ന്യൂഡൽഹി: കേരളത്തിൽ കനത്ത നാശം വിതച്ച പ്രളയ ദുരന്തത്തിന് പിന്നിൽ അണക്കെട്ട് തുറക്കാൻ വൈകിയതും കാരണമാണെന്ന് ഡൽഹിയിലെ ജെഎൻയു സർവ്വകലാശാല ദുരന്ത ഗവേഷണ റിപ്പോർട്ട്.  ദേശീയ ദുരന്ത നിവാരണ സേനയുമായി ചേർന്നാണ് ജെഎൻയു ഗവേഷകർ ഈ പഠനം നടത്തിയത്.

ഡോ അമിത സിങിന്റെ നേതൃത്വത്തിൽ മൂന്ന് ഗവേഷക വിദ്യാർത്ഥികളാണ് പഠനം നടത്തിയത്. കേരളത്തിൽ ഏറ്റവുമധികം നാശം വിതച്ച നാല് ജില്ലകളിൽ സംഘം പഠനം നടത്തി. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ 20 താലൂക്കുകളിലായിരുന്നു പഠനം.

കേരളത്തിൽ 2007 ലാണ് ദുരന്ത നിവാരണ സേനയ്ക്ക് രൂപം കൊടുത്തത്. ദുരന്ത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഇവർ ആകെ ഒറ്റ റിപ്പോർട്ട് മാത്രമെ സമർപ്പിച്ചിട്ടുളളൂവെന്നും അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2013 അംഗീകരിച്ചുവെന്നും അമിത സിങ് പറഞ്ഞു.

“ഡാം സേഫ്റ്റി അതോറിറ്റി ആഗസ്റ്റ് ഏഴിന് അണക്കെട്ട് തുറക്കാനുളള തീരുമാനം ഇല്ലെന്ന് പറഞ്ഞു. ശക്തമായി മഴ പെയ്യാൻ തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് അതോറിറ്റിയുടെ ഈ പ്രസ്താവന വന്നത്. പിന്നീട് സംസ്ഥാനം 38 വലിയ അണക്കെട്ടുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഈ സമയത്ത് ഇടുക്കി അണക്കെട്ടിൽ പോലും ജലനിരപ്പ് പരമാവധി പരിധിയായ 2403 അടിയിലേക്ക് എത്തിയിരുന്നു.” റിപ്പോർട്ട് പറയുന്നു.

ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ സംസ്ഥാന സർക്കാർ പഞ്ചായത്ത് അംഗങ്ങളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത ത്രിതല പഞ്ചായത്തുകളിൽ നിന്നുളള അംഗങ്ങൾ, തങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അണക്കെട്ടുകൾ തുറക്കാൻ ഡാം സേഫ്റ്റി അതോറിറ്റി തയ്യാറായില്ലെന്ന് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

 

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook