഒരു ശതമാനം മാത്രമാണ് വർദ്ധന. അങ്കണവാടികൾക്ക് അടങ്കലിൽ മൂന്നു ശതമാനം മാത്രമാണ് വർദ്ധന.

കാർഷിക മേഖലയെക്കുറിച്ച് വലിയ വീമ്പടിച്ചുവെങ്കിലും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഒന്നരലക്ഷം കോടിയേ ഇത്തവണയും ഉള്ളൂ. ഗ്രാമവികസനത്തിനും അടങ്കൽ വർദ്ധിച്ചിട്ടില്ല. വനിതാശാക്തീകരണത്തിന് 1330 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വെച്ച സ്ഥാനത്ത് ഇപ്പോൾ 1161 കോടി രൂപയേ ഉള്ളൂ.

Read in English

കേന്ദ്രസർക്കാരിന്റെ മൊത്തം ചെലവ് 3042230 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റ് വകയിരുത്തലിനെ അപേക്ഷിച്ച് കാര്യമായ വർദ്ധനയില്ല. വിലക്കയറ്റവും കൂടി പരിഗണിക്കുമ്പോൾ വർദ്ധനയേ ഉണ്ടായിട്ടില്ലെന്നു പറയാം. മാന്ദ്യകാലത്ത് ചെലവ് വർദ്ധിപ്പിക്കുന്നതിനു പകരം കമ്മി പിടിച്ചു നിർത്തുന്നതിനുവേണ്ടി ചെലവിനെ ഞെരുക്കുന്ന ബജറ്റാണിത്. എന്നിട്ടും പ്രതീക്ഷിത കമ്മി 3.5 ശതമാനമാണ്. ഇതുതന്നെ റിസർവ് ബാങ്കിൽ നിന്ന് 2019-20ലെപ്പോലെ ഒരു ലക്ഷം കോടിയിലേറെ രൂപ ഡിവിഡന്റായി കവർന്നെടുത്തതുകൊണ്ടാണ് കമ്മി താഴ്ത്തി നിർത്താൻ കഴിഞ്ഞത്.

പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈക്കോടാലിയാകും എന്ന് സംശയിച്ചത് യാഥാർത്ഥ്യമായിരിക്കുകയാണ്. നികുതിവിഹിതം 7.6 ലക്ഷം കോടി രൂപ കഴിഞ്ഞ വർഷം ഉണ്ടായിരുന്നെങ്കിൽ 23000 കോടി രൂപ മാത്രമാണ് അധികം അനുവദിച്ചത്. നികുതി വിഹിതമായി നൽകുന്നതിനുപകരം പ്രത്യേക ഗ്രാന്റുകളായി നൽകുന്നതിനാണ് ഫിനാൻസ് കമ്മിഷൻ താൽപര്യം പ്രകടിപ്പിച്ചത്. ഇത് പാടില്ല എന്ന് എല്ലാ സംസ്ഥാനങ്ങളും പറഞ്ഞതാണ്. ഇതു കണക്കിലെടുത്താൽപ്പോലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ആവശ്യമായ വർദ്ധനയില്ല. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ പിശുക്കു കാണിക്കുമ്പോൾ കേന്ദ്രാവിഷ്കൃത പദ്ധതികൾ 2.8 ലക്ഷം കോടി രൂപയിൽ നിന്ന് 3.4 ലക്ഷം കോടി രൂപയായി ഉയർത്താനും മടിച്ചില്ല.

Read Here: New Income Tax slabs — Budget 2020: പുതിയ ആദായ നികുതി ഇളവുകളില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook