ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ഡൽഹിയിലെ കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തി. സാധാരണ നിലയ്ക്കുള്ള സൗഹൃദ സന്ദർശനം ആണ് ഇതെന്ന് ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് പല മേഖലയിലും അക്രമങ്ങൾ വർദ്ധിച്ച് വരികയാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. സോഷ്യൽ മീഡിയയിലും പുറത്തും ശാരീരികമായ അക്രമങ്ങൾ വർദ്ധിക്കുകയാണ്. രാജ്യം അപകടകരരമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു ദീർഘകാല സൗഹൃദം മറ്റ് കക്ഷികൾ തമ്മിൽ ആവശ്യമാണെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചു.

മതനിരപേക്ഷ കക്ഷികളുടെ യോജിച്ച പ്രവർത്തനമാണ് ഇനി ആവശ്യമെന്നും, കോൺഗ്രസിന് ഇനി പ്രത്യേകിച്ച് ഒന്നും സാധിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം ബിജെപിയിലേക്ക് മാറുകയാണ്. ഈയൊരു സാഹചര്യത്തിൽ കോൺഗ്രസിനെ ആശ്രയിക്കുന്നതിൽ വലിയ കാര്യമില്ല. മറ്റ് മതേതര പാർട്ടികൾ യോജിച്ച് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും പിണറായി കൂട്ടിച്ചേർത്തു.

ഡൽഹിയിലെ സർക്കാരിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വിമർശിച്ച പിണറായി വിജയൻ, സംസ്ഥാനങ്ങളുടെ അധികാരത്തിന് മുകളിൽ കേന്ദ്രം അധികാരം ചെലുത്തുകയാണെന്ന് വിമർശിച്ചു. ഡൽഹിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരിനെ, ഒരു സംസ്ഥാന സർക്കാരായി പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ കോൺഗ്രസുമായി കൂട്ടുകൂടുന്ന കാര്യം ചർച്ച ചെയ്തിരുന്നു. ഇതിനെ ശക്തമായി കേരള ഘടകം എതിർത്തു. ബംഗാൾ ഘടകം ഈ നിർദ്ദേശവുമായി മുന്നോട്ട് പോയപ്പോൾ കേരള ഘടകം ഇതിനെ എതിർക്കുകയായിരുന്നു. ബിജെപിയെ നേരിടുന്നതിന് ഇതര മതേതര രാഷ്ട്രീയ കക്ഷികളുടെ യോജിച്ച പ്രവർത്തനം ആണ് ആവശ്യമെന്ന് കേരള ഘടകം ഇന്നലെ കേന്ദ്രകമ്മിറ്റിയിൽ നിലപാട് എടുത്തിരുന്നു.

ഇതര മതേതര പാർട്ടികളുമായി കൂട്ടുകൂടുന്നതിന്റെ ഭാഗമായാണ് ഡൽഹി മുഖ്യമന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനും സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ