ബെംഗളൂരു: കേരളത്തിലേക്ക് വന്ന സ്വാകര്യ ടൂറിസ്റ്റ് ബസ് ബെംഗളൂരുവിന് അടുത്തുവച്ച് റാഞ്ചി. വെളളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൈസൂര്‍ റോഡില്‍ ആര്‍വി കോളേജിനടുത്താണ് സംഭവം. പൊലീസുകാരാണെന്ന് അവകാശപ്പെട്ട് ബൈക്കിലെത്തിയ രണ്ട് പേര്‍ തിരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബസിനകത്ത് കയറിയത്.

കെഎ റജിസ്ട്രേഷനിലുളള കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ലാമാ ട്രാവല്‍സിന്റെ ബസാണിത്. KA 01AG636 എന്ന റജിസ്ട്രേഷന്‍ നമ്പറിലുളള ബസ് കലസിപാളയത്ത് നിന്ന് രാത്രി 9.45ഓടെയാണ് 42 യാത്രക്കാരുമായി പുറപ്പെട്ടത്. ബസില്‍ തിരച്ചില്‍ നടത്തണമെന്നും അടുത്തുളള ഗോഡൗണിലേക്ക് ബസ് എത്തിക്കണമെന്നും ഇവര്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.
‘പൊലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ ബസ് തടഞ്ഞത്. ഡ്രൈവറെ താഴെ ഇറക്കി ബസ് ഒരു ഗോഡൗണിലേക്ക് കൊണ്ടുപോവണമെന്ന് പറഞ്ഞു. അവിടെ എത്തി അവര്‍ ബസ് തടഞ്ഞുവച്ചു. ഒരാളേയും പോവാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. ആറെട്ട് പേര്‍ കൂടി ഗോഡൗണില്‍ എത്തി ഞങ്ങളെ തടഞ്ഞുവച്ചു. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ വേണ്ടത് ചെയ്തോളാന്‍ അക്രമിസംഘം പറഞ്ഞതായും യാത്രക്കാര്‍ വ്യക്തമാക്കി.

തുടര്‍ന്ന് യാത്രക്കാര്‍ പൊലീസിനെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. പൊലീസ് വരുന്നത് അറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ രാജരാജേശ്വരി പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ബലമായി തടഞ്ഞുവച്ചതിന് കേസെടുത്തിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു.

എന്നാല്‍ ബസിന്റെ ഉടമയും ഒരു ധനകാര്യ സ്ഥാപനവും തമ്മിലുളള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് ബസ് റാഞ്ചിയതെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക ഇടപാട് തീര്‍ക്കാത്തത് കാരണമാണ് അക്രമിസംഘം വണ്ടി തട്ടിയെടുത്ത് ഗോഡൗണിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന രാത്രി ബസുകള്‍ അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് ഹൈജാക്ക് ചെയ്ത സംഭവം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ