തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിന് അഞ്ച് മാസം കൊണ്ട് 350 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ വർഷം മഴ കുറഞ്ഞതിനെ തുടർന്ന് കേരളത്തിലെ ജല വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതിനാൽ വൈദ്യുതി വാങ്ങുന്നതാണ് ഇതിന്കാരണം. ഇതു കാരണം 2016-17 സാമ്പത്തിക വർഷം ബോർഡിന് 1200 കോടി രൂപയുടെ അധിക ബാധ്യതവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് 2016 ജൂൺ മുതൽ 2017 മെയ് വരെയാകുമ്പോൾ ബോർഡ് 1400 കോടി രൂപ നഷ്ടത്തിലാകും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ട അവസ്ഥയിൽ ദിനംപ്രതി രണ്ടര കോടി രൂപ ബോർഡിന് നഷ്ടമാകുന്നു. മൂന്ന് കോടി രൂപ വരെ അധിക ബാധ്യതയുണ്ടായ ദിവസങ്ങളുമുണ്ട്. വേനൽക്കാലത്ത് ഈ നഷ്ടം കുത്തനെ വർധിക്കും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മറ്റ് മാസങ്ങളേക്കാൾ 15 മുതൽ 20 ശതമാനം വരെ വൈദ്യുതി ഉപഭോഗമെങ്കിലും കൂടുമെന്നാണ് മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നത്. 20 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. ചൂട് കൂടുന്നത് മാത്രമല്ല, പരീക്ഷ കാലമാണ് ഈ​ മാസങ്ങൾ എന്നതും വൈദ്യുതി ഉപഭോഗം കൂടുന്നതിന് കാരണമായി ബോർഡ് വിലയിരുത്തുന്നു.

നിലവിൽ ഏകദേശം 6000 കോടിരൂപയുടെ നഷ്ടത്തിലോടുന്ന ബോർഡിനാണ് അഞ്ച് മാസം കൊണ്ട് ഈ ബാധ്യത കൂടി ഏറ്റെടുക്കേണ്ടിവന്നത്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യത്തിന്റെ 87 ശതമാനം വൈദ്യുതിയും കഴിഞ്ഞ അഞ്ചു മാസമായി പുറത്തു നിന്നും വാങ്ങുകയാണ്. കഴിഞ്ഞ കുറച്ചു കാലമായി 13 ശതമാനത്തിൽ താഴെ മാത്രം വൈദ്യുതിയാണ് ആഭ്യന്തര ഉൽപ്പാദനമായിരുന്നത്. ഇത് നീണ്ട ഇടവേളയ്ക്കു ശേഷം ജനുവരി 27 ന് 16 ശതമാനമായി ഉയർന്നു. എന്നാൽ 29 ന് വീണ്ടുമത് 11 ശതമാനമായി കുറഞ്ഞതായി ബോർഡിന്റെ ഔദ്യോഗിക കണക്ക് കാണിക്കുന്നു. ലഭ്യമായ കണക്കുകൾ പ്രകാരം ശരാശരി പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് ജലവൈദ്യുതിയിൽ നിന്നും ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത്. ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത വിധം ജലവൈദ്യുതി ഉൽപ്പാദനം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കേരളം ജല വൈദ്യുത ഉൽപ്പാദന പ്രതിസന്ധിയിലേയ്ക്കു കൂപ്പുകുത്തിയത്. അതിപ്പോഴും തുടരുന്നുവെന്ന് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ പ്രതിദിനം 60 മുതൽ 65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നിലവിൽ ആവശ്യമുള്ളത്. മുൻ മാസങ്ങളിൽ ചൂട് കുറവായിരുന്നതിനാൽ 50 ദശലക്ഷം യൂണിറ്റായിരുന്നു. വരും മാസങ്ങളിൽ ഇത് 75 ദശലക്ഷത്തിന് മുകളിൽ പോകുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ വൈദ്യുതി ബോർഡിന്റെ നഷ്ടം ഇനിയും വർധിക്കും. 2016ൽ ഏപ്രിൽ മെയ് മാസങ്ങളിൽ പ്രതിദിനം 70 ദശലക്ഷം യൂണിറ്റിന് മുകളിൽ വൈദ്യുത ഉപഭോഗം ഉണ്ടായിരുന്നു. ഈ വർഷം ഈ​ കാലയളവിൽ വൈദ്യുത ഉപഭോഗം 80 മുതൽ 84 ദശലക്ഷം യൂണിറ്റ് വരെ വർധിക്കാനാണ് സാധ്യത.

ഉത്തരേന്ത്യയിൽ തണുപ്പ് കാലമായതിനാലും ദേശീയ തലത്തിൽ വ്യാവസായിക മേഖലയിൽ വളർച്ചാസ്തംഭനം നേരിടുന്നതിനാലും വൈദ്യുതി ഉപഭോഗം കുറഞ്ഞിട്ടുണ്ട്. അതിനാൽ കേന്ദ്ര പൂളീൽ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം. കേന്ദ്ര പൂളിൽ നിന്നും 2.80 രൂപയക്ക് കിട്ടുന്ന വൈദ്യുതി കേരളം പുറത്തു നിന്നും വാങ്ങുന്നതിൽ വില കുറഞ്ഞ വൈദ്യുതിയാണ്. കേന്ദ്ര പൂളിന് പുറത്തുനിന്നുള്ള വൈദ്യുതി കേരളം അതിനേക്കാൾ കൂടുതൽ തുക കൊടുത്താണ് നിലവിൽ വാങ്ങുന്നത്. അത് ഹ്രസ്വ, ദീർഘ കരാറുകളുടെ അടിസ്ഥാനത്തിലുളളതാണ്. പക്ഷേ, ഈ വൈദ്യുതി തന്നെ കൂടുതൽ കൊണ്ടുവരാനുള്ള ലൈൻ ശേഷി ഇല്ലായ്മ സംസ്ഥാനം നേരിടുന്നുണ്ട്. ആകെ കേരളത്തിന് വേണ്ട വൈദ്യുതിയുടെ അറുപത് ശതമാനം വൈദ്യുതി കൊണ്ടുവരാനുള്ള ലൈൻശേഷി മാത്രമേയുള്ളൂ.

നിലവിൽ കേരളത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ സ്ഥാപിത ശേഷി 2800 മെഗാവാട്ടിന്റൊണെങ്കിലും 2100 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നത്. കേരളത്തിന്റെ പീക്ക് വൈദ്യുത ഉപഭോഗം 3,800 മെഗാ വാട്ട് മുതൽ 4,000 മെഗാവാട്ട് വരെ ആകുമ്പോഴാണ് ഈ സ്ഥിതി. ഇതിലാണ് മഴക്കുറവ് കാരണം കേരളം കടുത്ത പ്രതിസന്ധി നേരിടുന്നത്. മഴക്കുറവ് ഉണ്ടാകുന്നതിന് മുമ്പ് മൊത്തം​ ആവശ്യത്തിന്റെ പകുതി വൈദ്യുതിയോളം കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടായിരുന്നു.​ ജല വൈദ്യുതി പദ്ധതികളിൽ നിന്നും 30 ശതമാനമായിരുന്നു. ഇതാണ് കഴിഞ്ഞ അഞ്ച്‌ മാസമായി പത്തുശതമാനത്തോളമായി കുറഞ്ഞിരിക്കുന്നത്.

കേരളത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിനായുള്ള ജലസ്രോതസ്സ് ജൂൺ 30 വരെയാണ് കണക്കാക്കുന്നത്. 1700 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള വൈദ്യുതിയാണ് കേരളത്തിന്റെ സംഭരണശേഷിയായി അവശേഷിക്കുന്നത്.

മഴ വരണ്ട കേരളം
മഴ ഉണങ്ങിപ്പോയ കേരളമായിരുന്നു 2016. കുട തുറക്കാതെ കേരളം നടന്ന നാളുകൾ വരണ്ട കേരളത്തിലേയ്ക്കുളള വഴിയായിരുന്നു. 12 മാസത്തെ മഴക്കണക്കിൽ പ്രതീക്ഷിത മഴയുടെ 135 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഈ വർഷം തുടക്കവും കേരളത്തിന് നിരാശയുുടെ കാർമേഘമാണ് മഴ സമ്മാനിച്ചിരിക്കുന്നത്. ജനുവരി 25 വരെയുള്ള കണക്കിൽ ലഭിക്കേണ്ട മഴയുടെ 76 ശതമാനം കുറവാണ്. മുൻ വർഷത്തെക്കാൾ മൂന്ന് മടങ്ങ് കുറവാണ് ഈ കാലയളവിൽ ലഭ്യമായ മഴ. പുറത്തു നിന്നും വൈദ്യുതി വാങ്ങി എത്തിക്കാൻ സാധിച്ചില്ലെങ്കിൽ വരും ദിവസങ്ങൾ കേരളത്തെ കാത്തിരിക്കുന്നത് പവർകട്ടിന്റെയും ലോഡ് ഷെഡിങിന്റെയും നാളുകളാകാം.

ചെലവ് വർധിക്കുന്ന ബോർഡ്
താരിഫ് റെഗുലേറ്ററി കമ്മീഷൻ 2012 ലെ ശുപാർശ പ്രകാരം ബോർഡിലെ ജീവനക്കാരുടെ എണ്ണം 27,000 ആയി നിജപ്പെടുത്തിയിരുന്നു. എന്നാൽ 2017 ആകുമ്പോൾ ജീവനക്കാരുടെ എണ്ണം 34,000​ആയി ഉയർന്നു. ഇപ്പോഴത്തെ കണക്ക് പ്രകാരം മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷാരംഭത്തോടെ ജീവനക്കാരുടെ എണ്ണം 37,000 ആയി ഉയരുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഭരിക്കുന്നവർ മാറുന്നതിനനുസരിച്ച് ബോർഡിൽ നടക്കുന്ന സ്ഥാനക്കയറ്റ മാമാങ്കങ്ങൾ കൂടിയാകുമ്പോൾ ബാധ്യത താങ്ങാനാവുന്നതിലും ഏറെയാകുന്നു. പെൻഷനായി വിരമിക്കുന്നവർക്കും പുതിയ തസ്തികൾ രൂപപ്പെടുന്നത് ബോർഡിന്റെ നടുവൊടിക്കുന്നു. ഇതിന്റെ ബാധ്യത ഉപയോക്താക്കളുടെ ബാധ്യതയായി മാറുകയാണ് ചെയ്യുന്നത്.

വർഷം തോറും വർധിക്കുന്ന ഉപയോക്താക്കൾ, വർധിക്കാത്ത സൗകര്യങ്ങൾ
പ്രതിവർഷം അഞ്ച് ലക്ഷം ഉപയോക്താക്കൾ ഗാർഹിക മേഖലയിൽ മാത്രം വർധിക്കുന്നു. നിലവിൽ 1.15കോടി ഉപയോക്താക്കളാണ് കേരളത്തിലുള്ളത്. ഇതിൽ 85 ശതമാനവും ഗാർഹിക ഉപയോക്തക്കളാണ്. മൊത്തം വൈദ്യുതി ഉൽപ്പാദനത്തിന്റെ 45 ശതമാനം വരെ ഗാർഹിക ഉപഭോഗമാണ്. ബാക്കിയാണ് ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപയോക്താക്കളും വൈദ്യുതി ഉപയോഗവും. ഇതേ സമയം കേരളത്തിലെ വൈദ്യുതി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും വളരെ പിന്നാക്കം നിൽക്കുകയാണ്. കേന്ദ്രം വൈദ്യുതി തരാമെന്ന് പറഞ്ഞാൽപോലും കൊണ്ടുവരാനുള്ള ലൈൻ ശേഷി ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെ അവശ്യമേഖലകളിലെ പരിമിതികളിലാണ് ബോർഡ്.

മഴ മാറിനിന്നാൽ കേരളം ഇരുട്ടിലാകും, ബോർഡിന് ഷോക്കടിക്കും
മഴയൊഴിഞ്ഞ് നിന്നാൽ കേരളത്തിൽ ജല വൈദ്യുത ഉൽപ്പാദനം ഏതാണ്ട് പുർണമായും നിലയ്ക്കുന്ന സാഹചര്യം ഉളവാക്കും. വില കുറഞ്ഞ, നിലവിൽ ഉൽപ്പാദന ചെലവ് ഇല്ലായെന്ന് തന്നെ പറയാവുന്ന ആഭ്യന്തര ജലവൈദ്യുതി കുറയുമ്പോൾ സ്വാഭാവികമായ ചെലവ് വർധിക്കും. പുറത്തു നിന്നുള്ള വൈദ്യുതി കൊണ്ടുവരുന്നതിന് ലൈൻ ശേഷിയുടെ പരിമിതി അടക്കമുള്ള തടസ്സം പരിഗണിക്കുമ്പോൾ കേരളത്തിനുള്ളിലുള്ള വില കൂടിയ താപ, ഡീസൽ വൈദ്യുതി കൂടി ഉപയോഗിക്കേണ്ടി വരും. അകത്തുനിന്നും പുറത്തുനിന്നുമുള്ള വൈദ്യുതി വാങ്ങൽ ബോർഡിന്റെ ചെലവ് വർധിപ്പിക്കും. വൈദ്യുതി രംഗത്തെ കച്ചവട താൽപര്യങ്ങൾ കൂടി കളത്തിലിറങ്ങുമ്പോൾ വൈദ്യുതി വില ബോർഡിനെ മാത്രമല്ല, ഉപയോക്താവിനെയും ഷോക്കടിപ്പിക്കും. ഇത് ബോർഡിനെ കടത്തിലാക്കുകയായിരിക്കും അല്ലെങ്കിൽ ഉപോയക്താക്കൾക്കു കൂടുതൽ വില നൽകേണ്ടിവരും. അതാണ് കേരളം കടന്നു പോകുന്ന സ്ഥിതി

വൈദ്യുതി പ്രതിസന്ധി ഇത് നിർണായക ഘട്ടം-ആർ.വി.ജി.മേനോൻ
വൈദ്യുതി പ്രതിസന്ധിയുടെ കാര്യത്തിൽ കേരളത്തിന് വളരെ ക്രിട്ടിക്കലായ വർഷമാണിതെന്ന് ആർ.വി.ജി.മേനോൻ അഭിപ്രായപ്പെട്ടു. മഴക്കുറവാണ് ഇതിന് പ്രധാനകാരണം. പക്ഷേ, കേരളത്തിന് ഇത്തവണ ബുദ്ധിമുട്ടില്ലാതെ വൈദ്യുതി വാങ്ങാൻ സാധിക്കും. ദേശീയ തലത്തിൽ വ്യാവസായിക മേഖലയിൽ വൈദ്യുതി ഉപഭോഗത്തിന്റെ വളർച്ചയില്ലാത്തതിനാലാണ് ഇത് സാധ്യമാകുന്നത്. എന്നാൽ ഇതൊരു ദീർഘകാല സംവിധാനമായി തുടരാൻ​ സാധിക്കുകയില്ല. ഇനി സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി എന്നിവ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്. വരും കാലത്ത് സുസ്ഥിരമായ ഊർജ്ജ സ്ത്രോതസ്സുകൾ ​ഇതായിരിക്കും. നിലവിൽ ഇവയുടെ സ്ഥാപന ചെലവ് കുറഞ്ഞു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook