ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ‘നീതി ആയോഗ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് അഭിമാനമായ ഈ നേട്ടം. ആരോഗ്യമേഖലയിലെ വളര്‍ച്ചയെ അപഗ്രഥിച്ചുള്ള റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
23 സൂചികകളുടെ അടിസ്ഥാനത്തിലാണ് നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വലിയ സംസ്ഥാനങ്ങളില്‍ ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രകടന നിലവാരം ഉയര്‍ത്തിയ മൂന്ന് സംസ്ഥാനങ്ങള്‍.
Read Also: അടിയന്തരാവസ്ഥ; പ്രതിരോധ സ്വരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് നരേന്ദ്ര മോദി
ലോകബാങ്ക് സഹകരണത്തോടെയാണ് നീതി ആയോഗ് രാജ്യത്തെ ആരോഗ്യമേഖലയില്‍ പഠനം നടത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയും നിര്‍ദേശങ്ങള്‍ സ്വരൂപിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
‘ആരോഗ്യമുള്ള സംസ്ഥാനം, ഇന്ത്യ മുന്നോട്ട്’ എന്ന നീതി ആയോഗ് റിപ്പോര്‍ട്ട് വൈസ് ചെയര്‍മാന്‍ ഡോ.രാജീവ് കുമാറാണ് പ്രകാശനം ചെയ്തത്. കേരളം ഒന്നാമതും ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തും ഉള്ള റിപ്പോര്‍ട്ടില്‍ ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, പഞ്ചിമ ബംഗാള്‍, ഹരിയാന, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അസം, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ബിഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ഇടംപിടിച്ചിരിക്കുന്നത്.
Read Also: മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് കേന്ദ്രം; തട്ടിപ്പെന്ന് ചിദംബരം
നിപ ഭീതി കേരളത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ രംഗം പുലര്‍ത്തിയ ജാഗ്രതയും പ്രവര്‍ത്തനങ്ങളും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു.